കെഎം ഷാജി പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി? ചര്‍ച്ചകള്‍ സജീവം, ഇടി മണ്ഡലം മാറും
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് മുസ്ലീം ലീഗ്. മുസ്ലീം ലീഗിന്റെ രണ്ട് സീറ്റിലും ഇത്തവണ മാറ്റമുണ്ടാകും എന്നാണ് സൂചന. പതിവ് പോലെ രണ്ട് സീറ്റില്‍ തന്നെയായിരിക്കും ഇത്തവണയും മുസ്ലീം ലീഗ് മത്സരിക്കുക. പൊന്നാനിയും മലപ്പുറവും ആണ് മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റുകള്‍.
പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് അബ്ദുസമദ് സമദാനിയുമാണ് എം പിമാര്‍. 2024 ലെ തിരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനി മത്സരിക്കുന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. ഇ ടി മുഹമ്മദ് ബഷീറിന് ഒരു ടേം കൂടി നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊന്നാനിയില്‍ നിന്ന് ഇ ടി മാറിയേക്കും എന്നാണ് വിവരം. സമദാനി മത്സരിക്കുന്നില്ലെങ്കില്‍ മലപ്പുറത്തേക്ക് ഇ ടി മുഹമ്മദ് ബഷീര്‍ മാറിയേക്കും.

ഈ സാഹചര്യത്തില്‍ പൊന്നാനിയിലേക്ക് മുന്‍ എം എല്‍ എ കെ എം ഷാജി എത്തിയേക്കും എന്നാണ് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുസ്‌ലിം ലീഗിലെ ആഭ്യന്തര രാഷ്ട്രീയ സമവാക്യങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ കെ എം ഷാജി പൊന്നാനിയില്‍ മത്സരിക്കുന്നതിനെ രാഷ്ട്രീയ കേരളവും ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. പൊന്നാനി സീറ്റില്‍ ഇത്തവണ സി പി എമ്മിന്റെ ഭാഗത്ത് നിന്ന് കടുത്ത വെല്ലുവിളി ഉയരും എന്ന് മുസ്ലീം ലീഗ് കണക്കുകൂട്ടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണം എന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ പൊതുവികാരമുണ്ട്. നിലവില്‍ കെ എം ഷാജി മുസ്ലീം ലീഗിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ്. സി പി എമ്മിന്റെ നിശിത വിമര്‍ശകനായ കെ എം ഷാജി പൊന്നാനിയിലേക്കെത്തിയാല്‍ മത്സരം തീപാറുമെന്നുറപ്പാണ്. തനിക്കെതിരായ കേസുകളില്‍ അനുകൂല വിധി സമ്പാദിക്കാനായതും കെ എം ഷാജിക്ക് നേട്ടമാണ്.
അതേസമയം കെ എം ഷാജി ഇതിനോട് അനുകൂല നിലപാട് സ്വീകരിക്കുമോ എന്നതാണ് പ്രധാനം. സംസ്ഥാന നേതൃത്വത്തിന്റെ പലതീരുമാനങ്ങളോടും പരസ്യമായി വിമുഖത പ്രകടിപ്പിച്ചിട്ടുള്ളയാളാണ് കെ എം ഷാജി. അതിനാല്‍ ദല്‍ഹിയിലേക്ക് മാറ്റി നിര്‍ത്താനുള്ള നീക്കമാണോ ലോക്‌സഭയില്‍ മത്സരിപ്പിക്കുന്നതിലൂടെ പാര്‍ട്ടി ഉദ്ദേശിക്കുന്നത് എന്നും വ്യക്തമല്ല. ഏതായാലും പൊന്നാനിയില്‍ മത്സരിക്കാന്‍ കെ എം ഷാജിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട് എന്നാണ് വിവരം.












Click it and Unblock the Notifications