വമ്പന്‍ ട്വിസ്റ്റ്: തൃശൂരിലേക്ക് കെ മുരളീധരന്‍: വടകരയില്‍ ഷാഫി, പക്ഷെ ഒരു ആശങ്ക ബാക്കി, അങ്ങനെയെങ്കില്‍
കോഴിക്കോട്: കോണ്‍ഗ്രിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. കേരളം ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങളിലെ പട്ടികയാണ് പുറത്തിറങ്ങാന്‍ പോകുന്നത്. കേരളത്തിലെ സ്ഥാനാർത്ഥി പട്ടികയില്‍ അവസാന നിമിഷം വമ്പന്‍ സർപ്രൈസ് ഉണ്ടാകുമെന്ന സൂചനകളും പുറത്ത് വന്നുകഴിഞ്ഞു. ബാക്കിയെല്ലാം സീറ്റുകളിലും സിറ്റിങ് എംപിമാർ മത്സരിക്കുമ്പോള്‍ വടകരയിലും തൃശൂരിലും മാറ്റത്തോടെയായിരിക്കും കോണ്‍ഗ്രസ് പട്ടിക പുറത്തിറങ്ങുക.
നിലവിലെ വടകര എംപിയായ കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനാണ് സാധ്യത. നേരത്തെ തന്നെ ഇത്തരമൊരു ആലോചന പാർട്ടിയില്‍ ഉണ്ടായിരുന്നെങ്കിലും പത്മജ വേണുഗോപാല്‍ ബി ജെ പിയില്‍ പോയതിന് പിന്നാലെ പാർട്ടി ഇക്കാര്യം ഉറപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. കെ കരുണാകരന്റെ തട്ടകമായിരുന്ന തൃശൂർ നിലനിർത്താന്‍ എന്തുകൊണ്ടും യോഗ്യന്‍ കെ മുരളീധരനാണെന്ന് നേതൃത്വം വിലയിരുത്തുന്നു.

ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും വടകരയില്‍ കെ മുരളീധരന് വേണ്ടിയും തൃശൂരില്‍ ടി എന്‍ പ്രതാപന് വേണ്ടിയും പാർട്ടി അണികള്‍ പ്രചരണം തുടങ്ങിയിരുന്നു. നേതൃത്വത്തില്‍ നിന്നുള്ള ഉറപ്പ് ലഭിച്ചതോടെയായിരുന്നു സ്ഥാനാർത്ഥികളും യോഗങ്ങളും മറ്റും ആരംഭിച്ച് മണ്ഡലത്തില്‍ സജീവമായത്. എന്നാല്‍ അവസാന നിമിഷം മാറ്റമുണ്ടാകുകയായിരുന്നു.
നിലവിലെ തൃശൂർ എംപി ടിഎന്‍ പ്രതാപന് നിയമസഭയില്‍ മത്സരിക്കാന്‍ ടിക്കറ്റ് വാഗ്ദാനം നല്‍കി കൊണ്ടാണ് പുതിയ ഫോർമുല തയ്യാറാക്കിയത്. കെ മുരളീധരന്‍ തൃശൂരിലേക്ക് പോകുന്നതോടെ വടകരയില്‍ ഷാഫി പറമ്പില്‍ അല്ലെങ്കില്‍ ടി സിദ്ധീഖ് എന്നിവരില്‍ ആർക്കെങ്കിലും ഒരാള്‍ക്ക് നറുക്ക് വീണേക്കും. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ മത്സരത്തിന് ഇറങ്ങുകയാണെങ്കില്‍ കോണ്‍ഗ്രസ് പട്ടികയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നും മറ്റ് പ്രതിനിധികള്‍ ഉണ്ടാവില്ല. ഈ സാഹചര്യവും ഷാഫിയേയും സിദ്ധീഖിനേയും പരിഗണിക്കാന്‍ ഇടയാക്കി.
ഷാഫി പറമ്പിലിനാണ് പ്രഥമ പരിഗണനയെങ്കിലും അദ്ദേഹം വിജയിച്ച് കഴിഞ്ഞാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതായി വരും. ഈ ഉപതിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ അല്ലാതെ മറ്റൊരാള്‍ക്ക് സീറ്റ് നിലനിർത്താന്‍ സാധിക്കുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ബി ജെ പിയുമായുള്ള ശക്തമായ മത്സരത്തിനൊടുവില്‍ അവസാന നിമിഷമായിരുന്നു ഷാഫി 2021 ല്‍ മണ്ഡലം നിലനിർത്തിയത്. ഈ ഘടകം പരിഗണിച്ച് ഷാഫിയെ മാറ്റി നിർത്തുകയാണെങ്കില്‍ മാത്രം ടി സിദ്ധീഖിനെ പരിഗണിക്കും. കല്‍പ്പറ്റയില്‍ ഉപതിരഞ്ഞെടുപ്പ് വന്നാലും ജയിച്ച് കയറാമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്.
കോണ്‍ഗ്രസ് പട്ടികയില്‍ ആലപ്പുഴയില്‍ കെ സി വേണുഗോപാലും കണ്ണൂരില്‍ കെ സുധാകരനും സ്ഥാനാർത്ഥികളായേക്കുമെന്ന കാര്യവും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധി തുടരും. സംഘടന ചുമതലയുണ്ടെങ്കിലും എ ഐ സി സി നേതൃത്വത്തിന്റെ ആശീർവാദത്തോട് കൂടിയാണ് കെസിയുടെ മത്സരം. ബാക്കി സിറ്റിംഗ് എംപിമാർ എല്ലാവരും തുടരും.
തിരുവനന്തപുരത്ത് ശശി തരൂർ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്, പത്തനംതിട്ടയിൽ ആന്റോ ആന്റണി, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡൻ, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ചാലക്കുടിയിൽ ബെന്നി ബഹനാൻ, പാലക്കാട് വികെ ശ്രീകണ്ഠൻ, ആലത്തൂരിൽ രമ്യ ഹരിദാസ്, കോഴിക്കോട് എംകെ രാഘവൻ, കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരാണ് വീണ്ടും മത്സരിക്കുന്ന സിറ്റിങ് എംപിമാർ.












Click it and Unblock the Notifications