കെവി തോമസിന് പ്രതിഷേധം;സീറ്റ് നിഷേധിക്കാൻ മാത്രം എന്ത് തെറ്റ് ചെയ്തു?കറിവേപ്പിലയാക്കാൻ അനുവദിക്കില്ല
കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധവുമായി കെവി തോമസ്. കോൺഗ്രസ് തന്നോട് അനീതി കാട്ടി, ഒഴിവാക്കുമെന്ന കാര്യം ഒരാളും തന്നോട് പറഞ്ഞില്ല. താൻ ആകാശത്തിൽ നിന്ന് പൊട്ടിവീണതല്ല. പ്രായമായത് തന്‍റെ തെറ്റാണോ എന്ന് അദ്ദേഹം മാധ്യമങ്ങൾക്കക് മുന്നിൽ പറഞ്ഞു.
എറണാകുളം ലോക്സഭാ മണ്ഡലത്തെ ദീർഘകാലമായി മത്സരിക്കുന്ന നേതാവാണ് കെവി തോമസ്. പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്നും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങൾ എങ്ങനെ തുടരണമെന്നും തനിക്കറിയാമെന്ന് കെ വി തോമസ് പറഞ്ഞു. എന്നാൽ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല.

മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിനും ബിജെപിയിലേക്ക് പോകില്ല എന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. ദീർഘകാലം കോൺഗ്രസ് ഹൈക്കമാന്‍ഡുമായി നേരിട്ട് അടുത്ത ബന്ധം സൂക്ഷിച്ച വ്യക്തിയാണ് കെവി തോമസ്. എന്നാൽ രാഹുൽ ഗാന്ധി എഐസിസി പ്രസിഡന്റ് ആയതോടെ ഹൈക്കമാന്റിലുള്ള തോമസിന്റെ പിടുത്തം അയയുകയായിരുന്നു.
തന്നെ കറിവേപ്പിലയാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നോട് നേതൃത്വം ചെയ്തത് അനീതിയാണെന്നും ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ കോൺഗ്രസ് ദേശീയ വക്താവ് നേരത്തെ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെ കെവി തോമസും ബിജെപിയിലേക്ക് പോകുമോ എന്ന ആശങ്കയും നിലവിലുണ്ട്.












Click it and Unblock the Notifications