മലയാളികളുടെ സ്വന്തം ക്ലാര, മാണ്ഡ്യയടെ സുമലത കോണ്‍ഗ്രസ് പാളയത്തിലെത്തുമോ? എല്ലാം 25 ന് അറിയാം
ബെംഗളൂരു: സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടെങ്കിലും വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിലാണ് കർണാടകയിലെ ബി ജെ പി - ജെ ഡി എസ് സഖ്യം. നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിട്ട വലിയ തിരിച്ചടിക്ക് പിന്നാലെയായിരുന്നു ഇരുപാർട്ടികളും സഖ്യം രൂപീകരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പൂർത്തിയായി കഴിഞ്ഞിട്ടും മാണ്ഡ്യ സീറ്റിന്റെ കാര്യത്തില്‍ ഇരുപാർട്ടികള്‍ക്കും ഇതുവരെ ധാരണയില്‍ എത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.
നടി സുമലതയാണ് മാണ്ഡ്യയിലെ നിലവിലെ എംപി. പ്രമുഖന നടന്‍ അംബരീഷിന്റെ ഭാര്യയായ സുമലത അദ്ദേഹത്തിന്റെ മരണശേഷമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന അംബരീഷ് മരണപ്പെട്ടപ്പോള്‍ സുമലത സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്തവണത്തെ കോണ്‍ഗ്രസ് - ജെ ഡി എസ് സീറ്റ് ധാരണയുടെ ഭാഗമായി ജെ ഡി എസിന് സീറ്റ് നല്‍കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം.

കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ച സുമലതയ്ക്ക് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചു. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയായിരുന്നു ജെ ഡി എസ് - കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ജെ ഡി എസ് കോട്ടയില്‍ 1.25 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുമലത വിജയിച്ചു.
ഇത്തവണ ബി ജെ പി ടിക്കറ്റില്‍ മത്സരിക്കാന്‍ സുമലത താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സീറ്റിനായി കടുത്ത സമ്മർദ്ദമാണ് ജെ ഡി എസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇതോടെ സീറ്റ് അവർക്ക് നല്‍കുമെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. മാണ്ഡ്യയില്‍ നിഖിൽ കുമാരസ്വാമി വീണ്ടും ജനതാദൾ എസ് സ്ഥാനാർഥിയാകുമെന്ന സൂചന കുമാരസ്വാമി കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്.
ജെ ഡി എസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം 25 ന് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ഡ്യയിൽ നടന്ന പാർട്ടി യോഗത്തിനു ശേഷം കുമാരസ്വാമി അത്തരത്തിൽ നേതാക്കൾക്ക് ഉറപ്പുനൽകിയെന്നാണ് റിപ്പോർട്ട്. സുമലതയെ തള്ളി നിഖിലിനെ എൻഡിഎ സ്ഥാനാർഥിയാക്കിയാൽ സുമലതയുടെ നീക്കം എന്താകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെയങ്കില്‍ സുമലത വീണ്ടും സ്വതന്ത്രയായി മത്സരിക്കാനുള്ള സാധ്യത കൂടുതലാണ്.
മണ്ഡലത്തിൽ വെങ്കട്ടരമണെ ഗൗഡയെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. സുമലത സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ സ്വന്തം സ്ഥാനാർത്ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് അവർക്ക് പിന്തുണ നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.












Click it and Unblock the Notifications