Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകര ഫലം 2024: ഷാഫിയുടെ മുന്നേറ്റം, ശൈലജയുടെ ആദ്യ പ്രതികരണം ഇങ്ങനെ

കണ്ണൂര്‍: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വ്യക്തമായ മേധാവിത്വം തുടരുന്നതിനിടെ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. സംസ്ഥാനത്താകെ യു ഡി എഫിന് അനുകൂലമായ ട്രെന്‍ഡാണ് ഉള്ളത് എന്ന് കെ കെ ശൈലജ പറഞ്ഞു. അതിന്റെ പ്രതിഫലനം വടകരയിലും കാണാമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ശൈലജയുടെ പ്രതികരണം.

2019 ലേതിന് സമാനമായ സാഹചര്യമാണ് കേരളത്തില്‍ ഉള്ളത് എന്ന് ശൈലജ ചൂണ്ടിക്കാട്ടി. ആലത്തൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ യു ഡി എഫിന് അനുകൂലമായിട്ടാണ് ജനവിധി കാണുന്നത് എന്നും ആ കൂട്ടത്തില്‍ വടകരയില്‍ ഷാഫി പറമ്പില്‍ മുന്നിലാണ് എന്നും ശൈലജ പറഞ്ഞു. ആ നില തുടരാനാണ് സാധ്യതയെന്നാണ് തനിക്ക് തോന്നുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2024 LOKSABHA ELECTION

ഇനിയും കുറേ റൗണ്ട് വോട്ടുകള്‍ എണ്ണാനുണ്ട് എന്നും എന്നാല്‍ ട്രെന്‍ഡ് 2019ലേതിന് സമാനമാണ് എന്നും കെ കെ ശൈലജ വ്യക്തമാക്കി. വോട്ടെണ്ണലിന്റെ നാലാം മണിക്കൂര്‍ പിന്നിടുമ്പോള്‍ 50000 ത്തിനോട് അടുത്ത് ഷാഫി പറമ്പിലിന് ലീഡ് വന്നിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് വടകര. സിറ്റിംഗ് എം പിയായ കെ മുരളീധരനെ മാറ്റി യുവനേതാവായ ഷാഫി പറമ്പിലിനെ കോണ്‍ഗ്രസ് അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചത്.

ഇതോടെ സംസ്ഥാനത്ത് സിറ്റിംഗ് എം എല്‍ എമാര്‍ പരസ്പരം മത്സരിക്കുന്നു എന്ന കൗതുകവും വടകര മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് കൈവന്നിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി വടകര മണ്ഡലം യുഡിഎഫിനൊപ്പമാണ് നിലകൊള്ളുന്നത്. ഇത് തിരിച്ചുപിടിക്കണം എന്ന വാശിയോടെയാണ് സംസ്ഥാനത്തെ ജനകീയ നേതാവായ ശൈലജയെ തന്നെ സിപിഎം നിയോഗിച്ചതും. എന്നാല്‍ അത് ഫലം കണ്ടില്ല എന്നാണ് വ്യക്തമാകുന്നത്.

2024 loksabha election

വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതിയുളവാക്കിയെങ്കിലും പിന്നീട് വ്യക്തമായ ലീഡാണ് ഷാഫി പറമ്പില്‍ നിലനിര്‍ത്തിയത്. സിപിഎമ്മിന്റെ ഉറച്ച കോട്ടയായ തലശ്ശേരിയിലും കൂത്തുപറമ്പിലും അടക്കം ഷാഫി പറമ്പില്‍ ലീഡ് നേടിയതായാണ് വിവരം. അതേസമയം വടകര ഷാഫി ഉറപ്പിക്കുന്നതോടൊപ്പം പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും എന്ന് വ്യക്തമായിരിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേരള രാഷ്ട്രീയം പാലക്കാടിലേക്ക് കേന്ദ്രീകരിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ഇ ശ്രീധരനെ നേരിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് ഷാഫി ജയിച്ചത്. അതിനാല്‍ തന്നെ രാജഗോപാലിന് ശേഷം ഒരു എംഎല്‍എ ബിജെപിക്കുണ്ടാകുമോ എന്നായിരിക്കും ഉപതിരഞ്ഞെടുപ്പിലെ ചര്‍ച്ചാ വിഷയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+