ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്: സര്‍ക്കാരിന്റെ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന്റെ വാദ മുഖങ്ങള്‍ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കി. ഭേദഗതി ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 27-ന് യു.ഡി.എഫ് പ്രതിനിധി സംഘം നല്‍കിയ കത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.

പൊതുപ്രവര്‍ത്തകനോട് ക്വോ വാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. കെ.സി. ചാണ്ടി vs ആര്‍ ബാലകൃഷ്ണപിള്ള കേസ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ വാദമുന്നയിക്കുന്നത്. എന്നാല്‍ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി B.R. Kapoor versus State Of Tamil Nadu ( September 21, 2001) എന്ന കേസില്‍ ക്വോ വാറന്റോ റിട്ടിലൂടെ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. ക്വോ വാറന്റോ റിട്ടിലൂടെ പൊതുപ്രവര്‍ത്തകനെ ഒരു സ്ഥാനത്ത് നിന്നും പുറത്താക്കാമെന്ന സുപ്രീം കോടതിയുടെ ഈ ഉത്തരവ് രാജ്യത്തെ മറ്റെല്ലാം കോടതികള്‍ക്കും ബാധകമാണ്.

സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്ന കെ.സി. ചാണ്ടി Vs ആര്‍ ബാലകൃഷ്ണപിള്ള കേസില്‍ ഒരു മന്ത്രി നടത്തുന്ന സത്യപ്രതിജ്ഞാ ലംഘനത്തില്‍ ക്വോ വാറന്റോ പുറപ്പെടുവിക്കാനുള്ള പരിമിതി മാത്രമാണ് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെ രൂപീകൃതമായ ലോകയുക്ത അഴിമതിക്കെതിരായ സംവിധാനമാണ്. അല്ലാതെ സത്യപ്രതിജ്ഞാ ലംഘനത്തിനെതിരെ നടപടിയെടുക്കുകയെന്നത് ലോകായുക്തയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതല്ല. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് കെ.ടി ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് ഉത്തരവിട്ടതും ബന്ധു നിയമനത്തിനായി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പരാതിയിലാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വിശദീകരിക്കുന്നു. സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങളെല്ലാം ഖണ്ഡിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങള്‍ക്കൊന്നും നിയമത്തിന്റെ പിന്‍ബലമില്ലാത്ത സാഹചര്യത്തില്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷ നേതാവ് വീണ്ടും അഭ്യര്‍ഥിച്ചു.

അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്ത ക്ലീന്‍ചിറ്റ് നല്‍കിയ നടപടിയിലും അദ്ദേഹം പ്രതികരിച്ചു. മന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത് അഴിമതിയാണോ എന്നായിരിക്കും ലോകായുക്ത പരിശോധിച്ചിരിക്കുക. അഴിമതി ഇല്ലെന്നു കണ്ടെത്തുന്നതില്‍ വിരോധമില്ല. എന്നാല്‍ മന്ത്രിക്ക് എങ്ങനെ ക്ലീന്‍ചിറ്റ് കൊടുക്കാനാകും? കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ പത്താം വകുപ്പില്‍ വി.സി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നവരെയാണ് വി.സിയായി ചാന്‍സലര്‍ നിയമിക്കുന്നത്. 60 വയസില്‍ കൂടുതല്‍ പ്രായമുള്ളയാളെ വി.സിയാക്കരുതെന്നും നിയമത്തിലുണ്ട്. പ്രോ ചാന്‍സലറായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സര്‍വകലാശാല നിയമത്തിലെ പത്താം വകുപ്പ് ലംഘിച്ചുകൊണ്ടാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. പത്താം വകുപ്പ് പ്രകാരം നിയമിച്ച സേര്‍ച്ച് കമ്മിറ്റി പിരിച്ചു വിടണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇത് എങ്ങനെ നിയമവിധേയമാകും?

വി.സി പുനര്‍നിയമത്തില്‍ മന്ത്രി കത്തെഴുതിയാല്‍ സ്വീകരിക്കേണ്ട ബാധ്യത ചാന്‍സലറായ ഗവര്‍ണര്‍ക്കില്ല. ഗവര്‍ണര്‍ ചെയ്തതും നിയമവിരുദ്ധമായ കാര്യമാണ്. മന്ത്രിയും ചാന്‍സലറും ഒരു പോലെ തെറ്റു ചെയ്തു. പ്രോ വി.സി എന്ന നിലയിലാണ് മന്ത്രി ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്ത് കൊടുത്തത്. അങ്ങനെയെങ്കില്‍ ഗവര്‍ണറും മന്ത്രിയും കൂടി വി.സിയെ നിയമിച്ചാല്‍ പോരെ? നിയമസഭ നിയമം പാസാക്കിയത് ഷോക്കേസില്‍ വയ്ക്കാനാണോ?പ്രതിപക്ഷം ലോകായുക്തയെ അല്ല ലോകായക്ത വിധിയെ ആണ് വിമര്‍ശിക്കുന്നത്. എതിരായി വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡിജിക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയത് സി.പി.എമ്മാണ്. അത്തരമൊരു സംസ്‌ക്കാരമല്ല യു.ഡി.എഫിനും കോണ്‍ഗ്രസിനും. പ്രതിപക്ഷത്തെ എല്ലാവരുമായി ആലോചിച്ചാണ് രമേശ് ചെന്നിത്തല കേസ് കൊടുത്തത്. അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല. പ്രതിപക്ഷത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് അദ്ദേഹം കേസ് കൊടുത്തത്.












Click it and Unblock the Notifications