ലോകായുക്ത: വീണ്ടും നിലപാട് കടുപ്പിച്ച് സിപിഐ, നിയമം ശക്തിപ്പെടുത്താനുള്ളതാണ്
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ വിയോജിപ്പ് ആവർത്തിച്ച് സി പി ഐ. ഓര്‍ഡിനന്‍സ് കൊണ്ടുവന്നവര്‍ അതിന് നിരത്തിയ കാരണങ്ങള്‍ പര്യാപ്തമല്ലെന്നാണ് സി പി ഐ വിമർശിക്കുന്നത്. 22 വര്‍ഷം മുന്‍പ് കേന്ദ്ര നിയമനീതിന്യായ വകുപ്പ് കണ്ടുപിടിക്കാത്ത ഭരണഘടനാ വിരുദ്ധത, ലോകായുക്തയുടെ പ്രസ്താവനയില്‍ കണ്ടെത്തിയ കേരളത്തിലെ നിയമ പണ്ഡിതരുടെ കഴിവ് അപാരമാണെന്ന പരിഹാസവും സി പി ഐ മുഖപത്രമായ ജനയുഗത്തിലെഴുതിയ ലേഖനത്തില്‍ പാർട്ടി അസിസ്റ്റന്‍ഡ് സെക്രട്ടറി പ്രകാശ് ബാബു കുറിക്കുന്നു. ലോകായുക്താ നിയമം ദുര്‍ബലപ്പെടുത്താനുള്ളതല്ല, കൂടുതല്‍ ശക്തിപ്പെടുത്താനുള്ളതാണെന്ന് ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ മറന്നുപോകരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..
22 വർഷം മുൻപ് കേരള നിയമസഭ പാസാക്കിയ ഒരു നിയമം ഫെബ്രുവരിയിൽ നിയമസഭ സമ്മേളിക്കാൻ ഇരിക്കേ ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകൾ ഒന്നുമില്ലാതെ ധൃതിയിൽ ഒരു ഓർഡിനൻസിൽക്കൂടി ഭേദഗതി ചെയ്യേണ്ടതുണ്ടായിരുന്നോ എന്നതാണ് ഇന്ന് പലരും ഉന്നയിക്കുന്ന സംശയം.ഒരു സിറ്റിങ് ജഡ്ജി പാടില്ലായെന്ന വിധത്തിൽ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതിന്റെ യുക്തി അചിന്തനീയം. ഏറ്റവും പ്രധാന ഭേദഗതി 14-ാം വകുപ്പിൽ കൊണ്ടുവന്നതാണ്. 14-ാം വകുപ്പിൽ പറയുന്നത് കഴമ്പുണ്ടെന്ന് തെളിയുന്ന ചില പരാതികളിൽ ആരോപണ വിധേയനായ പൊതു പ്രവർത്തകൻ ആ സ്ഥാനത്ത് തുടരുന്നത് ശരിയല്ലായെന്ന് ലോകായുക്തക്കോ ഉപലോകായുക്തയ്ക്കോ ബോധ്യപ്പെട്ടാൽ അധികാരസ്ഥാനത്തേക്ക് നൽകുന്ന റിപ്പോർട്ടിനോടൊപ്പം ഈ ആവശ്യത്തിലേക്കായി ഒരു പ്രസ്താവന കൂടി നൽകണം. അധികാരസ്ഥാനം ആരാണോ അവർ ഈ പ്രസ്താവന അംഗീകരിക്കണം. പ്രസ്താവന അംഗീകരിക്കാൻ കോമ്പിറ്റന്റ് അതോറിറ്റി ബാധ്യസ്ഥമാണ് എന്ന് നിയമം വ്യക്തമാക്കുന്നു. ഇതാണ് ഗവൺമെന്റ് ഓർഡിനൻസിൽക്കൂടി ഭേദഗതി ചെയ്തതെന്നും പ്രകാശ് ബാബു ചൂണ്ടിക്കാട്ടുന്നു.

ഭേദഗതി ചെയ്തപ്പോൾ ലോകായുക്തയോ ഉപലോകായുക്തയോ റിപ്പോർട്ടിനോടൊപ്പം നൽകുന്ന പ്രസ്താവന "കോമ്പിറ്റന്റ് അതോറിറ്റി"ക്ക് (അധികാരസ്ഥാനം) അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം എന്ന് തിരുത്തി. 1999ൽ ബില്ല് പാസാക്കുന്ന വേളയിൽ അതിന്റെ മൂന്നാം വായനയിൽ മുഖ്യമന്ത്രി ഇ കെ നായനാർ "പൊളിറ്റിക്കൽ കറപ്ഷൻ ഇല്ലാതാക്കുന്നതിന് സംശുദ്ധമായ ഭരണം കാഴ്ചവയ്ക്കണമെന്നും", "അഴിമതി വരുമ്പോൾ അതു നേരിടാൻ നമുക്കുള്ള ഉപകരണമാണ് ലോകായുക്ത നിയമം" എന്നും നിയമസഭയിൽ വളരെ ആർജവത്തോടെ പറയുകയുണ്ടായി. ഈ നിയമം കൂടുതൽ ശക്തമാക്കുകയും ഫലപ്രദമാക്കുകയും ചെയ്യുമെന്നും രണ്ട് വർഷം മുൻപ് ഇന്നത്തെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം അഴിമതിക്കെതിരായ കേരളത്തിലെ രാഷ്ട്രീയ മനസുകളുടെ പ്രതിഫലനമായിരുന്നു. നിസ്വവർഗത്തിനു വേണ്ടി പടപൊരുതുകയും ത്യാഗം സഹിക്കുകയും ചെയ്ത രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനം അഴിമതി വിരുദ്ധ പോരാട്ടത്തിലും മുൻനിരയിലായിരുന്നു. വിവരാവകാശ നിയമം, ലോകായുക്ത, സേവനാവകാശ നിയമം തുടങ്ങിയവ രാഷ്ട്രീയ ധാർമ്മികതയുടെ കൂടി ഉല്പന്നമാണ്. അവയെയൊന്നും ദുർബലപ്പെടുത്താൻ പാടില്ല.
