രാഷ്ട്രീയ ശക്തി അളക്കണമെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കൂ; ഗവര്‍ണറോട് ബൃന്ദ കാരാട്ട്
ന്യൂദല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ സി പി എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ബി ജെ പിയുടെ നിര്‍ദേശ പ്രകാരമാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് എന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി ജെ പിയില്‍ നിന്ന് ആരിഫ് മുഹമ്മദ് ഖാന്‍ മത്സരിക്കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
സര്‍വകലാശാല ബില്ലുകളെച്ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും പോരടിക്കുന്നതിനിടെയാണ് ബൃന്ദയുടെ പ്രതികരണം. ബി ജെ പി നിലപാട് സ്വീകരിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ തിരഞ്ഞെടുപ്പിലൂടെ നേരിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ഗവര്‍ണര്‍ക്ക് നേരിട്ട് രാഷ്ട്രീയത്തിലേക്ക് വരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അദ്ദേഹം അത് ചെയ്യണം എന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

2024 ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ധാരണയുടെ ഭാഗമാകും എന്നും ബൃന്ദ കാരാട്ട് പറഞ്ഞു. തന്റെ രാഷ്ട്രീയ ശക്തി അളക്കണമെങ്കില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കേരളത്തിലെ ഗവര്‍ണര്‍ നേരിട്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നതാണ് കൂടുതല്‍ ഉചിതം. ബി ജെ പി ടിക്കറ്റ് എടുത്ത് കേരളത്തിലെ ഏത് സീറ്റിലും മത്സരിക്കൂ, അവര്‍ പറഞ്ഞു.
ദിവസേന പരസ്യപ്രസ്താവന നടത്തി സ്വന്തം പദവിയെ അപമാനിക്കുന്നതിന് പകരം മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഗവര്‍ണര്‍ പരിഹരിക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കേരള നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്തത് ഉള്‍പ്പടെ നിരവധി വിഷയങ്ങളില്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.
സര്‍വകലാശാലകളില്‍ തനിക്കെതിരെയുള്ള എസ് എഫ് ഐ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ അടുത്തിടെ സര്‍ക്കാരിനെ കടന്നാക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം എസ് എഫ് ഐ ഗവര്‍ണറുടെ കോലം കത്തിച്ചിരുന്നു.കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ 'പാപ്പാഞ്ഞി' മാതൃകയിലുള്ള കോലം കത്തിച്ചത്. വൈക്കോലും വെള്ളത്തുണിയും കൊണ്ടു നിര്‍മിച്ച 30 അടി ഉയരമുള്ള കോലമായിരുന്നു കത്തിച്ചത്.
ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്നു, എസ് എഫ് ഐയുടെ സമരത്തെയും കണ്ണൂരിനെയും അധിക്ഷേപിച്ചു എന്നീ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് എസ് എഫ് ഐ ജില്ലാ കമ്മിറ്റി കോലം കത്തിച്ച് പ്രതിഷേധിച്ചത്. ഇതിനെതിരെ സി പി എമ്മുകാര്‍ കണ്ണൂരില്‍ കൊലപാതകങ്ങള്‍ നടത്തിയവരാണെന്നും തന്റെ കോലം കത്തിച്ചതില്‍ അദ്ഭുതമില്ലെന്നുമായിരുന്നു ഗവര്‍ണര്‍ പ്രതികരിച്ചത്.












Click it and Unblock the Notifications