തിരഞ്ഞെടുപ്പ് ഫലം 2024: എതിരാളികളെ ബഹുദൂരം പിന്നിലാക്കി രാഹുലിന്റേയും ഇടിയുടേയും കുതിപ്പ്
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് നിലയില്‍ വന്‍ കുതിപ്പുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ രാഹുല്‍ ഗാന്ധിയും ഇടി മുഹമ്മദ് ബഷീറും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു. 2019 ലും റെക്കോഡ് ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ നിന്ന് ജയിച്ചത്. 120206 വോട്ടിനാണ് നിലവില്‍ രാഹുല്‍ മുന്നിട്ട് നില്‍ക്കുന്നത്.
ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയാണ് രണ്ടാം സ്ഥാനത്ത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സുരേന്ദ്രന്‍ ഇവിടെ മൂന്നാം സ്ഥാനത്താണ്. അതേസമയം മലപ്പുറത്തെ അപ്രമാദിത്യം നിലനിര്‍ത്തുകയാണ് മുസ്ലീം ലീഗ്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീര്‍ 80000 ത്തോളം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിച്ചത് വി വസീഫും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി അബ്ദുള്‍ സലാമുമാണ് മത്സരിച്ചത്. 2004 ല്‍ ഒഴികെ എല്ലാ കാലത്തും യുഡിഎഫിനൊപ്പം അടിയുറച്ച് നിന്ന മണ്ഡലമാണ് മലപ്പുറം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മുസ്ലീം ലീഗിനായി മത്സരിച്ച പികെ കുഞ്ഞാലിക്കുട്ടി 2,60,153 വോട്ടുകള്‍ക്കായിരുന്നു ജയിച്ചത്. രാഹുല്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ വിജയം സംസ്ഥാനത്ത് കുഞ്ഞാലിക്കുട്ടിക്കായിരുന്നു.
ആ ജയം ഇടി മുഹമ്മദ് ബഷീറിലൂടെ ആവര്‍ത്തിക്കുകയാണ് മുസ്ലീം ലീഗ്. 2019 ല്‍ മലപ്പുറത്ത് 57.01 ശതമാനം വോട്ട് മുസ്ലീം ലീഗ് പിടിച്ചിരുന്നു. 589,873 വോട്ടുകള്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനുവിന് 3,29,720 വോട്ടുകളായിരുന്നു ലഭിച്ചത്. 2014 ല്‍ സംസ്ഥാനത്ത് മുസ്ലീം ലീഗിന് ആകെ 4.54 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. അന്ന് മലപ്പുറത്ത് നിന്ന് 51.29 ശതമാനം വോട്ടായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചത്.

2019 ല്‍ പൊന്നാനിയില്‍ നിന്നായിരുന്നു ഇടി മുഹമ്മദ് ബഷീര്‍ മത്സരിച്ചിരുന്നത്. ഇത്തവണ മുസ്ലീം ലീഗ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പരസ്പരം മാറ്റിയിരിക്കുകയായിരുന്നു. അതേസമയം വയനാട്ടില്‍ രാഹുലിന്റെ വിജയം എല്ലാവരും ഉറപ്പിച്ചിരുന്നതാണ്. റായ്ബറേലിയിലും രാഹുല്‍ മുന്നിട്ട് നില്‍ക്കുന്നതിനാല്‍ ജയിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്ന് രാജി വെക്കേണ്ടേി വരും.
വയനാട് രാജി വെക്കില്ല എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും സ്വന്തം കോട്ടയായ റായ്ബറേലിയിലെ മുന്‍തൂക്കം വിട്ടുകളയാന്‍ രാഹുല്‍ ആഗ്രഹിച്ചേക്കില്ല. അങ്ങനെ വന്നാല്‍ വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധി മത്സരിക്കാനെത്തുന്നതും തള്ളിക്കളയാനാകില്ല.












Click it and Unblock the Notifications