മുല്ലപ്പള്ളിക്കെതിരായ നടപടി; സര്‍ക്കാര്‍ ഉത്തരവ് കയ്യില്‍ കിട്ടിയില്ലെന്ന് ബെഹ്റ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ട കേസ് നല്‍കാന്‍ അനുമതി ആവശ്യപ്പെട്ടുള്ള കത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കയ്യില്‍ കിട്ടിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സിപിഎം ബ്രാഞ്ച് സെക്രട്ടറിയപോലെ ലോക്നാഥ് ബെഹ്റ പെരുമാറുന്നെന്ന മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനായിരുന്നു ബെഹ്റ സര്‍ക്കാറിന്‍റെ അനുമതി തേടിയത്. പോസ്റ്റല്‍ വോട്ട് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം.
സംസ്ഥാന പോലീസ് മേധാവിക്കെതിരായ വിമര്‍ശനത്തിന്‍റെ പേരില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്താല്‍ നിയമപരമായി നേരിടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തില്‍ ഇതുവരെ തനിക്ക് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. കൂടുതല്‍ പരസ്യപ്രസ്താവനക്ക് ഇല്ലെന്നും തന്‍റെ നിലപാട് കോടതിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി ഇന്നലെ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഡിജിപിയും അനുമതി നൽകിയ മുഖ്യമന്ത്രിയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ്മൂടിക്കെട്ടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ആരോപിച്ചത്.
നരേന്ദ്രമോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയന്‍ സഞ്ചരിക്കുന്നത്. പൊലീസിനെ വിമര്‍ശിച്ചതിനാണ് കെപിസിസി പ്രസിഡന്റിനെതിരേ കൊടുവാള്‍ ഓങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള മോദി സർക്കാർ പിന്തുടരുന്ന ഫാസിസവും അസഹിഷ്‌ണുതയും തന്നെയാണ് സി പി എം നേതൃത്വം നൽകുന്ന പിണറായി സർക്കാരും പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു.












Click it and Unblock the Notifications