കര്‍ണാടകയിലെ ബിജെപിയുടെ പോസ്റ്ററില്‍ മാത്യു ടി തോമസും കെ കൃഷ്ണന്‍ കുട്ടിയും; വ്യാജമെന്ന് നേതാക്കള്‍
തിരുവനന്തപുരം: കര്‍ണാടകയിലെ ബി ജെ പിയുടെ പോസ്റ്ററില്‍ കേരളത്തിലെ എല്‍ ഡി എഫ് നേതാക്കളായ മാത്യു ടി തോമസിന്റേയും കെ കൃഷ്ണന്‍ കുട്ടിയുടെയും ചിത്രങ്ങള്‍. ജെ ഡി എസ് സംസ്ഥാന അധ്യക്ഷനാണ് മാത്യു ടി തോമസ്. കെ കൃഷ്ണന്‍ കുട്ടി സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് മന്ത്രിയാണ്. പോസ്റ്റര്‍ പുറത്ത് വന്നതോടെ എല്‍ഡിഎഫ്-ബിജെപി ബാന്ധവം എന്ന് പറഞ്ഞ് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ പോസ്റ്റര്‍ വ്യാജമായി നിര്‍മ്മിച്ചതാണ് എന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. എന്‍ ഡി എയുമായുള്ള ബന്ധം പണ്ടേ ഉപേക്ഷിച്ചതാണ് എന്നും കേരളത്തില്‍ ജെ ഡി എസ് ഇടത് മുന്നണിക്കൊപ്പമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ പോസ്റ്റര്‍ ഇറക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കമെന്നും മന്ത്രി പറഞ്ഞു. ഇന്ന് തന്നെ ഡിജിപിക്ക് പരാതി നല്‍കും. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തന്റേയും കെ കൃഷ്ണന്‍കുട്ടിയുടെയും ചിത്രങ്ങള്‍ വച്ച് പോസ്റ്റര്‍ അടിച്ചാല്‍ കര്‍ണാടകയില്‍ വോട്ട് കിട്ടുമെന്ന് കരുതുന്നില്ല എന്നും കേരളത്തിലെ ജനതാദള്‍ (എസ് ) ഇടതുമുന്നണിക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു റൂറല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥിയും ഹൃദ്രോഗ വിദഗ്ധനുമായ ഡോ. സി എന്‍ മഞ്ജുനാഥിന് വോട്ടഭ്യര്‍ഥിക്കുന്ന പോസ്റ്ററിലാണ് കേരള നേതാക്കളുടെ ചിത്രവും ഇടംപിടിച്ചത്.
ജെ ഡി എസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പമാണ് കൃഷ്ണന്‍കുട്ടിയെയും മാത്യു ടി തോമസിനെയും ഉള്‍പ്പെടുത്തിയത്. ഇരുവരും നിലവില്‍ ജെ ഡി എസ് ദേശീയ നിര്‍വാഹക സമിതി അംഗങ്ങളാണ്. നേരത്തെ ബി ജെ പി സഖ്യത്തില്‍ ചേരാനുള്ള പാര്‍ട്ടി തലവന്‍ ദേവഗൗഡയുടെ ഏകപക്ഷീയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജെ ഡി എസ് കേരള ഘടകം ദേശീയ കമ്മിറ്റിയില്‍ നിന്ന് വിട്ടിനിന്നിരുന്നു.
ഇതിനിടെ സമാന്തര നീക്കം നടത്തിയ ദേശീയ ജനറല്‍ സെക്രട്ടറി സി കെ നാണു അടക്കമുള്ളവരെ പുറത്താക്കിയ ദേവഗൗഡ, മാത്യു ടി തോമസും കൃഷ്ണന്‍ കുട്ടിയുമടങ്ങുന്ന കേരള ഘടകത്തെ പാര്‍ട്ടിയുടെ ഭാഗമായി നിലനിര്‍ത്തുകയും ചെയ്തു. കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ പെടാതിരിക്കാന്‍ കൃഷ്ണന്‍കുട്ടി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതുമില്ല. ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് കേരള ഘടകം സ്വതന്ത്രമായി നില്‍ക്കുകയാണ്.
എന്നാല്‍ ദേശീയ ഭാരവാഹിത്വം മാത്യു ടി. തോമസും കൃഷ്ണന്‍കുട്ടിയും ഉപേക്ഷിച്ചിട്ടില്ല. ഡോ. സി.എന്‍. മഞ്ജുനാഥ് എച്ച്.ഡി. ദേവഗൗഡയുടെ മരുമകന്‍ കൂടിയാണ്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ. സുരേഷാണ് ബെംഗളൂരു റൂറലില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications