'ലോറി കണ്ടെത്തിയിട്ടില്ല, പ്രചരിക്കുന്നത് വെറും വ്യാജ വാർത്ത, തിരിച്ചടിയായത് കാലാവസ്ഥ; വിഡി സതീശൻ
തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന്റെ ലോറി ഇതുവരേയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ലോറി ലൊക്കേറ്റ് ചെയ്തുവെന്നത് വെറും വ്യാജ വാർത്ത മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രക്ഷാപ്രവർത്തനം നിലവിൽ ഊർജിതമായി നടക്കുന്നത്. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നിലവിൽ രക്ഷാപ്രവർത്തനം ഊർജിതമാണ്. രക്ഷാപ്രവർത്തനത്തിന് തടസമായത് കാലാവസ്ഥയാണെന്നും വിഡി സതീശൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.. ഇപ്പോൾ കൂടുതൽ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. ആദ്യത്തെ രണ്ട് ദിവസം പ്രതികൂലമായ കാലവസ്ഥയായിരുന്നു തിരിച്ചടിയായത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിൽ മുന്നറിയിപ്പ് ഉണ്ടായിരുന്നു. മാത്രമല്ല രക്ഷാസംവിധാനങ്ങൾ കൊണ്ടുപോകാനും തടസങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ പ്രദേശത്ത് മഴയില്ല. രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ട്. ലോറി കണ്ടെത്തിയിട്ടില്ല. കണ്ടെത്തിയെന്ന തരത്തിലുള്ള വാർത്തകളൊക്കെ വ്യാജമാണ് ', വിഡി സതീശൻ പറഞ്ഞു.

ലോറിയുടെ ലൊക്കേഷൻ റഡാറിൽ കണ്ടെത്തിയെന്ന് നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സിഗ്നൽ ലഭിച്ച സ്ഥലത്ത് മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ ഊർജിതമായി തന്നെ നടക്കുന്നുണ്ട്. ജെസിബി ഉപയോഗിച്ചാണ് മണ്ണ് നീക്കുന്നത്. എപ്പോൾ മണ്ണ് നീക്കി കഴിയുമെന്നോ ലോറി കണ്ടെത്താൻ ഇനിയും എത്ര സമയം എടുക്കുമെന്നോയുള്ള കാര്യത്തിൽ ഇതുവരേയും വ്യക്തമായൊരു ഉത്തരം നൽകാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. സൂറത്കൽ എൻഐടി സംഘമാണ് റഡാർ ഉപയോഗിച്ചുള്ള പരിശോധന നത്തുന്നത്.
ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 10 മീറ്ററോളം ഉയരത്തിൽ മണ്ണ് മൂടിക്കിടക്കുകയാണ്. മണ്ണുമാറ്റാൻ വെള്ളിയാഴ്ച ശ്രമം നടന്നിരുന്നു. എന്നാൽ വീണ്ടും മണ്ണിടിഞ്ഞു. ഇതോടെ നീക്കം അവസാനിപ്പിക്കുകയായിരുന്നു. മണ്ണ് നീക്കാതെ മുന്നോട്ടുള്ള രക്ഷാപ്രവർത്തനം അസാധ്യമാണ്.
അതേസമയം രക്ഷാപ്രവർത്തനം നീണ്ടുപോകുന്നതിൽ കടുത്ത ആശങ്കയാണ് അർജുന്റെ കുടുംബം പങ്കുവെയ്ക്കുന്നത്. സൈന്യം ഇറങ്ങണമെന്ന ആവശ്യമാണ് കുടുംബം മുന്നോട്ട് വെയ്ക്കുന്നത്. റഡാർ ഉൾപ്പെടെ ഉപയോഗിച്ചുള്ള പരിശോധന എത്രത്തോളം കാര്യക്ഷമമാണെന്ന കാര്യത്തിലും കുടുംബം ആശങ്ക അറിയിച്ചിട്ടുണ്ട്. നാവികസേന, എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.












Click it and Unblock the Notifications