ലോക കേരള സഭ: മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു; ക്യൂബയും സന്ദര്‍ശിക്കും
തിരുവനന്തപുരം: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. പ്രതിപക്ഷത്തിന്റെ അടക്കം വിമര്‍ശനങ്ങള്‍ ഒരു ഭാഗത്ത് ശക്തമായി ഉയരുമ്പോഴാണ്, അതിനെ തള്ളി മുഖ്യമന്ത്രി അടക്കമുള്ളവര്‍ യുഎസ്സിലേക്ക് തിരിച്ചത്.
ഇന്ന് രാവിലെ 4.35നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴിയാണ് ന്യൂയോര്‍ക്കിലേക്ക് പോയത്. സ്പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രി കെഎന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി വിപി ജോയ് എന്നിവരും സംഘത്തിലുണ്ട്. ജൂണ്‍ പത്തിനാണ് ന്യൂയോര്‍ക്കില്‍ ലോക കേരള സഭയുടെ മേഖലാ സമ്മേളനം നടക്കുന്നത്.

മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതേസമയം ജൂണ്‍ 15, 16 തിയതികളിലായി പിണറായി ക്യൂബയും സന്ദര്‍ശിക്കും. വിവിധ വകുപ്പു സെക്രട്ടറിമാരും, ഭാര്യ കമല വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. സ്പീക്കര്‍ക്കൊപ്പം ഭാര്യയും മകനുമുണ്ട്.
നോര്‍ക്ക വൈസ് ചെയര്‍മാനായ പി ശ്രീരാമകൃഷ്ണനും സംഘവും നേരത്തെ തന്നെ അമേരിക്കയിലേക്ക് പുറപ്പെട്ടിരുന്നു. പതിനൊന്നിന് നിക്ഷേപ സംഗമത്തിലും, ടൈംസ് സ്‌ക്വയറിലെ പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
വാഷിംഗ്ടണില്‍ ലോക്ബാങ്ക് പ്രതിനിധികളുമായി പന്ത്രണ്ടിന് മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും. പതിമൂന്നിന് മേരിലാന്‍ഡിലെ മാലിന്യ നിര്‍മാജന സംവിധാനം പഠിക്കാനായും സമയം ചെലവിടും.
പതിനാലിന് ക്യൂബയിലെ ഹവാനയിലേക്ക് മുഖ്യമന്ത്രിയും സംഘവും പോകും. അതേസമയം ക്യൂബന്‍ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യ മന്ത്രി വീണ ജോര്‍ജും ചേരും. ജൂണ്‍ 19നാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങുക.
മുഖ്യമന്ത്രിയുടെ വിദേശയാത്ര ധൂര്‍ത്താണെന്ന പ്രതിപക്ഷ വിമര്‍ശനം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ആരോപിച്ചു. കേരളത്തിന് ഈ വിദേശ സന്ദര്‍ശനം ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications