Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിയുറച്ച ചെങ്കോട്ട... പക്ഷെ ജയം കൂടുതല്‍ കോണ്‍ഗ്രസിന്..! വടകരയുടെ തിരഞ്ഞെടുപ്പ് ചരിത്രം

ഉറച്ച എല്‍ഡിഎഫ് കോട്ട, പക്ഷെ ഏത് നിമിഷവും യുഡിഎഫിന് കൈക്കലാക്കാം. വടകര ലോക്‌സഭാ മണ്ഡലത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കണ്ണൂര്‍ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം. സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലം കൂടിയാണ് ഇത്.

നിലവില്‍ കോണ്‍ഗ്രസിന്റെ കെ മുരളീധരനാണ് വടകര ലോക്‌സഭാ മണ്ഡലത്തിലെ എംപി. എന്നാല്‍ വടകരക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസിന് സീറ്റില്ല. ഇതില്‍ നിന്ന് തന്നെ വ്യക്തമാകും മണ്ഡലത്തിലെ വോട്ടര്‍മാരുടെ അപ്രവചനീയത. അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മും ഒരിടത്ത് ആര്‍എംപിയും ഒരിടത്ത് എല്‍ജെഡിയുമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

2024 LOKSABHA ELECTION

2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ആര്‍എംപി സ്ഥാപക നേതാവ് ടിപി ചന്ദ്രശേഖരന്‍ ഫാക്ടര്‍ മണ്ഡലത്തിലെ വോട്ട് നിര്‍ണയിക്കുന്നതില്‍ പ്രധാനഘടകമാണ്. 15 വര്‍ഷമായി എല്‍ഡിഎഫിന് അന്യമാണ് വടകര ലോക്‌സഭാ മണ്ഡലം. 2004 ല്‍ പി സതീദേവിയെ വിജയിപ്പിച്ച് പാര്‍ലമെന്റിലേക്ക് അയച്ചതിന് ശേഷം പിന്നീട് ഇടതിനെ അനുഗ്രഹിച്ചിട്ടില്ല വടകരയിലെ വോട്ടര്‍മാര്‍. ബിജെപിക്ക് ഒരു ലക്ഷത്തില്‍ കൂടുതല്‍ വോട്ട് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത മണ്ഡലം കൂടിയാണ് ഇത്.

2019 ല്‍ കെ മുരളീധരനും പി ജയരാജനും തമ്മിലായിരുന്നു പോരാട്ടം. അന്ന് 84663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുരളീധരന്‍ ജയിച്ചത്. ആര്‍എംപിയെ കൂടാതെ മുസ്ലീം ലീഗും മണ്ഡലത്തിലെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാനിയാണ്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വടകര.

1957 ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കെബി മേനോനാണ് വടകരയെ പ്രതിനിധീകരിച്ച് ആദ്യമായി ലോക്‌സഭയില്‍ എത്തിയത്. 1971 ല്‍ കെപി ഉണ്ണികൃഷ്ണനിലൂടേയാണ് ആദ്യമായി കോണ്‍ഗ്രസ് മണ്ഡലം പിടിക്കുന്നത്. 77 ലും ഉണ്ണികൃഷ്ണന്‍ തന്നെ ജയിച്ചു. 1980 ല്‍ കോണ്‍ഗ്രസ് (യു), 1984 ല്‍ കോണ്‍ഗ്രസ് (എസ്), 1989 ലും 1991 ലും ഐഎന്‍എസ് (എസ്‌സിഎസ്) എന്നീ ലേബലിലും കെപി ഉണ്ണികൃഷ്ണന്‍ തന്നെ ജയിച്ചു.

വടകര മണ്ഡലത്തില്‍ എന്നല്ല കേരളത്തിലെ തന്നെ ഒരു ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി വിജയിച്ചതിന്റെ റെക്കോഡ് ഇതുവഴി കെപി ഉണ്ണികൃഷ്ണന്‍ സ്വന്തമാക്കുകയും ചെയ്തു. 1996 ലും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ കെപി ഉണ്ണികൃഷ്ണന്‍ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി. എന്നാല്‍ ആ തവണയാണ് ആദ്യമായി സിപിഎം മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്.

ഒ ഭരതനിലൂടെ സിപിഎം ഉണ്ണികൃഷ്ണന്റെ റെക്കോഡ് തേരോട്ടം അവസാനിപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. പിന്നീട് 2004 ലെ തിരഞ്ഞെടുപ്പ് വരെ സിപിഎമ്മിന്റെ കൈയില്‍ ഭദ്രമായിരുന്നു വടകര. എന്‍കെ പ്രേമജം, സതീദേവി എന്നീ സിപിഎം നേതാക്കളെ വടകരയിലെ വോട്ടര്‍മാര്‍ ജയിപ്പിച്ച് വിട്ടു. 2004-ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 1,30,583 വോട്ടാണ് സതീദേവിക്ക് ലഭിച്ചത്.

എന്നാല്‍ അതിന് ശേഷം മണ്ഡലത്തിലെ സിപിഎമ്മിന്റെ അടിത്തറ തകരാന്‍ തുടങ്ങി. വിഎസ് - പിണറായി പോര് സിപിഎമ്മില്‍ ഉടലെടുത്ത സമയമായിരുന്നു അത്. സിപിഎമ്മിന്റെ നയവ്യതിയാനം ചൂണ്ടിക്കാട്ടി വിഎസ് പാര്‍ട്ടിക്കുള്ളില്‍ നടത്തിയ പോര് വടകരയില്‍ ശക്തമായി തന്നെ പ്രതിഫലിച്ചു. ജില്ലയിലെ തന്നെ സിപിഎമ്മിന്റെ പ്രധാനനേതാക്കളായ ടി പി ചന്ദ്രശേഖരനും വേണുവും പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്നു.

ഒഞ്ചിയം അടക്കം പാര്‍ട്ടിക്ക് വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ആര്‍എംപി എന്ന പുതിയ പാര്‍ട്ടി ശക്തിപ്പെടാന്‍ തുടങ്ങി. വിഎസ് അനുകൂല നിലപാട് മുറുകെ പിടിച്ച നേതാക്കളായിരുന്നു ആര്‍എംപിയുടെ രൂപീകരണത്തിന് പിന്നില്‍. സിപിഎമ്മിന്റെ വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര്‍എംപിക്ക് സാധിച്ചു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനായി സിറ്റിംഗ് എംപി സതീദേവി തന്നെ കളത്തിലിറങ്ങി.

കോണ്‍ഗ്രസ് മുല്ലപ്പള്ളി രാമചന്ദ്രനെയാണ് മത്സരിപ്പിച്ചത്. ആര്‍എംപിക്കായി സാക്ഷാല്‍ ടിപി ചന്ദ്രശേഖരന്‍ തന്നെ മത്സരിക്കാനിറങ്ങി. 56186 വോട്ടിനാണ് മുല്ലപ്പള്ളി ആ മത്സരത്തില്‍ വിജയിച്ചത്. ടിപി ചന്ദ്രശേഖരന്‍ 21833 വോട്ടാണ് പിടിച്ചത്. 2012 ല്‍ ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുകയും പ്രതിസ്ഥാനത്ത് സിപിഎം നേതാക്കള്‍ അടക്കമുള്ളവര്‍ എത്തുകയും ചെയ്തതോടെ സിപിഎം വീണ്ടും പ്രതിരോധത്തിലായി.

എന്നാല്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു കണ്ടത്. സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രനെ തന്നെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. എഎന്‍ ഷംസീറായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി. ബിജെപി, ആം ആദ്മി, എസ്ഡിപിഐ എന്നിവര്‍ കൂടി മത്സരിച്ച ആ തിരഞ്ഞെടുപ്പ് പക്ഷെ അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ബലപരീക്ഷണമായി.

അഞ്ച് വര്‍ഷം മുന്‍പ് അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മുല്ലപ്പള്ളിയെ 3000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് ഒതുക്കാന്‍ ഷംസീറിന് സാധിച്ചു. ടിപി വധത്തിന് രണ്ട് വര്‍ഷം ശേഷം നടന്ന തിരഞ്ഞെടുപ്പ് എന്ന പ്രതികൂല സാഹചര്യത്തിലും സിപിഎം അടിത്തറ തിരിച്ചുപിടിച്ച കാഴ്ചയായിരുന്നു അന്ന് കണ്ടത്. മുല്ലപ്പള്ളിക്ക് 416479 വോട്ട് ലഭിച്ചപ്പോള്‍ ഷംസീര്‍ നേടിയത് 413173 വോട്ടാണ്.

2019 ല്‍ ഈ നേരിയ ഭൂരിപക്ഷം മറികടക്കാം എന്ന സിപിഎം പ്രതീക്ഷ പക്ഷെ വിലപ്പോയില്ല. രാഹുല്‍ ഗാന്ധി ഫാക്ടര്‍ സംസ്ഥാനത്താകെ അലയടിച്ചപ്പോള്‍ വടകരയും അതിനൊപ്പം നിന്നു. പി ജയരാജന്‍ എന്ന കരുത്തനായ സ്ഥാനാര്‍ത്ഥിയെ മുരളീധരന്‍ തോല്‍പ്പിച്ചത് 80000 ത്തിലേറെ വോട്ടിനാണ്. ഇത്തവണയും കെ മുരളീധരന്‍ തന്നെയായിരിക്കും യുഡിഎഫിനായി മത്സരിക്കുക.

മുസ്ലിം ലീഗിന്റെയും ആര്‍എംപിയുടേയും അടിയുറച്ച പിന്തുണയുണ്ടായിരുന്നു വടകരയില്‍ മുരളീധരന്. ഇത്തവണയും അതുണ്ടാകും എന്നുറപ്പാണ്. എല്‍ഡിഎഫിനായി മട്ടന്നൂര്‍ എംഎല്‍എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെകെ ശൈലജയാണ് മത്സരിക്കുന്നത്. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലം എന്നതിനാലും ആരോഗ്യമന്ത്രി എന്ന നിലയിലെ മികച്ച പ്രവര്‍ത്തനവും ശൈലജക്ക് അനുകൂലമാകും.

നിപ ബാധയുടെ സമയത്ത് പേരാമ്പ്രയില്‍ നേരിട്ടെത്തി കാര്യങ്ങള്‍ നിയന്ത്രിച്ചതിനാലും കണ്ണൂരൂകാരിയായതിനാലും വടകരയിലെ വോട്ടര്‍മാര്‍ക്ക് അന്യയല്ല ശൈലജ. എന്‍ഡിഎക്കായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണയാണ് മത്സരിക്കുന്നത്. ബിജെപിക്ക് ഇത്തവണയെങ്കിലും ഒരു ലക്ഷം വോട്ടെങ്കിലും മണ്ഡലത്തില്‍ നേടിക്കൊടുക്കുക എന്നതായിരിക്കും പ്രഫുല്‍ കൃഷ്ണയുടെ പ്രഥമ ഉത്തരവാദിത്തം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+