ലോക കേരള സഭ: പ്രതിപക്ഷത്തിന്റെ നിലപാട് പ്രവാസികളോട് കാണിച്ച കൊടും ക്രൂരതയെന്ന് സിപിഎം
തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിന്റെ നിലപാട് പ്രവാസികളോട് കാണിച്ച കൊടും ക്രൂരതയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിന്റെ സമ്പദ്‌ഘടനയില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കുന്ന ജനവിഭാഗമാണ് പ്രവാസികള്‍. കേരളത്തിലെ സമസ്‌ത മേഖലകളുടേയും പുരോഗതിക്ക് വലിയ പിന്തുണയാണ് പ്രവാസി മേഖലയില്‍ നിന്നും ലഭിക്കുന്നത്. കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ന്ന നിലയില്‍ കൊണ്ടുപോകുന്നതിനും പ്രധാന പങ്ക് പ്രവാസികള്‍ വഹിക്കുന്നുണ്ട്. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന കാര്യത്തിലും വലിയ സംഭാവനയാണ് പ്രവാസികള്‍ നല്‍കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ സംസ്ഥാനം പ്രളയമുള്‍പ്പടെയുള്ള ദുരന്തം നേരിടുന്ന ഘട്ടത്തിലും ജനിച്ച നാടിനെ കൈപിടിച്ചുയര്‍ത്താന്‍ പ്രവാസികള്‍ നല്‍കിയ സഹായം ആര്‍ക്കും വിസ്‌മരിക്കാനാകുന്നതല്ല. കോവിഡ് കാലം മറ്റ് എല്ലാ മേഖലയിലും എന്നപോലെ പ്രവാസികള്‍ക്കും വലിയ ദുരിതമാണ് സംഭാവന ചെയ്‌തിട്ടുള്ളത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിന്റെ പൊതു പ്രശ്‌നമായിക്കണ്ട് പരിഹരിക്കുന്നതിനുള്ള ഒരു സംവിധാനമായി ലോക കേരള സഭ പ്രവര്‍ത്തിക്കുമെന്നാണ് പ്രവാസികള്‍ പ്രഖ്യാപിച്ചത്.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം അവസാന ഘട്ടത്തില്‍ പിന്മാറുന്ന നടപടിയാണ് പ്രതിപക്ഷം കാണിച്ചത്. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിപക്ഷത്തിന് താല്‍പര്യമില്ല എന്നത് ഇതില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. വിദൂരതയില്‍ ജീവിക്കുമ്പോഴും ഈ നാടിനെക്കുറിച്ച് ചിന്തിക്കുകയും, സഹായിക്കുകയും ചെയ്യുന്ന നമ്മുടെ കൂടപ്പിറപ്പുകളോടാണ് ഇത്തരമൊരു നിലപാട് പ്രതിപക്ഷം സ്വീകരിച്ചത്. ഇതിലൂടെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിപക്ഷത്തിന് താല്‍പര്യമില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണെന്നും സി പി എം സെക്രട്ടറിയേറ്റ് കൂട്ടിച്ചേർത്തു.
പ്രവാസി സമൂഹത്തിന്‍റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ദീർഘകാല വികസന നയ സമീപനങ്ങളാണ് പ്രവാസികളുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടത്തുന്നത്. കേരളത്തിൽ പുതിയ കർമ്മ പദ്ധതികൾ വേണം. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്, കേരളത്തിന്റെ വികസനത്തിൽ പ്രവാസികളെ കൂടി ഉൾപ്പെടുത്താൻ സാധിച്ചു, സമഗ്രമായ കുടിയേറ്റ നിയമം വേണം. പ്രവാസികളോട് സംസ്ഥാന സർക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്.
തിരികെ എത്തുന്ന പ്രവാസികളുടെ ഡാറ്റാ ശേഖരണം അത്യാവശ്യമാണ്. മടങ്ങിവരുന്നവരുടെ പുനരധിവാസത്തിന് ഇത് അനിവാര്യമാണ്.17 ലക്ഷം പ്രവാസികൾ കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തി. ഇവരുടെ പുനരധിവാസത്തിന് നാളിതുവരെ കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications