'തവള വീര്‍ക്കും പോലെ വീര്‍ത്തിട്ട് കാര്യമില്ല,' പിസി ജോര്‍ജ് ഉണ്ടയില്ലാ വെടിയടിക്കുന്നവനെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിര് നിന്നത് താനും തുഷാര്‍ വെള്ളാപ്പള്ളിയുമാണ് എന്ന പി സി ജോര്‍ജിന്റെ പ്രതികരണത്തെ പരിഹസിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തവള വീര്‍ക്കും പോലെ വീര്‍ത്തിട്ട് കാര്യമില്ല എന്നും ഓരോരുത്തരും അര്‍ഹതപ്പെട്ടത് മനസിലാക്കണം എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ടതും അര്‍ഹതയില്ലാത്തതുമുണ്ട്. ചുമ്മാതിരുന്ന് തവള വീര്‍ക്കും പോലെ വീര്‍ത്തിട്ട് കാര്യമില്ല. വീര്‍ത്താല്‍ വയറുപൊട്ടുമെന്നല്ലാതെ ഒരു ഫലവുമുണ്ടാകില്ല. ആളെ വിട്ടേര്. അയാളെ വാര്‍ത്തയാക്കി കൊണ്ടുനടക്കുന്നത് തന്നെ തെറ്റാണ്.'' എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ഇത്രയും സ്വാധീനമുള്ള ജോര്‍ജിന് പത്തനംതിട്ടയില്‍ സീറ്റ് കൊടുത്ത് അദ്ദേഹത്തിന്റെ ശക്തി തെളിയിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.

''എനിക്ക് മുഖ്യമന്ത്രിയാകണമെന്ന് തോന്നിയാല്‍ എന്നോട് സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ ഊളന്‍പാറയില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യേണ്ടത്. സ്‌നേഹമില്ലെങ്കില്‍ പ്രോത്സാഹിപ്പിക്കണം. അത്രയേ ഇതിനു മറുപടി പറയാനുള്ളൂ,' വെള്ളാപ്പള്ളി പറഞ്ഞു. പി സി ജോര്‍ജിനോട് എന്തെങ്കിലും ദേഷ്യമുണ്ടോ എന്ന ചോദ്യത്തിന് അയാള്‍ തങ്ങളുടെ ജാതിയെ അസഭ്യം പറഞ്ഞയാളാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
കോണ്‍ഗ്രസിനും സി പി എമ്മിനും പിസിയെ വേണ്ട. ആര്‍ക്കും വേണ്ടാതായതോടെയാണ് പി സിയുടെ ജനപക്ഷം ബി ജെ പിയില്‍ ലയിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിക്ക് പി സി ജോര്‍ജ് ഭാരമാണോ അല്ലയോ എന്ന് കുറച്ചുനാള്‍ കഴിയുമ്പോള്‍ മനസ്സിലാകും. ജോര്‍ജിനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കണമായിരുന്നു എന്നാണ് വ്യക്തിപരമായ അഭിപ്രായം എന്നും അദ്ദേഹം പറഞ്ഞു.
ഉണ്ടയില്ലാത്ത വെടിയടിക്കുന്നവനെ ഒന്നു നിര്‍ത്തി ശക്തി പരീക്ഷിക്കേണ്ടതായിരുന്നു എന്നും വെള്ളാപ്പള്ളി പരിഹസിച്ചു. മതനേതാക്കള്‍ പറഞ്ഞാല്‍ ആളുകള്‍ വോട്ട് ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മാണി സാറിനെ എന്തുമാത്രം ചീത്ത പറഞ്ഞിട്ടുള്ളയാളാണ് പി സി ജോര്‍ജെന്നും ഇദ്ദേഹത്തെ കേരള കോണ്‍ഗ്രസാക്കിയ മാണി സാറിനെ ചീത്ത പറഞ്ഞതിന് കണക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് വിലയിരുത്താറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് എന്‍ ഡി പിക്ക് രാഷ്ട്രീയ നിലപാടില്ല എന്നും ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പത്തനംതിട്ടയില്‍ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും ഇടപെട്ടതിനാലാണ് എന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു.












Click it and Unblock the Notifications