പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍; ഇന്ന് ആറ്റിങ്ങലും ആലത്തൂരും പ്രചരണത്തിനെത്തും
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തി. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് നരേന്ദ്ര മോദി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. കൊച്ചിയില്‍ തങ്ങുന്ന പ്രധാനമന്ത്രി തിങ്കളാഴ്ച രാവിലെ 10.30ന് ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്തും ഉച്ചയ്ക്ക് ഒന്നിന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലും പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.
എറണാകുളം ഗസ്റ്റ് ഹൗസില്‍ ആണ് നിലവില്‍ മോദിയുള്ളത്. തിങ്കളാഴ്ച രാവിലെ ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും. ഇവിടുത്തെ റോഡ് ഷോയ്ക്കും പ്രസംഗത്തിന് ശേഷം ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ പ്രചാരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സമീപത്തെ മണ്ഡലങ്ങളിലെ എന്‍ ഡി എ സ്ഥാനാര്‍ഥികളും വേദിയിലുണ്ടാകും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇത് രണ്ടാം തവണയാണു പ്രധാനമന്ത്രി കേരളത്തില്‍ എത്തിയത്. നേരത്തെ മാര്‍ച്ച് 19 ന് പാലക്കാട്ടും പത്തനംതിട്ടയിലും മോദി എത്തിയിരുന്നു. അതേസമയം നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എറണാകുളം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
എം ജി റോഡ്, തേവര, നേവല്‍ ബേസ്, വില്ലിങ്ടണ്‍ ഐലന്‍ഡ്, ഷണ്മുഖം റോഡ്, പാര്‍ക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം കാട്ടാക്കടയില്‍ തിങ്കള്‍ രാവിലെ 10 മുതല്‍ കര്‍ശന ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. കാട്ടാക്കടയിലേക്കുള്ള മുഴുവന്‍ റോഡുകളും അടച്ചിടും.
ഇരുച്ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഒന്നിനും പ്രവേശനമുണ്ടായിരിക്കില്ല. കാട്ടാക്കടയിലും പരിസര പ്രദേശത്തെ റോഡുകളുടെ ഇരുവശങ്ങളിലും രാവിലെ മുതല്‍ പ്രധാനമന്ത്രി മടങ്ങും വരെ യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കില്ല. അതേസമയം കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയും തിങ്കളാഴ്ച കേരളത്തിലെത്തുന്നുണ്ട്.
രാഹുല്‍ ഗാന്ധി തിങ്കളാഴ്ച വൈകുന്നേരം ആറ് മണിക്ക് കോഴിക്കോട്ടെ യു ഡി എഫ് മഹാറാലിയില്‍ പ്രസംഗിക്കും. മലബാര്‍ മേഖലയിലെ യു ഡി എഫ് സ്ഥാനാര്‍ഥികളെല്ലാം ഈ വേദിയിലുണ്ടാകും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. വ്യാഴം രാവിലെ കണ്ണൂര്‍, മൂന്നിനു പാലക്കാട്, അഞ്ചിനു കോട്ടയം എന്നിവിടങ്ങളിലായിരിക്കും രാഹുലിന്റെ പ്രചാരണം.
ഏപ്രില്‍ 22 ന് രാവിലെ പത്തിന് തൃശൂര്‍, മൂന്നിന് തിരുവനന്തപുരം, അഞ്ചിന് ആലപ്പുഴ എന്നിവിടങ്ങളിലും യു ഡി എഫിന്റെ മഹാറാലികളുണ്ട്. ഏപ്രില്‍ 26 ന് രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications