പൊന്നാനിയുടെ രാഷ്ട്രീയ ചരിത്രം തിരുത്തപ്പെടാന്‍ പോകുകയാണ്: വലിയ പിന്തുണയെന്നും കെഎസ് ഹംസ
1971 ന് ശേഷം ഇന്നുവരെ ഇടതുപക്ഷത്തിന് വിജയിച്ച് കയറാന്‍ സാധിക്കാത്ത മണ്ഡലമാണ് പൊന്നാനി. 2004 ല്‍ കേരളത്തിലെ ഇരുപതില്‍ പത്തൊന്‍പത് മണ്ഡലങ്ങളും ഇടതുപക്ഷം പിടിച്ചപ്പോഴും യു ഡി എഫിന് ആശ്വാസമായി നിന്നത് പൊന്നാനിയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1977 മുതല്‍ മണ്ഡലത്തില്‍ വിജയിക്കുന്നത് മുസ്ലിം ലീഗ് സ്ഥാനാർത്ഥി മാത്രമാണ്.
ഇത്തവണയെങ്കിലും മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാന്‍ സാധിക്കുമോയെന്നാണ് ഇടതുപക്ഷം ഉറ്റുനോക്കുന്നത്. അതിനായി അവർ രംഗത്ത് ഇറക്കിയതാവട്ടെ മുസ്ലിം ലീഗ് നേതാവായിരുന്ന കെഎസ് ഹംസയേയും. ഇടതു സ്ഥാനാർത്ഥി നിരയിലെ ഏക അപ്രതീക്ഷിത മുഖവും അദ്ദേഹമായിരുന്നു. ലീഗിന്റെ ശക്തമായ കോട്ടയാണെങ്കിലും ഇത്തവണ പൊന്നാനി ചരിത്രം തിരുത്തുമെന്നാണ് കെഎസ് ഹംസ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്. പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി വണ്‍ഇന്ത്യ മലയാളത്തോട് സംസിരിക്കുന്നു..

ലീഗുകാരുടേയും പിന്തുണ
സ്ഥാനാർത്ഥി പ്രചരണത്തിന്റെ ആദ്യ ദിനം മുതല്‍ തന്നെ മണ്ഡലത്തിലെ വോട്ടർമാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ഭേദമന്യേ ആളുകളില്‍ നിന്നും പിന്തുണ ലഭിക്കുന്നത്. അതില്‍ ഇടതുമുന്നണിയില്‍ ഉള്‍പ്പെട്ടവർ മാത്രമല്ല. കോണ്‍ഗ്രസുകാരും ലീഗുകാരുമൊക്കെയുണ്ട്. ഒരാള്‍പോലും തനിക്കെതിരായി മുഖം തിരിച്ച് നിന്നില്ലെന്നതാണ് ശ്രദ്ധേയം. പ്രചരണത്തിനായി എത്തുന്ന എല്ലായിടത്തും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇതെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകർക്കും എനിക്കും വലിയ പ്രതീക്ഷയും ആവേശവുമാണ് നല്‍കുന്നത്.
ലീഗിന്റെ ശക്തികേന്ദ്രം ആയതുകൊണ്ടു തന്നെയായിരിക്കണം പൊന്നാനി മണ്ഡലത്തില്‍ എന്നെ സ്ഥാനാർത്ഥിയാക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചത്. ലീഗില്‍ വളരെ ശക്തമായ ഒരു പാരമ്പര്യമുള്ള നേതാവായിരുന്നു ഞാന്‍. എട്ട്-പത്ത് കൊല്ലത്തോളം പാർട്ടിയുടെ സംഘടന ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയായിരുന്നു. ജില്ലാ ഭാരവാഹിയുടെ ചുമതല വഹിച്ചിരുന്നു. ഈ ബന്ധങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തേക്കുമെന്ന വിലയിരുത്തല്‍ ഇടതുപക്ഷത്തിന് ഉണ്ടായിരുന്നിരിക്കാം. അതുകൊണ്ടായിരിക്കും സ്ഥാനാർത്ഥിത്വം എന്നിലേക്ക് എത്തിയത്.
പൊന്നാനിയുടെ രാഷ്ട്രീയം തിരുത്തപ്പെടും
പൊന്നായില്‍ ഞാന്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായതിന് പിന്നാലെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് വന്ന ലീഗുകാർ ഉണ്ട്. അതിന് പുറമെ ഒട്ടനവധി ആളുകള്‍ രഹസ്യമായി ബന്ധപ്പെട്ട് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇത് എല്ലാം തന്നെ വോട്ടായി മാറും എന്നതില്‍ സംശയമില്ല. ഇത്തവണ പൊന്നാനിയുടെ രാഷ്ട്രീയം തിരുത്തപ്പെടാന്‍ പോകുകയാണ്. അതിനായുള്ള കാത്തിരിപ്പിലാണ് വോട്ടർമാർ.
സംസ്ഥാനത്തെ വിഷയങ്ങളേക്കാള്‍ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് ഇത്. മതനിരപേക്ഷതയും രാജ്യത്തെ മതേതര, ജനാധിപത്യ, സാഹോദര്യ സാഹചര്യങ്ങളുമെല്ലാം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്ത് നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. ആ തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. മതനിരപേക്ഷതയില്‍ ഊന്നി നില്‍കുന്ന വിഭാഗങ്ങള്‍ക്ക് മാത്രമേ ഇത്തരം ഘട്ടങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സാധിക്കുകയുള്ളു.

കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് എന്താണ്
കഴിഞ്ഞ കുറച്ച് കാലങ്ങളായി രാജ്യത്തിന്റെ മതേതര നിലനില്‍പ്പിന് തന്നെ ഭീഷണി ഉയർത്തുന്ന പല സംഭവങ്ങളും നമ്മള്‍ കണ്ടു. അത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് എന്താണ്? അഴകൊഴമ്പന്‍ നിലപാടുകളാണ് പല കാര്യങ്ങളിലും സ്വീകരിച്ചത്. നേരെ മറിച്ച് ഇടതുപക്ഷം സ്വീകരിച്ച നയമെന്തായിരുന്നു? തങ്ങളുടെ നിലപാടുകള്‍ അവർ ഉറക്കെ പറഞ്ഞു. അതിന്റെ ഗുണഭോക്താക്കള്‍ ന്യൂനപക്ഷമാണോ മുസ്ലിങ്ങളാണോ എന്ന് നോക്കിയല്ല അവർ നിലപാട് സ്വീകരിച്ചത്. നീതിയില്‍ അധിഷ്ഠിതമായ നിലപാടായിരുന്നു അവർ സ്വീകരിച്ചത്. അതുകൊണ്ട് തന്നെയാണ് അവർ ശരിപക്ഷമായി വിലയിരുത്തപ്പെടുന്നത്.
സമസ്തയുടെ സ്ഥാനാർത്ഥി മാത്രമല്ല
സമസ്തയുടെ സ്ഥാനാർത്ഥി എന്നത് ആരോപണമാണോ ആരോഹണമാണോ എന്ന് ഞാന്‍ പറയുന്നില്ല. എന്തായാലും സമസ്ത അടക്കുള്ള എല്ലാവിധ സംഘടനകളുടേയും പിന്തുണ എനിക്കുണ്ട്. അതില്‍ രണ്ട് വിഭാഗം സുന്നികളും മുജാഹിദ് വിഭാഗങ്ങളും മറ്റ് സാംസ്കാരിക വിഭാഗങ്ങളുമുണ്ട്. അതിലേക്ക് സമസ്തയുടെ പേര് മാത്രം കൊണ്ടുവരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. സമസ്ത ഒരു പണ്ഡിത സഭയാണ് അതിന് അതിന്റേതായ പ്രവർത്തന മേഖല വേറെയുണ്ട്.
മച്ചിപ്പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടിയാല്‍
മച്ചിപ്പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്നത് പോലെയാണ് ലീഗ് സ്ഥാനാർത്ഥികളുടെ മണ്ഡലം മാറ്റിയത്. അതിന് അപ്പുറം ഒന്നും സംഭവിക്കില്ല. അതിന് അപ്പുറം എന്റെ സ്ഥാനാർത്ഥിത്വം വന്നപ്പോഴുണ്ടായ ചെറിയ ഭയമുണ്ട്. ഒപ്പമുണ്ടായിരുന്ന ആള്‍ മറുചേരിയില്‍ നിന്നും പോരാടുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ഭയത്തില്‍ നിന്നും അവർ സൂക്ഷമത പാലിക്കുന്നതാവാം.












Click it and Unblock the Notifications