തൃശൂരിൽ സുനിൽ കുമാർ തന്നെ, മാവേലിക്കരയിൽ അരുൺ കുമാറും; ലോക്സഭ തിരഞ്ഞെടുപ്പ് പോരിനൊരുങ്ങി സിപിഐ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വിഎസ് സുനിൽ കുമാറിനെ തന്നെ മത്സരിപ്പിക്കാൻ സി പി ഐ. തൃശൂർ തിരിച്ചുപിടിക്കണമെങ്കിൽ ഇവിടെ ജനകീയ മുഖം വേണമെന്ന ആലോചനയിലാണ് മണ്ഡലത്തിൽ സുനിൽ കുമാറിനെ പരിഗണിക്കുന്നത്. തൃശൂർ കൂടാതെ പാർട്ടി മത്സരിക്കുന്ന നാലിടത്തും ഇത്തവണയും ശക്തരായ സ്ഥാനാർത്ഥികളെ തന്നെ കളത്തിലിറക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
സുരേഷ് ഗോപിയിലൂടെ ബി ജെ പി വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തൃശൂർ. കോൺഗ്രസ് സിറ്റിംഗ് എംപി ടിഎൻ പ്രതാപനെ തന്നെയായിരിക്കും മത്സരിപ്പിക്കുക. ബി ജെ പി പ്രചരണം കൊഴുപ്പിച്ചതോടെ മണ്ഡലത്തിൽ പ്രതാപനും സജീവമായി തുടങ്ങി. ഇതോടെ കോൺഗ്രസ്-ബി ജെ പി പോരാട്ടം എന്ന നിലയിലായിരുന്നു കാര്യങ്ങൾ. അതിനിടയിലാണ് ശക്തമായ പോരാട്ടത്തിന് കളമൊരുക്കാൻ സുനിൽ കുമാറും മത്സരത്തിന് ഒരുങ്ങുന്നത്.

സുനിലിനെ മത്സരിപ്പിക്കണമെന്ന ആവശ്യം തുടക്കം മുതൽ തന്നെ പാർട്ടിയിൽ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റർ പ്രചരണം ആരംഭിച്ചിരുന്നു. എന്നാൽ പാർട്ടിയുടെയോ തന്റേയോ അറിവോടെയല്ല ഇതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അതേസമയം സുനിൽ കുമാർ കൂടി കളത്തിലിറങ്ങുന്നത് മണ്ഡലത്തിൽ മതേതര വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്നും സുരേഷ് ഗോപിക്ക് കാര്യങ്ങൾ അനുകൂലമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
അതിനിടെ സി പി ഐ മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ മാവേലിക്കരയിൽ എ ഐ വൈ എഫ് നേതാവ് അഡ്വ സി എ അരുൺ കുമാറിനെയാണ് നേതൃത്വം പരിഗണിക്കുന്നതെന്നാണ് സൂചന. അഖിലേന്ത്യാ ദളിത് റൈറ്റ് മൂവ്‌മെന്റിന്റെ ഭാരവാഹിയായ അരുണിനെ മുൻനിർത്തി മത്സരം കടുപ്പിക്കാനുള്ള അനൗദ്യോഗിക ശ്രമങ്ങൾ സി പി ഐ ആരംഭിച്ചിട്ടുണ്ട്.
അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കുക. തിരുവനന്തപുരത്ത് കോണഅഗ്രസ് നേതാവ് ശശി തരൂരിനെതിരെ പൊതു അംഗീകാരമുള്ള നേതാവിനെയാണ് സി പി ഐ തേടുന്നത്. നാലാം അങ്കത്തിനാണ് തരൂർ ഇവിടെ തയ്യാറെടുക്കുന്നത്. തരൂരിന്റെ വരവോടെയാണ് മണ്ഡലം സി പി ഐയുടെ കൈയ്യിൽ നിന്നും നഷ്ടമായത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു പാർട്ടി. 2019 ൽ രണ്ടാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരത്ത് ബി ജെ പി പരിഗണിക്കുന്നത് ദേശീയ മുഖങ്ങളെയാണെന്ന അഭ്യൂഹം ഉണ്ട്.












Click it and Unblock the Notifications