കെടി ജലീല്‍ വീണത് ആ വിധിയില്‍; പിടിച്ചുനില്‍ക്കാന്‍ ഉന്നയിച്ച മറുവാദങ്ങള്‍ ഇങ്ങനെ... ഒടുവില്‍ രാജി
തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ മാനേജര്‍ പദവിയിലിരിക്കെയാണ് കെടി ജലീലിന്റെ ബന്ധു കെടി അദീബിനെ ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചത്. ഇതുമായി ബന്ധപ്പെട്ട് കെടി ജലീല്‍ അധികാര ദുരുപയോഗം നടത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആദ്യം ആരോപണം ഉന്നയിച്ചത് 2018 നവംബര്‍ രണ്ടിനാണ്. അന്ന് ജലീല്‍ ആരോപണങ്ങള്‍ തള്ളിയെങ്കിലും രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ രാജിവെച്ചിരിക്കുന്നു.
ഇതിന് കാരണമായത് ലോകായുക്തയുടെ വിധിയാണ്. വിധിയും ജലീലിന്റെ മറുവാദങ്ങളും ഇങ്ങനെ....

ലോകായുക്ത ഉത്തരവ്
ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല എന്നാണ് ലോകായുക്ത ഉത്തരവിട്ടത്. യൂത്ത് ലീഗ് നേതാവ് വികെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് അന്വേഷണം നടത്തി ലോകായുക്ത വിധി പ്രഖ്യാപിച്ചത്. ബന്ധുവിനെ നിയമിക്കാന്‍ യോഗ്യതയില്‍ മാറ്റം വരുത്തി എന്നാണ് ജലീലിനെതിരായ പ്രധാന ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണിത് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

നിയമനം നിയമ വിരുദ്ധം
അദീബിനെ നിയമിച്ചത് നിയമവിരുദ്ധമായിട്ടാണെന്ന് ലോകായുക്ത കണ്ടെത്തി. നിയമനത്തിന് വേണ്ടി ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയെന്നും ലോകായുക്ത നിരീക്ഷിച്ചു. സ്വകാര്യ താല്‍പ്പര്യത്തിന് വേണ്ടി മന്ത്രി പദവി ദുരുപയോഗം ചെയ്തു. സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്.

ജലീല്‍ ഹൈക്കോടതിയില്‍
ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ലോകായുക്ത ഉത്തരവ് റദ്ദാക്കണം. ഉത്തരവ് നിയമവിരുദ്ധമാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിധി എന്നും ജലീല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

അന്വേഷണം നടന്നില്ല
ലോകായുക്തയ്ക്ക് ലഭിക്കുന്ന പരാതിയില്‍ ഉചിതമായ ഏജന്‍സി അന്വേഷണം നടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ തനിക്കെതിരായ പരാതിയല്‍ ആ വ്യവസ്ഥ പാലിക്കപ്പെട്ടില്ല. പ്രാഥമിക അന്വേഷണം പോലും നടത്തിയിട്ടില്ല. ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ നിയമനം ലോകായുക്തയുടെ അധികാര പരിധിയില്‍ വരുന്നതല്ല. ഇല്ലാത്ത അധികാരമാണ് ലോകായുക്ത ഉപയോഗിച്ചിരിക്കുന്നതെന്നും ജലീല്‍ വാദിക്കുന്നു.

നേരത്തെ തള്ളിയതാണ്
കോര്‍പറേഷന്‍ നിയമനത്തിന് പ്രത്യേക ചട്ടങ്ങളില്ല. അതുകൊണ്ടുതന്നെ ചട്ടം ലംഘിച്ചു എന്ന് പറയുന്നത് ശരിയല്ല. ബന്ധു നിയമന ആരോപണം ഹൈക്കോടതിയും ഗവര്‍ണറും തള്ളിയതാണ്. ഹൈക്കോടതി അന്തിമ തീരുമാനം എടുക്കും വരെ ലോകായുക്തയുടെ വിധി റദ്ദാക്കണം എന്നായിരുന്നു ജലീലിന്റെ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഹൈക്കോടതി തീരുമാനം പ്രഖ്യാപിക്കും മുമ്പ് ജലീല്‍ ഇന്ന് രാജിവച്ചിരിക്കുകയാണ്.












Click it and Unblock the Notifications