കാഫിര്‍ വിവാദം: ഉത്തരേന്ത്യയില്‍ മോദി ചെയ്യുന്നതിനും അപ്പുറം; സിപിഎം മാപ്പ് പറയണമെന്ന് സിദ്ദീഖ്
കോഴിക്കോട്: സി പി എം വടകരയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ പി സി സി ഉപാധ്യക്ഷന്‍ ടി സിദ്ദീഖ്. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിന് പകരം വര്‍ഗീയ പ്രചരണത്തിനാണ് സി പി എം ശ്രമിച്ചത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഗീയ ധ്രുവീകരണത്തിന് ഇടവരുത്തുന്ന പ്രാകൃത ശൈലിയാണ് സി പി എം പ്രചരണം നടത്തിയത് എന്ന് സിദ്ദീഖ് ആരോപിച്ചു.
വടകര, കോഴിക്കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രചാരണം അതിന് തെളിവാണ് എന്നും തീ തുപ്പുന്ന വര്‍ഗീയത ആളികത്തിക്കുന്ന രീതി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമായ സി പി എം ചെയ്യാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. സി പി എമ്മിന്റെ കൈയില്‍ നിന്ന് തന്നെയാണ് സൈബര്‍ ബോംബും പാനൂരിലെ ബോംബും പൊട്ടിച്ചിതറിയത് എന്നും അദ്ദേഹം പരിഹസിച്ചു.

സി പി എം തന്നെയാണ് സൈബര്‍ ബോംബിന്റെ പിന്നില്‍. അതിനാലാണ് അതിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് ശ്രമം നടത്താത്തത്. ഓരോ പത്രത്തിന്റെയും സ്വഭാവം നുസരിച്ച് മതപരമായ വൈകാരികത ചൂഷണം ചെയ്യുന്ന വ്യത്യസ്ത പരസ്യങ്ങളാണ് സി പി എം നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ പ്രചാരണത്തിനും കലാപാഹ്വാനത്തിനും സി പി എം നേതാക്കള്‍ക്കെതിരെ കേസ് എടുത്ത് അന്വേഷിക്കാന്‍ തയ്യാറാവണം.
'ഷാഫി പറമ്പിലിനെതിരായ പ്രചാരണം ഉത്തരേന്ത്യയില്‍ നരേന്ദ്ര മോദി ചെയ്യുന്നതിനും അപ്പുറമുള്ള പ്രചാരണമായിരുന്നു. ഇത്രയധികം ഹീനമായ പ്രചാരണം നടത്തിയിട്ടും പ്രബുദ്ധരായ വടകരയിലെ വോട്ടര്‍മാരുടെ മനസില്‍ ഇളക്കം തട്ടിയിട്ടില്ല. ഈ വര്‍ഗീയ പ്രചരണം നിര്‍മിച്ചതും പ്രചരിപ്പിച്ചതും ഉന്നതതല ഗൂഢാലോചനയിലൂടെണ്,' സിദ്ധിഖ് ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞ ദിവസം യൂത്ത് ലീഗും വടകരയിലെ വര്‍ഗീയ പ്രചരണ വിവാദത്തില്‍ രംഗത്തെത്തിയിരുന്നു.
നിടുമ്പ്രമണ്ണ യൂത്ത് ലീഗ് കമ്മിറ്റിയുടെ വാട്ട്‌സാപ് ഗ്രൂപ്പില്‍ എന്ന വ്യാജേന നാട്ടില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട വാട്സ്ആപ് സന്ദേശം സത്യമാണെന്ന് തെളിയിക്കുന്നവര്‍ക്ക് മുസ് ലിം യൂത്ത് ലീഗ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയം പറഞ്ഞ് വടകരയില്‍ വിജയിച്ചു വരാന്‍ കഴിയില്ല എന്ന സി പി എം നേതൃത്വത്തിന്റെ ബോധ്യത്തില്‍ നിന്നാണ് വ്യാജപ്രചാരണങ്ങള്‍ രൂപം കൊണ്ടത് എന്നാണ് യൂത്ത് ലീഗ് പറയുന്നത്.












Click it and Unblock the Notifications