തൃശൂരില്‍ 25000 വോട്ടിനെങ്കിലും ജയിക്കുമെന്ന് മുരളി; 'യുഡിഎഫിന് 20 ല്‍ 20'
തിരുവനന്തപുരം: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കുറഞ്ഞത് 25000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എങ്കിലും യു ഡി എഫ് ജയിക്കുമെന്ന് കെ മുരളീധരന്‍. കേരളത്തിലെ 20 സീറ്റും യു ഡി എഫ് നേടും എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇ പി ജയരാജനും പ്രകാശ് ജാവ്‌ദേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലം തൃശൂരില്‍ പലയിടത്തും കാണാന്‍ കഴിയും എന്നും മുരളീധരന്‍ പറഞ്ഞു.
'ഇതില്‍ പ്രതിഷേധിച്ച് കൊണ്ടുള്ള ചില സി പി എം വോട്ടുകള്‍ പോള്‍ ചെയ്തിട്ടില്ല. പോളിംഗ് ശതമാനം കുറഞ്ഞതിന്റെ കാരണങ്ങളില്‍ ഒന്ന് അതാണ്. യു ഡി എഫിന് കിട്ടേണ്ട വോട്ടുകളില്‍ ഒരു വിള്ളലും ഉണ്ടായിട്ടില്ല. അത് കൃത്യമായിട്ട് കിട്ടിയിട്ടുണ്ട് എന്നാണ് ഞങ്ങളുടെ പ്രാഥമികമായുള്ള വിലയിരുത്തല്‍. മിനിമം 25000 വരെ ഭൂരിപക്ഷം ലഭിച്ചേക്കാം. അതിന് മുകളില്‍ എത്രയും പോകാം,' മുരളീധരന്‍ പറഞ്ഞു.

തൃശൂരില്‍ യു ഡി എഫിന് പരാജയഭീതിയില്ല എന്നും സി പി എമ്മും ബി ജെ പിയും തമ്മില്‍ അന്തര്‍ധാരയുണ്ടായി എന്നും അദ്ദേഹം ആരോപിച്ചു. മുരളീധരനായിരുന്നു തൃശൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. എല്‍ ഡി എഫിനായി വി എസ് സുനില്‍ കുമാറും എന്‍ ഡി എക്കായി സുരേഷ് ഗോപിയുമാണ് മത്സരിച്ചത്. കേരളത്തില്‍ ബി ജെ പി പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും മുന്നിലാണ് തൃശൂര്‍.
അതേസമയം കെ പി സി സി പ്രസിഡന്റ് വിവാദത്തിന് പ്രസക്തിയില്ല എന്നും ഔദ്യോഗികമായി ഇപ്പോഴും കെ സുധാകരന്‍ തന്നെയാണ് പ്രസിഡന്റ് എന്നും മുരളീധരന്‍ പറഞ്ഞു. സുധാകരന്‍ സ്ഥാനാര്‍ത്ഥിയായതിനാലാണ് മറ്റൊരാള്‍ക്ക് ചുമതല നല്‍കിയത്. അതിന് ശേഷം അദ്ദേഹം ഇപ്പോള്‍ ചികിത്സയ്ക്ക് പോയിരിക്കുകയാണ്. അത് കഴിഞ്ഞ് വരുമ്പോഴേക്ക് വോട്ടെണ്ണല്‍ ആകും. അപ്പോള്‍ എന്തായാലും അദ്ദേഹത്തിന് ചുമതല തിരികെ കൊടുക്കും.
ഇവിടെ ഇതൊന്നും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയവമുണ്ടായിട്ടില്ലല്ലോ എന്നും മുരളീധരന്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ കാര്യം പത്മജ വേണുഗോപാല്‍ നോക്കേണ്ടെന്നും മുരളി പറഞ്ഞു. പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും എന്നും തൃശൂര്‍ മാത്രം ആയി പ്രശ്നം ഇല്ല എന്നും അദ്ദേഹം പറഞ്ഞു. സെമി കേഡര്‍ അല്ല താഴെക്കിടയിലുള്ള പ്രവര്‍ത്തനം ആണ് വേണ്ടത്. നേതൃത്വം മാറിയത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാ സംവിധാനത്തിന്റെ ദൗര്‍ബല്യം എല്ലായിടത്തും ഉണ്ട് എന്നും സംഘടനാ ദൗര്‍ബല്യം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിഹരിക്കും എന്നും മുരളി പറഞ്ഞു. മുന്‍ അനുഭവം വെച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായി എന്ന് മുരളീധരന്‍ കെ പി സി സി യോഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
തൃശൂരിലെ മുതിര്‍ന്ന നേതാക്കളായ മുന്‍ എം പി ടി എന്‍ പ്രതാപനെയും ഡി സി സി അധ്യക്ഷന്‍ ജോസ് വെള്ളൂരിനെയും മുരളീധരന്‍ പേരെടുത്ത് വിമര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായെന്നും ചില നേതാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുളള ദീപാദാസ് മുന്‍ഷി, കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍ അടക്കം പങ്കെടുത്ത യോഗത്തിലായിരുന്നു മുരളീധരന്റെ വിമര്‍ശനം.












Click it and Unblock the Notifications