സംസ്ഥാനത്ത് 290 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു: ഏറ്റവും കൂടുതല്‍ ഏത് മണ്ഡലത്തിലെന്ന് അറിയുമോ?
ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആകെ 499 പത്രികകൾ ഇതുവരെ ലഭിച്ചു.
വെള്ളിയാഴ്ച നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും. ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ള സ്ഥാനാർത്ഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 22, ആറ്റിങ്ങൽ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂർ 15, ആലത്തൂർ 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂർ 18, കാസർകോട് 13.

ഇതുവരെ ഏറ്റവുമധികം സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ്(22). ഏറ്റവും കുറവ് ആലത്തൂർ(8). മാർച്ച് 28 നാണ് സംസ്ഥാനത്ത് നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങിയത്. പത്രിക സമർപ്പണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച 252 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്.
പരിശീലന പരിപാടിയിൽ പങ്കെടുക്കണം
2024 പാർലമെന്റ് തിരഞ്ഞെടുപ്പ് ജോലികൾക്കായി ജില്ലയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് ഏപ്രിൽ രണ്ട് മുതൽ നാല് വരെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ ആദ്യഘട്ട പരിശീലനം നൽകിയിരുന്നു. ഈ പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ കഴിയാത്ത ജീവനക്കാർക്ക് ശനിയാഴ്ച (ഏപ്രിൽ 6) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് 1.30 മുതൽ അഞ്ച് മണി വരെയും രണ്ട് പരിശീലന പരിപാടികൾ ജഗതി ഡി.പി.ഐയിലെ സഹകരണ ഭവൻ മെയിൻ ഹാളിൽ ക്രമീകരിച്ചിട്ടുണ്ട്.
ആദ്യഘട്ട പരിശീലന പരിപാടിയിൽ ഹാജരാകാൻ കഴിയാത്ത പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ എന്നിവർ അവരുടെ നിയമസഭാ മണ്ഡലത്തിന്റെ പേര്, വോട്ടർ പട്ടികയിലെ പാർട്ട് നമ്പർ, ക്രമ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി ഫാറം നമ്പർ 12 & 12 എ എന്നിവ കൃത്യമായി പൂരിപ്പിച്ച് വോട്ടർ ഐ.ഡി കാർഡിന്റെ പകർപ്പ്, പോസ്റ്റിങ് ഓർഡറിന്റെ പകർപ്പ് എന്നിവ സഹിതം പരിശീലന കേന്ദ്രത്തിൽ ഹാജരാകണം.
പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ നിയോഗിച്ചിട്ടുള്ള ജീവനക്കാരിൽ ആരെയും പരിശീലനത്തിൽ നിന്ന് വിട്ടു നിൽക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.












Click it and Unblock the Notifications