ഓർഡിനൻസിൽക്കൂടിയുള്ള നിയമ ഭേദഗതിയെ അനുകൂലിക്കുന്നവർ പറയുന്ന പ്രധാന വാദഗതികൾ ഇവയാണ്. (1) ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 163 നും 164 നും വിരുദ്ധമാണ്. (2) ലോകായുക്തക്ക് കോടതിയുടെ അധികാരമില്ല. അത് കേവലം ഒരു അന്വേഷണ ഏജൻസി മാത്രമാണ്. ഈ വാദഗതികളൊന്നും ഓർഡിനൻസ് പുറപ്പെടുവിക്കേണ്ടുന്ന അടിയന്തര സാഹചര്യത്തിനു നീതീകരണം നൽകാൻ പര്യാപ്തമല്ല. അപ്പോൾ ഓർഡിനൻസ് എന്തിനായിരുന്നു? ഉത്തരം ഇല്ലാത്ത ചോദ്യമായി അത് ഇന്നും അവശേഷിക്കുന്നു. കേരള ലോകായുക്ത നിയമത്തിന് അസന്റ് (സമ്മതം) നൽകിയത് ഇന്ത്യൻ പ്രസിഡന്റാണ്. ഗവർണർ അല്ല. ഇന്ത്യൻ പ്രസിഡന്റ് ഒരു ബില്ലിന് അസന്റ് നൽകുന്നതിന് മുൻപ് കേന്ദ്ര നിയമ‑നീതിന്യായ വകുപ്പിന്റെ സസൂക്ഷ്മമായ പരിശോധന നടക്കുമെന്നെല്ലാവർക്കുമറിയാം. അവരാരും കണ്ടുപിടിക്കാത്ത ഭരണഘടനാ വിരുദ്ധത "ലോകായുക്തയുടെ പ്രസ്താവന"യിൽ കണ്ടെത്തിയ കേരളത്തിലെ നിയമ പണ്ഡിതരുടെ കണ്ടെത്തൽ അപാരമാണെന്ന് പറയാതിരിക്കാൻ കഴിയില്ല.
ചില വിദഗ്ധരുടെ അഭിപ്രായം ലോക്പാലിനു തുല്യമായതും മറ്റു സംസ്ഥാനങ്ങളിലെ ലോകായുക്തക്ക് തുല്യമായതുമായ നിയമം മതി കേരളത്തിനും എന്നതാണ്. അങ്ങനെയെങ്കിൽ ജനലക്ഷങ്ങളെ മണ്ണിനുടമസ്ഥരാക്കിയ "കേരള ഭൂപരിഷ്കരണ നിയമം" ഉണ്ടാവുകയില്ലായിരുന്നു. ലോകായുക്ത എന്ന പൊതുപ്രവർത്തകരുടെ അഴിമതി തടയാനുള്ള കമ്മിഷൻ ആരോപണ വിധേയനായ ഒരു പൊതുപ്രവർത്തകനിൽ (മുഖ്യമന്ത്രി, മന്ത്രി, എംഎൽഎ തുടങ്ങി ആരുമാകട്ടെ) തെളിവുകൾ സഹിതം ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ അയാൾ സ്ഥാനത്ത് തുടരണമെന്നു പറയുന്നത് രാഷ്ട്രീയത്തിലെ ധാർമ്മികതയ്ക്ക് നിരക്കുന്നതാണോ? അപ്പോൾ നിയമപരമായി കമ്മിഷന്റെ പ്രസ്താവന അംഗീകരിച്ച് സ്ഥാനം ഒഴിയുന്നതല്ലേ നല്ലത്. കേരളീയ ജനതയുടെ മനഃസാക്ഷി അതു മാത്രമേ അംഗീകരിക്കുകയുള്ളൂ. വേണമെങ്കിൽ അപ്പീൽ നൽകുന്നതിനുള്ള ഉപവകുപ്പ് കൂട്ടി ചേർക്കണമെന്ന വാദം നമുക്ക് അംഗീകരിക്കാം. ഈ നിയമം ദുർബലപ്പെടുത്താനുള്ളതല്ല കൂടുതൽ ശക്തിപ്പെടുത്താനുള്ളതാണെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നവരെങ്കിലും മറന്നുപോകരുതെന്നും പ്രകാശ് ബാബു കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications