പ്രതിരോധം തീര്‍ത്ത് മന്ത്രി നേരിട്ടിറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി ചെങ്കോട്ട ഇളക്കാന്‍ രമ്യക്കാകുമോ..? സാധ്യതകള്‍
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആലത്തൂര്‍ മണ്ഡലത്തില്‍ പ്രചരണത്തിനും ചൂടുപിടിച്ചിരിക്കുകയാണ്. ഇടത് കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട ആലത്തൂരില്‍ കഴിഞ്ഞ തവണ രമ്യ ഹരിദാസ് കാണിച്ച അത്ഭുതം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് യുഡിഎഫ് ക്യാംപ് ഉറ്റുനോക്കുന്നത്. മറുവശത്ത് ആലത്തൂര്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാനത്തെ മന്ത്രിയും സര്‍വോപരി ജനകീയനുമായ കെ രാധാകൃഷ്ണനെ ഇറക്കിയ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്.
ഇന്നേവരെ ത്രികോണ മത്സരമില്ലാതിരുന്ന ആലത്തൂരില്‍ അതിന്റെ ഒരു പ്രതീതിയുണ്ടാക്കി സാക്ഷാല്‍ പ്രധാനമന്ത്രിയെ തന്നെ പ്രചരണത്തില്‍ എത്തിച്ചതിന്റെ കരുത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സരസുവിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച മണ്ഡലം ഇത്തവണ ബിജെപിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഏതായാലും 26 ന് ജനം വിധിയെഴുതുന്നതോടെ എല്ലാ പ്രവചനങ്ങള്‍ക്കും അന്ത്യമാകും.

2009 ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ഇടത്തോട്ട് ചാഞ്ഞ ചരിത്രമാണ് ആലത്തൂരിന് പറയാനുണ്ടായിരുന്നു. എന്നാല്‍ ആ ചരിത്രം രമ്യ ഹരിദാസ് എന്ന പുതുമുഖം 2019 ല്‍ തിരുത്തിച്ചു. ചെങ്കോട്ട എന്ന വിശേഷിപ്പിക്കപ്പെട്ട ആലത്തൂരിലെ പല കോട്ടകളിലും വിള്ളല്‍ വീഴ്ത്തുകയല്ല രമ്യ ചെയ്തത്. അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുക തന്നെ ചെയ്തു. മണ്ഡലത്തിലെ 59 പഞ്ചായത്തില്‍ 58 ലും യു ഡി എഫിനായിരുന്നു ലീഡ്.
ഒരു ബൂത്തില്‍ സി പി എമ്മിന് ഒറ്റവോട്ട് പോലും ലഭിച്ചില്ല എന്നറിയുമ്പോഴാണ് രമ്യ ഹരിദാസിന്റെ വിജയത്തിന്റെ മാറ്റ് മനസിലാകുക. എന്നാല്‍ ഈ വിജയത്തിന്റെ പേരില്‍ 2024 ലും ജയിക്കാമെന്ന അമിത വിശ്വാസം യു ഡി എഫിനില്ല. കാരണം അതിന് ശേഷം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആലത്തൂരില്‍ അവിശ്വസനീയമായ തിരിച്ചുവരവാണ് ഇടതുപക്ഷം നടത്തിയത്.
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എല്‍ ഡി എഫാണ് 2021 ല്‍ ജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുനോക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ ലീഡ് രണ്ടു ലക്ഷത്തിലേറെയാണ്. ആലത്തൂരിന് കീഴിലുള്ള ചേലക്കരയിലെ എം എല്‍ എയാണ് രാധാകൃഷ്ണന്‍. ജയം എന്ന ഒറ്റലക്ഷ്യം കൊണ്ട് മാത്രമാണ് മറ്റൊരു പരീക്ഷണത്തിനും മുതിരാതെ സി പി എം ഇവിടെ രാധാകൃഷ്ണനെ നിയോഗിച്ചതും.
വ്യക്തിപരമായ ജനസമ്മതിയും സംസ്ഥാന സര്‍ക്കാരിനെതിരായ കര്‍ഷകരുടെ പ്രതിഷേധവുമാണ് രമ്യ ഹരിദാസിന്റെ പിന്‍ബലം. മറുവശത്ത് ജനകീയ മന്ത്രി എന്ന നിലയിലെ പ്രതിച്ഛായയും ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലം എന്നതുമാണ് രാധാകൃഷ്ണന്റെ കരുത്താകുന്നത്. അതേസമയം പ്രധാനമന്ത്രിയടക്കം പ്രചരണത്തിന് എത്തിയെങ്കിലും അതെല്ലാം വോട്ടാക്കി മാറ്റാനുള്ള സ്വാധീനം മണ്ഡലത്തില്‍ ബിജെപിക്കില്ല.












Click it and Unblock the Notifications