പിണറായിയോ ശൈലജയോ? മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ ആര്‍ക്ക്?
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേരുടെ പിന്തുണ പിണറായി വിജയന് എന്ന് മനോരമ ന്യൂസ് - വി എം ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത 27.5 ശതമാനം പേരും പിണറായി വിജയനെ ആണ് പിന്തുണച്ചത് എന്നാണ് സര്‍വേയില്‍ പറയുന്നത്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആണ്. 14.45 ശതമാനം പേരാണ് ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്.
സി പി എം കേന്ദ്ര കമ്മിറ്റി അംഗവും ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മൂന്നാമത്തെ ഓപ്ഷന്‍. 14.37 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശൈലജയെ പിന്തുണച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്ന നാലാമത്തെ ആള്‍. 8.76 ശതമാനം പേരാണ് സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്.

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ (5.62), കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ (5.57), മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (5.24), കേന്ദ്രമന്ത്രി വി മുരളീധരന്‍ (5.08), നടന് സുരേഷ് ഗോപി (4.85), മുന്‍ മന്ത്രി തോമസ് ഐസക് (4.59), മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി (2.87) എന്നിവരേയും ചിലര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുണ്ട്.
അതേസമയം മണ്ഡലങ്ങളില്‍ തിരുവനന്തപുരത്ത് പിണറായി വിജയന് മൃഗീയ ഭൂരിപക്ഷമുണ്ട്. തിരുവനന്തപുരത്തെ 87.29 ശതമാനം പേരും പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. പത്തനംതിട്ട (67.42), ഇടുക്കി (55.74), കാസര്‍കോട് (32.62) വയനാട് (28.8), എറണാകുളം (28.52), കോട്ടയം (27.45) എന്നിവിടങ്ങളിലും പിണറായി വിജയനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടുന്നത്.
എന്നാല്‍ സ്വന്തം ജില്ലയായ കണ്ണൂരില്‍ 19.41 ശതമാനം പേര്‍ മാത്രമാണ് പിണറായിയ്ക്ക് ലഭിച്ചത് എന്ന് സര്‍വേ പറയുന്നു. കെ കെ ശൈലജക്ക് ഏറ്റവും കൂടുതല്‍ പിന്തുണ കോട്ടയത്താണ്. 34.03 ശതമാനം പേരാണ് കോട്ടയത്ത് ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. ഇടുക്കിയില്‍ 21.58 ശതമാനം പേരും എറണാകുളത്ത് 19.72 ശതമാനവും കൊല്ലത്ത് 19.62 ശതമാനവും ശൈലജയെ പിന്തുണയ്ക്കുന്നു.
ആലത്തൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ജനപിന്തുണയില്‍ ശൈലജ പിണറായിയെ പിന്നിലാക്കി എന്നും സര്‍വേയില്‍ പറയുന്നു. ശശി തരൂരിന് സംസ്ഥാനത്തുടനീളം ഏറെക്കുറെ സമാനമായ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ സ്വന്തം മണ്ഡലമായ തിരുവനന്തപുരത്ത് തരൂരിന് 1.86 ശതമാനം പേരുടെ പിന്തുണയെ ലഭിക്കുന്നുള്ളൂ. കോഴിക്കോട് (20.32), വടകര (19.83), കൊല്ലം (18.93), ആലത്തൂര്‍ (18.88), വയനാട് (18.27) എന്നിവിടങ്ങളിലാണ് തരൂരിന് പിന്തുണ കൂടുതല്‍.
അതേസമയം മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കാണ് പിന്തുണ കൂടുതല്‍. കോഴിക്കോട് 7.8 ശതമാനം പേര്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്നുണ്ട്. സതീശന് വയനാട്, എറണാകുളം, കണ്ണൂര്‍, മലപ്പുറം, ചാലക്കുടി, പൊന്നാനി, ആലത്തൂര്‍ മണ്ഡലങ്ങളില്‍ തരക്കേടില്ലാത്ത പിന്തുണയുണ്ട്. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില്‍ 8 ശതമാനത്തിലധികം പേരാണ് സുരേഷ് ഗോപിയെ പിന്തുണച്ചത്.
വി.മുരളീധരന് ആറ്റിങ്ങലിലാണ് ഏറ്റവും കൂടുതല്‍ പിന്തുണ, 12.09 ശതമാനം. ചാലക്കുടി, കോഴിക്കോട്, പാലക്കാട് മണ്ഡലങ്ങളിലും 8 ശതമാനത്തില്‍ അധികം പേര്‍ മുരളീധരനെ പിന്തുണച്ചു. വടകര, വയനാട് മണ്ഡലങ്ങളില്‍ രമേശ് ചെന്നിത്തലയ്ക്ക് 10 ശതമാനത്തിലധികം പേരുടെ പിന്തുണ ലഭിച്ചു എന്ന് സര്‍വേയില്‍ പറയുന്നു. ചാലക്കുടി, ആലപ്പുഴ മണ്ഡലങ്ങളില്‍ 8 ശതമാനം പേര്‍ ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു.












Click it and Unblock the Notifications