ലോക കേരള സഭ: പണം ലഭിച്ചതെവിടെ നിന്ന്, എത്ര ചെലവായി? എല്ലാ സുതാര്യമാക്കുമെന്ന് സംഘാടക സമിതി
ന്യൂയോര്‍ക്ക്: ലോക കേരള സഭ സമ്മേളനം സംബന്ധിച്ച് പണപ്പിരിവ് വിവാദമായതോടെ വിശദീകരണവുമായി സംഘാടക സമിതി രംഗത്ത്. അമേരിക്കയില്‍ നടക്കാനിരിക്കുന്ന സമ്മേളന നടത്തിപ്പില്‍ സുതാര്യത ഉറപ്പ് വരുത്തും എന്നും സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് വിവാദമാവുകയും വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടി ആയതിനാല്‍ തന്നെ പ്രൗഢ ഗംഭീരമായിരിക്കണം എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് സംഘാടക സമിതി അംഗം കെ ജി മന്മഥന്‍ നായര്‍ പറഞ്ഞു. അതിനാല്‍ തന്നെ ഈ പരിപാടി കഴിയുമ്പോള്‍ ഇതിന് എവിടെ നിന്ന് പണം ലഭിച്ചു എന്നും എത്ര പണം ചെലവായി എന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംഘാടക സമിതിക്ക് ബാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ നടത്തിപ്പിനോട് അനുബന്ധിച്ച് കേരള സര്‍ക്കാരില്‍ നിന്ന് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ തന്നിട്ടില്ലെന്നുമാണ് സംഘാടക സമിതി വ്യക്തമാക്കുന്നത്. അതേസമയം ലോക കേരളസഭ സമ്മേളനത്തിന്റെ അമേരിക്കന്‍ പതിപ്പിന് ഭാരിച്ച ചിലവാണ് പ്രതീക്ഷിക്കുന്നത്. ന്യൂയോര്‍ക്കില്‍ ജൂണ്‍ 9 മുതല്‍ 11 വരെയാണ് ലോക കേരളാസഭ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം ഏകദേശം ആറര ലക്ഷം ഡോളര്‍ (അഞ്ചര കോടി രൂപ) പരിപാടിയുടെ നടത്തിപ്പിന് വേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്. ടൈംസ് സ്‌ക്വയറില്‍ ആണ് നടക്കുന്ന സമാപന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക വേദിയാണ് ഒരുക്കുന്നത്. മുഖ്യമന്ത്രി സംസാരിക്കുന്ന രണ്ട് മണിക്കൂര്‍ പരിപാടിക്ക് ഏകദേശം രണ്ട് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ മാസം എട്ടിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യു എസിലേക്ക് പുറപ്പെടുന്നത്.
അതിനിടെ ലോക കേരള സഭയുടെ സ്‌പോണ്‍സര്‍ഷിപ്പ് പണപ്പിരിവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് നോര്‍ക്കയുടെ തീരുമാനം. സ്‌പോണ്‍സര്‍ഷിപ്പ് എന്നത് അമേരിക്കന്‍ രീതിയാണെന്നും പണം കണ്ടെത്താനാകാതെ പരിപാടി നടത്താനാകില്ല എന്നുമാണ് നോര്‍ക്ക പറയുന്നത്. നോര്‍ക്ക ഡയറക്ടറാണ് പരിപാടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍. അതേസമയം ലോക കേരളസഭ ബഹിഷ്‌കരിക്കാന്‍ യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്.
യു ഡി എഫിന്റെ പ്രവാസി സംഘടനകളോ നേതാക്കളോ ലോക കേരള സഭയില്‍ പങ്കെടുക്കില്ല എന്നാണ് മുന്നണി കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞത്. കോടികള്‍ പൊടിച്ച് ലോക കേരള സഭ നടത്തുന്നത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അമേരിക്ക സന്ദര്‍ശിക്കുന്നതിന് വേണ്ടി നടത്താന്‍ മാത്രമാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പില്‍ നടത്തുന്നതിനാല്‍ ഖജനാവിന് സാമ്പത്തിക ചെലവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്.












Click it and Unblock the Notifications