കോഴിക്കോട്ടും വടകരയിലും ഭൂരിപക്ഷം ഒരു ലക്ഷം കടക്കണം; കോണ്‍ഗ്രസിന്റെ പദ്ധതി ഇങ്ങനെ
കോഴിക്കോട്: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ഒരു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംസ്ഥാന വ്യാപകമായി നടത്തുന്ന സംയുക്ത ജില്ലാ പര്യടനങ്ങളുടെ ഭാഗമായിട്ടായിരുന്നു കണ്‍വെന്‍ഷന്‍.
ജില്ലയിലെ ലോക്‌സഭാ മണ്ഡലങ്ങളായ കോഴിക്കോട്, വടകര എന്നിവിടങ്ങളിലാണ് ലക്ഷം ഭൂരിപക്ഷം എന്ന ലക്ഷ്യം കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ വെച്ചത്. നിലവില്‍ കോഴിക്കോട് മണ്ഡലത്തില്‍ എം വി രാഘവനും വടകര കെ മുരളീധരനുമാണ് പ്രതിനിധീകരിക്കുന്നത്. കണ്‍വന്‍ഷനില്‍ മാര്‍ഗരേഖ അവതരിപ്പിച്ച വി ഡി സതീശനാണ് രണ്ട് മണ്ഡലങ്ങളിലും ഭൂരിപക്ഷം സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
'നിങ്ങള്‍ മാത്രം വിചാരിച്ചാല്‍ മതി. ഈ ജില്ലയില്‍ വിസ്മയകരമായ വിജയം ഉറപ്പാക്കാനാകും,' അദ്ദേഹം പറഞ്ഞു. ബൂത്ത്, വാര്‍ഡ്, മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാര്‍, മണ്ഡലം, ബ്ലോക്ക്, ജില്ലാ ഭാരവാഹികള്‍, കെ പി സി സി അംഗങ്ങള്‍, സഹകരണ സംഘങ്ങളിലെ ഡയറക്ടര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, പോഷക സംഘടനയിലെ ബ്ലോക്ക് പ്രസിഡന്റുമാര്‍, ജില്ലാ, സംസ്ഥാന ഭാരവാഹികള്‍ എന്നിവരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ട്ടി പദവികള്‍ അലങ്കാരമായി കൊണ്ടുനടക്കാന്‍ അനുവദിക്കില്ലെന്ന് സതീശന്‍ മുന്നറിയിപ്പ് നല്‍കി. ഓരോ ഭാരവാഹികള്‍ക്ക് ഓരോ ചുമതല കൈമാറുമെന്നും അത് കൃത്യമായി നിറവേറ്റുന്നുണ്ടെന്ന് ഡി സി സി ഉറപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനം നടത്താത്ത ഭാരവാഹികളുടെ ഭാവി ഡി സി സി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കോണ്‍ഗ്രസിനെ ജനം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത് എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

'കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസിനേ കഴിയൂ. ജനങ്ങളും അങ്ങനെയാണ് വിശ്വസിക്കുന്നത്,' അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാകണം എന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. 15 മുതല്‍ 20 വരെ വീടുകള്‍ ചേര്‍ന്ന് സിയുസി രൂപീകരിച്ച് മാസത്തിലൊരിക്കല്‍ ഒരു വീട്ടില്‍ യോഗം ചേരണം എന്നും മണ്ഡലം പ്രസിഡന്റുമാര്‍ ഇതിനു തുടക്കം കുറിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം തനിക്കെതിരായ കേസുകളെല്ലാം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറായി കഴിഞ്ഞതായും ഒരു കേസിലും ചെറിയ കുറ്റം പോലും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.കേന്ദ്ര ഏജന്‍സികളൊന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാന്‍ തയാറല്ല എന്നും ബി ജെ പിയും അതിന് തയാറല്ല എന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. സി പി എം - ബി ജെ പി സന്ധിയാണ് ഇത് വ്യക്തമാക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications