'ബിജെപിക്കാരനെ ഉപയോഗിച്ച് 8 കോടി കൊള്ള, പിരിക്കുക, കക്കുക, മൂക്കുക', മുസ്ലീം ലീഗിനെതിരെ കെടി ജലീൽ
ഖത്തറിലെ കെഎംസിസി ഓഫീസില്‍ നിന്ന് 8 കോടി രൂപ മോഷണം നടത്തിയ സംഭവത്തില്‍ മുസ്ലീം ലീഗിനെതിരെ മുൻ മന്ത്രി കെടി ജലീൽ രംഗത്ത്. കെഎംസിസികളുമായി ഉയർന്ന സാമ്പത്തിക കുറ്റത്തിൻ്റെ ഒരു ചെറിയ അറ്റം മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്നും ലീഗ് നേതാക്കളുടെ കയ്യിൽ പണം പെട്ടാൽ പിന്നെ അതിന് യാതൊരു അഡ്രസ്സുമില്ലാത്ത അവസ്ഥ പതിവായിരിക്കുന്നുവെന്നും കെടി ജലീൽ കുറ്റപ്പെടുത്തി.
കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്: ' ബിജെപിക്കാരനെ ഉപയോഗിച്ച് 8 കോടി കൊള്ള ചെയ്തവർ സമുദായത്തിൻ്റെ നെഞ്ച് പിളർത്താൻ ആർഎസ്എസിനെ ഉപയോഗിക്കില്ലെന്ന് എന്താണുറപ്പ്? ഖത്തർ കെഎംസിസി നിയമവിരുദ്ധമായ ഇൻഷൂറൻസ് എന്നും പറഞ്ഞ് പാവപ്പെട്ട സാധാരണ ലീഗ് പ്രവർത്തകരിൽ നിന്ന് സ്വരൂപിച്ച കോടികൾ സ്വന്തം ഓഫീസിലെ ലോക്കറിൽ സൂക്ഷിക്കുന്നു. പണം വന്ന വഴി നിയമവിരുദ്ധമാണെന്നതിനാൽ ഈ ഭീമമായ തുക ബാങ്കിൽ നിക്ഷേപിക്കാൻ സാധിക്കാത്ത അവസ്ഥ വരുന്നു. ലോക്കർ സൗകര്യത്തോടെ സമാന്തര ബാങ്കായി ഖത്തർ കെഎംസിസി ഓഫീസ് മാറുന്നു.
ഇതറിയുന്ന നേതാക്കൾ വടകര ഭാഗത്ത് നിന്ന് അറിയപ്പെടുന്ന ബിജെപി പ്രവർത്തകൻ ഉൾപ്പടെയുള്ള ഒരു കൊള്ളസംഘത്തെ നാട്ടിൽ നിന്ന് കവർച്ചക്കായി ടിക്കറ്റും വിസയുമെടുത്ത് ഖത്തറിലേക്ക് കൊണ്ടു പോകുന്നു. ലോക്കർ കുത്തിത്തുറന്ന് കൊള്ളയടിച്ച 8 കോടി കെഎംസിസി നേതാക്കൾക്ക് കൈമാറുന്നു. ജോലി കഴിഞ്ഞ സംഘം നാട്ടിലേക്ക് തിരിക്കുന്നു.

കൊള്ള ചെയ്ത 8 കോടി നേതാക്കളുടെ കാറുകളിൽ എത്തിച്ചു കൊടുത്തതിൻ്റെ കൂലിത്തുക ബിജെപിക്കാരൻ ഉൾപ്പടെയുള്ള രാജ്യാന്തര തസ്കര സംഘത്തിന് നൽകാതെ നേതാക്കൾ അവരെ വഞ്ചിക്കുന്നു. ഒരുവർഷം കഴിഞ്ഞിട്ടും ചെയ്ത ''പണിക്ക്" കൂലികിട്ടാതെ വന്നപ്പോൾ ബിജെപി പ്രവർത്തകനും, കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ സംഘ് സ്ഥാനാർത്ഥിയുമായ ബാലകൃഷ്ണൻ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി കുറ്റം ഏറ്റുപറയുന്നു.
മറ്റു പ്രതികൾ 'കട്ട' ജോലിയുടെ കൂലി കിട്ടാൻ, കുറ്റം ചെയ്യിപ്പിച്ചവർക്ക് ഫോൺ ചെയ്യുന്നു. അത് വോയ്സ് ക്ലിപ്പാക്കി പുറത്തു വിടുന്നു. ഇത് ഖത്തർ കെഎംസിസിയിൽ മാത്രം നടന്ന ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. കോവിഡ് കാലത്ത് ഫ്ലൈറ്റ്, ചാർട്ടർ ചെയ്ത് പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന പേരിൽ ദുബായ് കെഎംസിസി സ്വരൂപിച്ച 16.5 കോടിയുടെ കാര്യത്തിലും വലിയ തർക്കവിതർക്കങ്ങളും ആരോപണപ്രത്യാരോപണങ്ങളും തുടരുകയാണ്.
ലീഗും യൂത്ത്ലീഗും എംഎസ്എഫ് ദേശീയ കമ്മിറ്റികളുമെല്ലാം പിരിച്ച പണത്തിൻ്റെയും ചെലവിട്ടതിൻ്റെയും കണക്കു പറയാതെ ഒളിച്ചുകളി നടത്തിയതിൻ്റെ പേരിൽ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കത്വ-ഉന്നാവോ ഫണ്ട് പിരിച്ച് പുട്ടടിച്ച യൂത്ത്ലീഗ് നേതാക്കളായ സുബൈറിനും ഫിറോസിനുമെതിരെ കേരള ഹൈക്കോടതിയിൽ കേസ് പോലും നിലവിലുണ്ട്. പിരിക്കുക, കക്കുക, മൂക്കുക എന്നുള്ളത് അടിമുതൽ മുടിവരെ 'കേൻസർ' പോലെ ലീഗിനെ കാർന്നു തിന്നുകയാണ്. കെഎംസിസികളുമായി ഉയർന്ന സാമ്പത്തിക കുറ്റത്തിൻ്റെ ഒരു ചെറിയ അറ്റം മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഇസ്ലാമിനെയും, പടച്ച തമ്പുരാനെയും മുഹമ്മദ് നബിയേയും മുൻനിർത്തി ലീഗും പോഷക സംഘടനകളും നടത്തുന്ന സാമ്പത്തിക കൊള്ള തടഞ്ഞേ പറ്റൂ. ഈ ലോകത്ത് പച്ചക്കൊടി പിടിക്കുന്നവർക്ക് പരലോകത്ത് ദൈവിക സിംഹാസനത്തിൻ്റെ (അർഷിൻ്റെ) തണൽ കിട്ടുമെന്ന സാദിഖലി തങ്ങളുടെ പ്രസ്താവനയും, ഞങ്ങൾക്ക് മതമാണ്, മതമാണ്, മതമാണ് പ്രശ്നമെന്ന മന്ത്രി കെഎം ഷാജിയുടെ പ്രസ്താവനയും, ലീഗിൻ്റെ മെമ്പർഷിപ്പെടുത്ത് നേരെ തിരിഞ്ഞ് നടന്നാൽ സ്വർഗ്ഗത്തിൽ എത്തുമെന്ന ലീഗ് എംഎൽഎ അഡ്വ: ഫൈസൽ ബാബുവിൻ്റെ പ്രസ്താവനയും, ലീഗും ഇസ്ലാമും ഒന്നാണെന്ന് വരുത്തി വിശ്വാസികളെ സാമ്പത്തികമായും രാഷ്ട്രീയമായും ചൂഷണം ചെയ്യാനുള്ള കുടിലതന്ത്രമാണ്.
ഈ കൊള്ള ഒരു നിലക്കും അനുവദിച്ചു കൊടുത്തു കൂട. ലീഗ് നേതാക്കളുടെ കയ്യിൽ പണം പെട്ടാൽ പിന്നെ അതിന് യാതൊരു അഡ്രസ്സുമില്ലാത്ത അവസ്ഥ പതിവായിരിക്കുന്നു. കള്ളപ്പണത്തിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന മുസ്ലിംലീഗിനെയും യൂത്ത്ലീഗിനെയും കെ.എം.സി.സിയേയും തുറന്നു കാണിക്കാൻ ഇനിയും വൈകിയാൽ മുസ്ലിംസമുദായം ഒന്നടങ്കം അവരുടെ കൊള്ളയുടെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരും'!


Click it and Unblock the Notifications
