വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയിലെ കരുത്തനെ ഇറക്കും; പോരാട്ടം കടുപ്പിക്കാൻ കച്ചകെട്ടി നേതൃത്വം
തിരുവനന്തപുരം: ബി ഡി ജെ എസിൽ നിന്നും വയനാട് സീറ്റ് ഏറ്റെടുക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ ഇക്കുറി ബി ജെ പി സ്ഥാനാർത്ഥി തന്നെ കളത്തിലിറങ്ങുമെന്നും സീറ്റ് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയെന്നും സുരേന്ദ്രൻ വ്യക്തമാക്കി. രാഹുൽ ഗാന്ധിയ്ക്കെതിരെ മത്സരം കടുപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ഡി ജെ എസിനായിരുന്നു സീറ്റ്. തുഷാർ വെള്ളാപ്പള്ളിയായിരുന്നു ഇവിടെ മത്സരിച്ചത്. ആദ്യ വട്ട ചർച്ചയിൽ തൃശൂർ സീറ്റായിരുന്നു ബി ജെ പിക്ക് നൽകിയത്. എന്നാൽ പിന്നീട് കേന്ദ്ര നേതൃത്വം ഇടപെടുകയും സുരേഷ് ഗോപി മണ്ഡലത്തിൽ മത്സരിക്കട്ടെയെന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെ അമിത് ഷായുടെ നിർദ്ദേശപ്രകാരം വയനാട് സീറ്റിൽ ബി ഡി ജെ എസ് മത്സരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ 78816 വോട്ടുകളായിരുന്നു തുഷാർ വെള്ളാപ്പള്ളിക്ക് ലഭിച്ചത്.

എന്നാൽ വീണ്ടും രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമ്പോൾ ശക്തമായ പോരാട്ടത്തിന് വഴിയൊരുക്കണമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ സീറ്റ് ഏറ്റെടുത്ത് കരുത്തുറ്റ മത്സരാർത്ഥികളെ ഇവിടെ നിർത്താനാണ് ആലോചന. എന്നാൽ ആരെ സ്ഥാനാർത്ഥിയാക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പികെ കൃഷ്ണദാസ് അടക്കമുളള നേതാക്കളുടെ പേര് പരിഗണനയിലുണ്ട്. വയനാട്ടിൽ ശോഭ സുരേന്ദ്രൻ മത്സരിക്കുമോയെന്നുള്ള ചർച്ചകളും ഉണ്ട്.
അതേസമയം വയനാട് സീറ്റ് ഏറ്റെടുത്താൽ കോട്ടയം സീറ്റ് തങ്ങൾക്ക് വേണമെന്നതാണ് ബി ഡി ജെ എസിന്റെ ആഴശ്യം. ഇതിന് പക്ഷേ ബിജെപി നേതൃത്വം വഴങ്ങിയേക്കില്ല. ആറ് സീറ്റുകൾ എന്നതാണ് ബി ഡി ജെ എസിന്റെ ആവശ്യം. കൊല്ലം, മാവേലിക്കര, ഇടുക്കി ഉൾപ്പെടെയുള്ള സീറ്റുകളിലാണ് ബി ഡി ജെ എസ് കണ്ണുവെയ്ക്കുന്നത്.
കോട്ടയത്ത് കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും ബി ജെ പി ദേശീയ സെക്രട്ടറിയുമായ അനിൽ ആന്റണിയെ ബി ജെ പി പരിഗണിക്കാനുള്ള സാധ്യത ഉണ്ട്. അനിൽ മത്സരിക്കുന്നത് കൂടുതൽ ക്രിസ്ത്യൻ വോട്ടുകൾ നേടിയെടുക്കാൻ സഹായിക്കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. മാവേലിക്കരയിൽ പി സുധീറിനേയും ബി ജെ പി പരിഗണിക്കുന്നുണ്ട്.












Click it and Unblock the Notifications