ഷാഫി പറമ്പില്‍ വന്നതോടെ ശൈലജയുടെ സാധ്യത മങ്ങിയോ? വോട്ടര്‍മാര്‍ക്ക് പറയാനുള്ളത്
വടകര: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ വടകര മണ്ഡലത്തിലെ ചിത്രം തെളിഞ്ഞിരിക്കുകയാണ്. പാലക്കാട് എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ ഷാഫി പറമ്പിലാണ് വടകരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുന്നത്. സിറ്റിംഗ് എം പി കെ മുരളീധരനെ തൃശൂരിലേക്ക് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതോടെയാണ് ഷാഫി പറമ്പിലിന് നറുക്ക് വീണത്.
എല്‍ ഡി എഫ് നേരത്തെ തന്നെ മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂരിലെ സി പി എം എം എല്‍ എയുമായ കെ കെ ശൈലജയേയും ബി ജെ പി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണയേയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിനും സി പി എമ്മിനും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് വടകര. ബി ജെ പിക്ക് ഇവിടെ ഒരു ലക്ഷം വോട്ട് പോലും ഇതുവരെ നേടാനായിട്ടില്ല.

അതിനാല്‍ തന്നെ ത്രികോണ മത്സരത്തിന് വടകരയില്‍ സാധ്യത ഇല്ല. മുസ്ലീം ലീഗ്, ആര്‍ എം പി എന്നിവര്‍ക്ക് സ്വാധീനമുള്ള മേഖലകള്‍ കൂടി ഉള്‍പ്പെടുന്നതാണ് വടകര മണ്ഡലം. അതിനാല്‍ തന്നെ യു ഡി എഫിന് ഇത് മേല്‍ക്കൈ നല്‍കുന്നുണ്ട്. എന്നാല്‍ ശൈലജയുടെ ജനകീയതയിലൂടെ ഇത് മറികടക്കാം എന്നാണ് ഇടത് ക്യാംപിന്റെ പ്രതീക്ഷ. നിപ സമയത്ത് പേരാമ്പ്ര അടക്കമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ശൈലജ നടത്തിയ ഇടപെടലും ഫലം കണ്ടേക്കും.
എന്നാല്‍ ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ശേഷം വടകരക്കാരുടെ മനസിലിരിപ്പ് എന്താണ് എന്ന് അറിയേണ്ട. വണ്‍ഇന്ത്യ മലയാളം യൂട്യൂബ് ചാനലിന്റെ വോക്‌സ് പോപ്പ് പ്രകാരം ശക്തമായ പോരാട്ടമായിരിക്കും വടകരയില്‍ ഉണ്ടാകുക എന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. വടകരയിലെ ഇപ്പോഴത്തെ ട്രെന്‍ഡ് അങ്ങനെ പറയാന്‍ പറ്റില്ല എന്നാണ് ഒരു വോട്ടറുടെ പ്രതികരണം. 'ശൈലജ മോശമല്ലാത്ത സ്ഥാനാര്‍ത്ഥിയാണ്.
ഷാഫി പറമ്പിലിനെ അത്രത്തോളം നമുക്ക് പരിചയമില്ല. ഷാഫി പറമ്പില്‍ വലിയ നേതാവൊക്കെയാണ്. പക്ഷെ വടകര മണ്ഡലത്തിലുള്ളവര്‍ക്ക് പരിചയമില്ലല്ലോ. എന്നാലും ട്രെന്‍ഡ് എങ്ങനെയാകും എന്ന് പറയാന്‍ പറ്റില്ല,' എന്നാണ് ഒരു വോട്ടര്‍ പറഞ്ഞത്. എന്നാല്‍ ഷാഫി പറമ്പില്‍ എന്തായാലും വിജയിക്കും എന്നും രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥലമാണ് വടകര എന്നുമാണ് മറ്റൊരാളുടെ അഭിപ്രായം.
അതേസമയം ആരുവന്നാലും ശൈലജ തന്നെ ജയിക്കും എന്നും മുരളീധരനേക്കാളും വലിയ ആളല്ലല്ലോ ഷാഫി പറമ്പില്‍ എന്നുമാണ് മറ്റൊരു വോട്ടറുടെ അഭിപ്രായം. ശൈലജ ടീച്ചര്‍ തന്നെയാണ് ഇവിടെ ജയിക്കാന്‍ സാധ്യത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാഫി പറമ്പിലായത് കൊണ്ട് ശൈലജ ടീച്ചര്‍ക്ക് സാധ്യത കൂടി എന്നാണ് മറ്റൊരു വോട്ടറുടെ അഭിപ്രായം. ശൈലജ കേരളം അംഗീകരിച്ച നേതാവാണ് എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വടകരയില്‍ ശൈലജയുടെ അഴിമതിയും ചര്‍ച്ചയാകും എന്നാണ് കോണ്‍ഗ്രസ് അനുഭാവിയായ ഒരാള്‍ പറഞ്ഞത്. 'ഷാഫി പറമ്പിലിന് വലിയ ഭൂരിപക്ഷം ലഭിക്കും. ശൈലജയെ എതിര്‍ സ്ഥാനാര്‍ത്ഥിയായിട്ട് കാണുന്നില്ല. ഇവിടെ വര്‍ഗീയ ഫാസിസ്റ്റ് പോരാട്ടവും അഴിമതിയും ചര്‍ച്ചയാകും. മുഖ്യമന്ത്രിയുടെ മകളുടെ മാത്രമല്ല, ശൈലജ ടീച്ചര്‍ നടത്തിയ 1300 കോടി രൂപയുടെ വെട്ടിപ്പും ഇവിടെ ചര്‍ച്ച ചെയ്യണം,' എന്നാണ് അദ്ദേഹം പറഞ്ഞത്.












Click it and Unblock the Notifications