ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യണം: വോട്ടിനായി എന്തും പറയാമോ: കെ സുരേന്ദ്രന്‍
പത്തനംതിട്ട: പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ പത്തനംതിട്ട എംപി ആൻ്റോ ആൻ്റണി രാജ്യത്തെ അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആൻ്റോക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ആരുടെ വോട്ടിന് വേണ്ടിയാണ് ഇത്തരമൊരു നീചമായ പ്രസ്താവന നടത്തിയതെന്ന് ആൻ്റോ പറയണം. ഇന്ത്യൻ സൈന്യം ആവർത്തിച്ച് വ്യക്തമാക്കിയ കാര്യമാണ് നാല് വോട്ടിന് വേണ്ടി പത്തനംതിട്ട എംപി മാറ്റി പറയുന്നതെന്നും ബി ജെ പി അധ്യക്ഷന്‍ പറഞ്ഞു.
രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച 44 സൈനികരെ അവഹേളിക്കുകയും സൈന്യത്തിൻ്റെ ആത്മവീര്യത്തെ ചോദ്യം ചെയ്യുകയും ചെയ്ത പ്രസ്താവനയാണിത്. ആൻ്റോയുടെ പാക്കിസ്ഥാൻ അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്നേഹികൾ വോട്ടിലൂടെ മറുപടി പറയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റെയും അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹർജിയിൽ ഹൈക്കോടതിയിലെ തിരിച്ചടി വഴി പിണറായിയും കുടുംബവും കൂടുതൽ പ്രതിസന്ധിയിലായിയെന്നും പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വിമര്‍ശിച്ചു.
എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്ന് രക്ഷപെടാനുള്ള നീക്കത്തിനാണ് തിരിച്ചടി ഉണ്ടായത്. എന്തിനാണ് മാസപ്പടി വാങ്ങിയത് എന്ന കാര്യത്തില്‍ ഇനി എങ്കിലും മുഖ്യമന്ത്രി സത്യം തുറന്ന് പറയണം. ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് എൽഡിഎഫ് സിഎഎയുമായി ഇറങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയും ജീവൽ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിന് പകരം വർഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും പാർട്ടിയും ചെയ്യുന്നത്. എന്നാൽ എൻഡിഎ മോദി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ചർച്ചയാക്കും. കേന്ദ്രസർക്കാർ കേരളത്തിന് വേണ്ടി ചെയ്ത വികസന കാര്യങ്ങൾ ഉയർത്തിയാവും എൻഡിഎയുടെ പ്രചരണം.
ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാന്ദി കുറിക്കും. കോൺഗ്രസിൽ നിന്നും ഇടതുപക്ഷത്തുനിന്നും നിരവധി നേതാക്കൾ ഇതിന് മുന്നോടിയായി ബിജെപിയിൽ ചേരും. ഈ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി ദേശീയ ജനാധിപത്യ സഖ്യം മാറും. എൻഡിഎക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ്- യുഡിഎഫ് പരസ്യബന്ധവം നിലവിൽ വന്നു കഴിഞ്ഞു.
നിലനിൽപ്പ് അപകടത്തിലായതോടെ ഇണ്ടി സഖ്യം കേരളത്തിലും യാഥാർത്ഥ്യമാക്കാനാണ് പിണറായി വിജയനും വിഡി സതീശനും തീരുമാനമെടുത്തിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പദ്മകുമാർ, ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജില്ലാ പ്രസിഡൻ്റ് വിഎ സൂരജ്, ജില്ലാ സെക്രട്ടറി റോയി മാത്യു തുടങ്ങിയവർ സംബന്ധിച്ചു.












Click it and Unblock the Notifications