'സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്നു'; എല്‍ഡിഎഫിനെ ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍; ഒപ്പം ഒഎല്‍എക്‌സ് ലോഗോയും
പാലക്കാട്: ട്രോളുകളിലൂടെ എതിരാളികള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടികള്‍ നല്‍കുന്നതില്‍ ശ്രദ്ധേയനാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍, രാഹുലിന്റെ സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകളും ട്രോളുകളും ഒക്കെ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകാറുണ്ട്, ഇപ്പോള്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ എല്‍ഡിഎഫിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കോണ്‍ഗ്രസ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. ആര്യാടന്‍ ഷൗക്കത്താണ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് വൈകുന്നതിനെതിരെയാണ് രാഹുല്‍ മാങ്കോട്ടത്തിന്റെ പരിഹാസ പോസ്റ്റ്. 'പ്രമുഖ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്നു.... (ചിഹ്നം പ്രശ്നമല്ല) എന്നാണ് ഒഎല്‍എക്സിന്റെ ലോഗോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്
ആര്യാടന്‍ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ദീര്‍ഘകാലം നിയമസഭയില്‍ നിലമ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച കോണ്‍ഗ്രസ് നേതാവ് അന്തരിച്ച ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് ആര്യാടന്‍ ഷൗക്കത്ത്.
സിപിഎമ്മുമായി ഇടഞ്ഞതിനെ തുടര്‍ന്ന് ഇടതു മുന്നണി അംഗമായിരുന്ന പിവി അന്‍വര്‍ രാജിവച്ചതാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്.
അന്‍വറുമായുള്ള തര്‍ക്കങ്ങള്‍ക്കിടയിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് യുഡിഎഫിന് നേട്ടമായി. ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് പാര്‍ട്ടികള്‍ക്കു മുന്നിലുള്ളത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ആര്യാടന്‍ ഷൗക്കത്ത് പ്രചാരണം ആരംഭിക്കുകയും ചെയ്തു.
അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ഥിയെ കണ്ടെത്താനായി മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നിലമ്പൂരില്‍ യോഗങ്ങള്‍ ചേര്‍ന്നു. ആര്യാടന്‍ ഷൗക്കത്തും സിപിഎം നേതൃത്വവും തമ്മില്‍ ചര്‍ച്ച നടത്തിയെന്ന പിവി അന്‍വറിന്റെ ആരോപണം സിപിഎം നേതൃത്വം തള്ളി.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസും മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥിയെ നിര്‍ണയത്തിക്കാന്‍ ജൂണ്‍ ഒന്നിന് വീണ്ടും സംസ്ഥാന കൗണ്‍സില്‍ ചേരും. മലപ്പുറം ജില്ലാ പ്രസിഡന്റ് ഗിരീഷ് കക്കോട്ട്, പൈലി വാത്യാട്ട് എന്നിവരെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.












Click it and Unblock the Notifications