യാസ് ചുഴലിക്കാറ്റ് നാളെ; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ന്യൂനമർദം നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഈ വർഷം രൂപംകൊള്ളുന്ന ആദ്യ ചുഴലിക്കാറ്റാണ് യാസ്. യാസിന്റെ സഞ്ചാപരദത്തിൽ കേരളമില്ലെങ്കിലും വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇന്നും സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കേരള തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല.
അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മെയ് 26 വരെ കേരളത്തിൽ ഇടിമിന്നൽ മുന്നറിയിപ്പും തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷദ്വീപിലും ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 7 മുതൽ 11 സെന്റിമീറ്റർ മഴയാണ് മെയ് 24 വരെ പ്രതീക്ഷിക്കുന്നത്. മെയ് 25ന് ചില പ്രദേശങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർ മഴയും പ്രതീക്ഷിക്കുന്നു.
ഒമാനാണ് ചുഴലിക്കാറ്റിന് 'യാസ്' എന്ന പേരു നിർദേശിച്ചത്. പേർഷ്യനിൽ മുല്ലപ്പൂ എന്നാണ് യാസ് എന്ന വാക്കിന് അർഥം. 'യാസി'ന്റെ വരവ് കേരളത്തിലെ കാലവർഷം നേരത്തേയാക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 31ന് എത്തുമെന്നായിരുന്നു ആദ്യ പ്രവചനം.
അതേസമയം യാസിനെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് ഇന്ത്യൻ തീരത്ത് ഒരുക്കിയിരിക്കുന്നത്. ചുഴലിക്കാറ്റ് തീരം തൊടുന്ന ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചു. ഈസ്റ്റ് കോസ്റ്റ് റെയിൽവേ മേഖലയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10 സ്പെഷൽ ട്രെയിനുകൾ റദ്ദാക്കി. ഇന്ന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായും ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുക്കും.
സൂര്യകാന്തി പൂ പോലെ; മഞ്ഞയിൽ സുന്ദരിയായി പ്രണിത












Click it and Unblock the Notifications