വടകരയില്‍ ഷാഫി ജയിക്കുമെന്നുറപ്പ്, ഭൂരിപക്ഷം ഒരുലക്ഷം കടന്നേക്കും; വൈറല്‍ താരത്തിന്റെ പ്രവചനം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളില്‍ മുന്‍പന്തിയിലാണ് വടകരയുടെ സ്ഥാനം. എല്‍ഡിഎഫും യുഡിഎഫും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച വടകരയില്‍ വ്യക്ത്യാധിക്ഷേപങ്ങളും ആരോപണപ്രത്യാരോപണങ്ങളും നിറഞ്ഞുനിന്നിരുന്നു. രണ്ട് എംഎല്‍എമാരാണ് പരസ്പരം മത്സരിച്ചത് എന്നതും സിപിഎമ്മിലേയും കോണ്‍ഗ്രസിലേയും ജനകീയ നേതാക്കളായിരുന്നു സ്ഥാനാര്‍ത്ഥികള്‍ എന്നതും മറ്റൊരു സവിശേഷതയാണ്.
അതിനാല്‍ തന്നെ ഈ മണ്ഡലത്തിലെ ഫലവും കേരളമൊട്ടാകെ ഉറ്റുനോക്കുകയാണ്. ഇപ്പോഴിതാ വടകരയിലെ ഫലം പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് വൈറലായ റാഷിദ് സി പി. തന്റെ തന്നെ മണ്ഡലമായതിനാലാണ് വടകരയിലെ ഫലം പ്രവചിക്കുന്നത് എന്നും കേരളത്തിലെ മൊത്തം ഫലം വൈകാതെ പ്രവചിക്കുമെന്നും റാഷിദ് പറഞ്ഞു.

വടകരയില്‍ ഷാഫി പറമ്പിലിന് മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് റാഷിദ് പ്രവചിക്കുന്നത്. യുഡിഎഫ് 48.5% - 53.5% വോട്ട് സമാഹരിക്കും എന്നും എല്‍ഡിഎഫ് 40.5 % - 44.% വോട്ട് നേടുമെന്നുമാണ് റാഷിദിന്റെ പ്രവചനം. ബിജെപിക്ക് 6 % - 9.5 % വോട്ട് ലഭിക്കും. ഷാഫി പറമ്പില്‍ 88500-114000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നും റാഷിദ് അവകാശപ്പെടുന്നു.
'ശൈലജ ടീച്ചര്‍ക്ക് പാര്‍ട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ല. ടീച്ചര്‍ അമ്മ വിളി പോലും പാര്‍ട്ടി സര്‍ക്കിളിന് അപ്പുറം വലിയ രീതിയില്‍ ഏശിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ, മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കല്‍ ഗ്രാഫില്‍ നല്ല വേരിയേഷന്‍ ഉണ്ടായിരുന്നു,' എന്നായിരുന്നു ഇതിനോടൊപ്പം റാഷിദ് ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം ജനങ്ങളുടെ വോട്ടിംഗ് പാറ്റേണ്‍ നോക്കിയിട്ടാണ് പ്രവചിച്ചത് എന്നും ശരിയാകും എന്ന നല്ല വിശ്വാസമുണ്ട് എന്നും റാഷിദ് പിന്നീട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ' ഷാഫി യൂത്തിനിടയില്‍ വലിയ വൈബ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. രാത്രിയില്‍ അടക്കം ജനങ്ങള്‍ തടിച്ച് കൂടുന്ന സാഹചര്യമുണ്ടായിരുന്നു. എല്‍ഡിഎഫ് എല്ലാ കാലത്തും ചിട്ടയായ പ്രവര്‍ത്തനം നടത്താറുണ്ട്,' റാഷിദ് പറയുന്നു.
വടകരയില്‍ അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി വന്നതിന് ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതായിരിക്കും നല്ലത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തില്‍ പോളിംഗ് കുറഞ്ഞത് ശതമാനത്തില്‍ മാത്രമാണ് എന്നും വോട്ടെണ്ണത്തില്‍ ഇത് കൂടുതലാണ് എന്നും റാഷിദ് പറഞ്ഞു. കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 96-104 വരെ സീറ്റ് നേടി ഭരണതുടര്‍ച്ച നേടും എന്നായിരുന്നു റാഷിദിന്റെ പ്രവചനം.
99 സീറ്റ് നേടിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും റാഷിദിന്റെ പ്രവചനം കൃത്യമായിരുന്നു.












Click it and Unblock the Notifications