'ഞങ്ങൾ സിപിഎമ്മുകാരാണ്'; ബിജെപി ബന്ധം നിഷേധിച്ച ടിഎൻ സരസു, ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയെ അറിയാം
പാലക്കാട്: ഒടുവിൽ ആലത്തൂരിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ബി ജെ പി. പാലക്കാട് വിക്ടോറിയ കോളേജിൽ എസ് എഫ് ഐ പ്രവർത്തകർ പ്രതീകാത്മക ചിതയൊരുക്കി യാത്രയപ്പ് നൽകിയ പ്രിൻസിപ്പൽ ഡോ ടി എൻ സരസു ആണ് സ്ഥാനാർത്ഥി. താൻ കുടുംബപരമായി സി പി എമ്മുകാരിയാണെന്നായിരുന്നു അന്ന് സരസു പറഞ്ഞത്.
സരസ ടീച്ചര്‍ വിരമിച്ച വേളയില്‍ വിദ്യാർഥികൾ കോളേജില്‍ പ്രതീകാത്മക ശവക്കല്ലറയൊരുക്കി റീത്ത് വെച്ചിരുന്നു.വിദ്യാര്‍ത്ഥിസംഘടനയായ എസ് എഫ് ഐയാണ് ഇത് ചെയ്തതെന്നും ഇടത് സംഘടനയിലെ അദ്ധ്യാപകരാണ് ഇതിന് പിന്നിലെന്നും അന്ന് സരസു ആരോപിച്ചിരുന്നു. സംഭവത്തിൽ 4 എസ് എഫ് ഐ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

15 വിദ്യാർത്ഥികൾക്കെതിരെ അന്ന് കേസ് ഉണ്ടായിരുന്നു. അന്ന് കോടതി എല്ലാവരേയും വെറുതെ വിട്ടു. പ്രിൻസിപ്പലിനോട് ആശയപരമായി വിയോജിപ്പുണ്ടെന്നും എന്നാൽ കുഴിമാടം തീർത്തത് എസ് എഫ് ഐ അല്ലെന്നുമായിരുന്നു അന്ന് എസ് എഫ് ഐ വിശദീകരിച്ചത്. മാത്രമല്ല സരസുവിന് ബി ജെ പിയുമായി ബന്ധമുണ്ടെന്നും അന്ന് എസ് എഫ് ആരോപിച്ചിരുന്നു. എന്നാൽ എസ് എഫ് ഐയുടെ ആരോപണം അന്ന് സരസു എതിർത്തു.
തന്നെ കാണാൻ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി വന്നിരുന്നു എന്നതല്ലാതെ തനിക്ക് ബി ജെ പിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്ന് സരസു പ്രതികരിച്ചത്. 'ഞങ്ങൾ കുടുംബമായിട്ട് സി പി എമ്മുകാരാണ്. എന്റെ ഭർത്താവ് അജയകുമാർ സിപിഎമ്മിൽ ഇപ്പോഴും പ്രവർത്തിക്കുന്നയാളാണ്', എന്നായിരുന്നു അവർ പറഞ്ഞത്.
അതേസമയം ഇടത് കോട്ടയായ ആലത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ യു ഡി എഫ് അട്ടിമറി വിജയം നേടിയ മണ്ഡലമായിരുന്നു ആലത്തൂർ. 1,58,968 വോട്ടുകളായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസ് നേടിയത്. അന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായ പി കെ ബിജുവിന് 3,74,847 വോട്ടുകളാണ് ലഭിച്ചത്. എൽ ഡി എഫിനായി കെ രാധാകൃഷ്ണനാണ് മത്സരത്തിന് ഇറങ്ങുന്നത്. യു ഡി എഫിന് വേണ്ടി സിറ്റിങ് എം പി രമ്യ ഹരിദാസാണ് മത്സരിക്കുന്നത്. മന്ത്രി എന്ന നിലയിൽ രാധാകൃഷ്ണനുള്ള ജന പിന്തുണയും ചിട്ടയായ പ്രചരണവും മണ്ഡലം തിരികെ പിടിക്കാൻ സഹായിക്കുമെന്നാണ് എൽ ഡി എഫ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications