തിരുവനന്തപുരത്ത് ശോഭന തന്നെ? വലിയ സൂചന നല്‍കി സുരേഷ് ഗോപി, 'ഭാവിയിലെ രാഷ്ട്രീയക്കാരി'
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടി ശോഭന ബി ജെ പി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത ശക്തമാകുന്നു. തിരുവനന്തപുരത്തേക്ക് ശോഭനയുടെ പേര് താന്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്ന് ബി ജെ പി നേതാവും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അതൊക്കെ ലിസ്റ്റിലുള്ള കാര്യമാണ്. ശോഭനയുമായി നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുകയാണ്. അവരുടെ മറുപടിയില്‍ നിന്ന് ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് എന്ന് എനിക്ക് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അങ്ങനെയൊരു കോണ്‍ടന്റ് ആണ് അവരുടെ റിക്കാര്‍ഡ്‌സിലുള്ളത്. എനിക്ക് തോന്നുന്നത് ഞങ്ങള്‍ ഒന്നുകൂടി ശ്രമിക്കേണ്ടതുണ്ട്. എന്റെ രണ്ടാം ശ്രമം ആണ്. പാര്‍ട്ടിയാണ് അതില്‍ തീരുമാനമെടുക്കേണ്ടത്,' സുരേഷ് ഗോപി പറഞ്ഞു.

ശോഭന സ്ഥാനാര്‍ത്ഥിയാകണേ എന്ന് താന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പക്ഷെ വേറെയും യോഗ്യരായ ആള്‍ക്കാര്‍ ഉണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതും വലതുമല്ലല്ലോ ഇവിടത്തെ പോരാട്ടം തീരുമാനിക്കേണ്ടതും ജനങ്ങളാണ് തീരുമാനിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ചിഹ്നമല്ല തിരഞ്ഞെടുക്കുന്നത്, അവരുടെ അഞ്ച് വര്‍ഷത്തെ ജീവിതമാണ് തിരഞ്ഞെടുക്കുന്നത്.
സമ്മതിദായകരുടെ തീരുമാനത്തിന് കാത്തിരിക്കാനെ പറ്റൂ. ഒരു വീരവാദത്തിനും ഇല്ല എന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെ തൃശൂരില്‍ മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ശോഭന പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. വനിതാ സംവരണ ബില്ല് പാസാക്കിയതിന് നന്ദി പറഞ്ഞ ശോഭന മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും പറഞ്ഞിരുന്നു.
കേരളത്തില്‍ ബി ജെ പി ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളില്‍ മുന്‍പന്തിയിലാണ് തിരുവനന്തപുരം. ശോഭനക്ക് പുറമെ, കൃഷ്ണകുമാര്‍, സുരേഷ് കുമാര്‍, കുമ്മനം രാജശേഖരന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകളും തിരുവനന്തപുരത്ത് ബി ജെ പി പരിഗണിക്കുന്നുണ്ട്. ഒരുവേള നരേന്ദ്ര മോദി വരെ തിരുവനന്തപുരത്ത് മത്സരിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ശശി തരൂര്‍ മൂന്ന് തവണയായി വിജയിച്ചു വന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇത്തവണയും ശശി തരൂര്‍ തന്നെയായിരിക്കും യു ഡി എഫ് സ്ഥാനാര്‍ത്ഥി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാകുന്നത് മുതിര്‍ന്ന സി പി ഐ നേതാവും മുന്‍ എം പിയുമായ പന്ന്യന്‍ രവീന്ദ്രനാണ്. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം.












Click it and Unblock the Notifications