കിളി പോയ പ്രവചനം! 'ഷാനിമോൾ തോൽക്കും, ബാക്കി 19ലും യുഡിഎഫ്', വൈറലായി ലീഗുകാരന്റെ പോസ്റ്റ്
Recommended Video
കോഴിക്കോട്: സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഒരു പോലെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇത്ര വലിയ തോല്‍വിയുണ്ടാകുമെന്ന് എല്‍ഡിഎഫോ ഇത്ര കൂറ്റന്‍ വിജയമുണ്ടാകുമെന്ന് യുഡിഎഫോ പ്രതീക്ഷിച്ചിരുന്നില്ല. ഇരുകൂട്ടരും 20 സീറ്റിലും വിജയസാധ്യത ഉണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് പാലക്കാട് ഒഴികെ 19 സീറ്റിലും വിജയിക്കും എന്നായിരുന്നു പറഞ്ഞത്.
സിപിഎമ്മിന്റെ വിലയിരുത്തല്‍ മലപ്പുറവും വയനാടും ഒഴികെ 18 സീറ്റിലും വിജയസാധ്യത ഉണ്ട് എന്നായിരുന്നു. എന്നാല്‍ എല്ലാ പ്രവചനങ്ങളും കാറ്റില്‍ പറന്നു. അതിനിടെ ഞെട്ടിച്ച ഒരു പ്രവചനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായവുകയാണ്. നാദാപുരം സ്വദേശിയായ മുസ്ലീം ലീഗ് അനുഭാവി മുഹമ്മദ് അലി പികെ കഴിഞ്ഞ ഏപ്രില്‍ മാസം നാലാം തിയ്യതി കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ഫേസ്ബുക്കില്‍ പ്രവചിക്കുകയുണ്ടായി.

'ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കും. ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടും. വേണ്ടവര്‍ക്ക് സ്‌ക്രീന്‍ ഷോട്ട് എടുത്ത് വെക്കാം' എന്നായിരുന്നു മുഹമ്മദ് അലി പികെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അന്ന് ആ പോസ്റ്റിന്റെ പേരില്‍ മുഹമ്മദ് അലിക്ക് പരിഹാസങ്ങളും എതിരഭിപ്രായങ്ങളും അടങ്ങിയ നിരവധി പ്രതികരങ്ങള്‍ ലഭിച്ചു.
എന്നാല്‍ പെട്ടി പൊട്ടിയപ്പോള്‍ വിമര്‍ശകരെല്ലാം ഞെട്ടിയിരിക്കുകയാണ്. ഒരു രാഷ്ട്രീയ നേതാവും പാര്‍ട്ടിയും പോലും പ്രവചിക്കാത്ത ഫലമാണ് ഈ യുവാവ് കൃത്യമായി പ്രവചിച്ചിരിക്കുന്നത്. 19 സീറ്റ് യുഡിഎഫ് നേടിയാലും തോല്‍ക്കുന്ന സീറ്റ് ആലപ്പുഴയോ മറ്റേതെങ്കിലുമോ ആകില്ല, മറിച്ച് പാലക്കാട് ആയിരിക്കും എന്നായിരുന്നു എല്ലാവരുടേയും കണക്ക് കൂട്ടല്‍. എന്നാല്‍ ഇടത് കോട്ടയില്‍ വികെ ശ്രീകണ്ഠന്‍ എംബി രാജേഷിനെ അട്ടിമറിച്ചു. ഇതോടെ മുഹമ്മദ് അലിയുടെ പ്രവചന പോസ്‌ററ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.












Click it and Unblock the Notifications