Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസം 8500 രൂപ ബാങ്ക് അക്കൗണ്ടിലെത്തും; ഇന്റേണ്‍ഷിപ്പ് നിയമം, ഗ്യാരണ്ടിയുമായി രാഹുല്‍ ഗാന്ധി

മലപ്പുറം: കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആശയമായിരുന്നു ന്യായ് പദ്ധതി. പാവപ്പെട്ടവര്‍ക്ക് നിശ്ചിത തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയും വിപണിയില്‍ പണം ലഭ്യമാക്കി സാമ്പത്തിക ക്രയവിക്രയം ഉറപ്പാക്കുകയുമായിരുന്നു ലക്ഷ്യം. ഇത്തവണ മറ്റൊരു പദ്ധതിയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. വയനാട് മണ്ഡലത്തിലെ പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി ഇക്കാര്യം വിശദീകരിച്ചു.

ഇലക്ട്രല്‍ ബോണ്ട് ബിജെപിയുടെ തട്ടിപ്പാണ് എന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്താല്‍ മാധ്യമ പ്രവര്‍ത്തകരുടെ വീട്ടിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വരുമെന്ന് അദ്ദേഹം പരിഹസിച്ചു. ഈ തിരഞ്ഞെടുപ്പില്‍ ചില സുപ്രധാന കാര്യങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നുവെന്ന് പറഞ്ഞ ശേഷമാണ് രാഹുല്‍ ഗാന്ധി ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്ന കാര്യം വിശദീകരിച്ചത്...

rahul-gandhi-speech

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ദരിദ്രരായ കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കും. ഈ കുടുംബത്തിലെ വനിതയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാസം 8500 രൂപ വീതം നിക്ഷേപിക്കും. വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ ഇത്തരത്തില്‍ നിക്ഷേപിക്കുമെന്നും അവരുടെ ജീവിതം ഭദ്രമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വളരെ ലളിതമായ ചില കാര്യങ്ങളാണ് കോണ്‍ഗ്രസ് ഇത്തവണ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് പ്രാധാന്യം നല്‍കും. സമ്പന്നരായ കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് തൊഴില്‍ പരിശീലനം ലഭിക്കുന്നുണ്ട്. അതുവഴി അവര്‍ക്ക് മികച്ച ജോലി കിട്ടുന്നു. അതേസമയം, രാജ്യത്തെ എല്ലാ ബിരുദ ധാരികള്‍ക്കും തൊഴില്‍ പരിശീലനം ഉറപ്പാക്കുന്ന ഇന്റേണ്‍ഷിപ്പ് നിയമം കോണ്‍ഗ്രസ് കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തൊഴില്‍ പരിശീലനം അവകാശമാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയിലെ യുവജനങ്ങളെ തൊഴില്‍ രഹിതരാക്കി മാറ്റി. എന്നാല്‍ ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ എല്ലാ യുവജനങ്ങള്‍ക്കും തൊഴില്‍ പരിശീലനം നല്‍കും. പൊതു-സ്വകാര്യ മേഖലയിലാകും തൊഴില്‍ പരിശീലനം. തിരഞ്ഞെടുക്കുന്ന മേഖലയില്‍ ഒരു വര്‍ഷമാകും പരിശീലനം നല്‍കുക. ഇക്കാലയളവില്‍ മാസം 8500 രൂപ വീതം അവര്‍ക്ക് നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തിയതോടെ യുഡിഎഫ് ക്യാംപ് സജീവമായിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തിലെ എല്ലാ ഭാഗത്തും രാഹുല്‍ ഗാന്ധിയുടെ പ്രചാരണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ക്രൈസ്തവ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഇത്തവണ ഉയര്‍ത്തുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്.

ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യമാണ് എല്‍ഡിഎഫിന് വേണ്ടി മല്‍സരിക്കുന്ന ആനി രാജ മുന്നോട്ട് വെക്കുന്നത്. മോദിയുടെ ഗ്യാരണ്ടിയാണ് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ പ്രചാരണ ആയുധം. വയനാട്ടിലെ ജനങ്ങള്‍ മോദിയുടെ ഗ്യാരണ്ടിയാണോ രാഹുല്‍ ഗാന്ധിയുടെ ഗ്യാരണ്ടിയാണോ സ്വീകരിക്കുക എന്നറിയാന്‍ കാത്തിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+