വരൻ ഷാഫി പറമ്പിൽ, വധു ജനാധിപത്യം; ഷാഫിയുടെ പ്രചാരണം വേറെ ലെവൽ, വൈറൽ
കോഴിക്കോട്: തിരഞ്ഞെടുപ്പ് ചൂടിലാണ് സംസ്ഥാനം. എൽ ഡി എഫും യു ഡി എഫും ബി ജെപിയുമൊക്കെ തിരക്ക് പിടിച്ച പ്രചാരണത്തിലാണ്.
വിജയം ഉറപ്പാക്കണം ഒന്ന ഒറ്റ ലക്ഷ്യം മുന്നിൽ വെച്ചാണ് മുന്നിണകളുടെ പ്രവർത്തനം. കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വടകര മണ്ഡലം. കെ മുരളീധരൻ കഴിഞ്ഞ തവണ വിജയിച്ച മണ്ഡലത്തിൽ ഇത്തവണ യു ഡി എഫിന് വേണ്ടി രംഗത്തിറക്കിയത് ഷാഫി പറമ്പിലിനെയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജയാണ്.
ഇവിടെ തീപാറുന്ന പോരാട്ടം ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. അത് കൊണ്ട് തന്നെ ഇരുമുന്നണികളും പ്രചാരണത്തിൽ വിട്ടുവീഴ്ച വരുത്തുകയുമില്ല. പുതിയ പുതിയ ആശയങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അത്തരത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫിപറമ്പിലിന് വേണ്ടിയുള്ള വേറിട്ടൊരു പ്രചാരണ രീതിയാണ് വൈറൽ ആവുന്നത്.

കല്യാണക്കത്ത്, അതെ വരൻ ഷാഫി പറമ്പിൽ, വധു ജനാധിപത്യം. വടകരയിൽ ആകെ ചുറ്റക്കറങ്ങുകായണ് ഈ വിവാഹ ക്ഷണകത്ത്.സോഷ്യൽ മീഡിയയിലും വൈറൽ ആണ്. സുഹൃത്തുക്കൾ ഒരുക്കിയ പാട്ടുകളും പ്രചാരണത്തിന് വേറിട്ടൊരു മുഖം നൽകുന്നു.
വിവാഹക്കത്ത് എന്തായാലും ശ്രദ്ധേയമായിട്ടുണ്ട്. ഷാഫി പറമ്പിൽ തന്റെ പഞ്ച് അഭിവാദ്യം നൽകുന്ന ഫോട്ടോയോട് കൂടിയാണ് ക്ഷണക്കത്ത്. വരൻ ഷാഫി പറമ്പിൽ, വധു ജനാധിപത്യം. വോട്ടിംഗ് സുദിനം 2024 ഏപ്രിൽ 26 വെള്ളിയാഴ്ച. മുഹൂർത്തം പകൽ ഏഴിനും അഞ്ചിനും മധ്യേ വോട്ടിംഗ് വേദി പോളിംഗ് ബൂത്ത്. രാജ്യത്തെ വീണ്ടെടുക്കാൻ കൈപ്പത്തി അടയാളത്തിൽ അന്നേ ദിവസം വോട്ട് രേഖപ്പെടുത്താനായി കുടുംബ സമേതം ക്ഷണിക്കുന്നു എന്നാണ് കത്തിൽ. ഈ കത്ത് വൻ വൈറലായി മാറുകയായിരുന്നു.
അതേ സമയം എൽ ഡി എഫും ഒട്ടും പിന്നിലല്ല. കെ കെ ശൈലജയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് കമൽ ഹാസൻ രംഗത്ത് എത്തിയിരുന്നു. കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം പുറത്തുവിട്ട വീഡിയോയിലൂടെയാണ് അദ്ദേഹം എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ചത്. ലോകം പകച്ച് നിന്ന കാലത്ത് കരുത്തും നേതൃപാടവും കാഴ്ചവെച്ച നേതാവാണ് കെ കെ ശൈലജ എന്ന് കമൽ ഹാസൻ പറഞ്ഞു.












Click it and Unblock the Notifications