എല്‍പിജി ക്ഷാമം: സ്‌കൂളുകളിലെ ഉച്ചഭക്ഷണം മുടങ്ങരുത്; വിറക് ഉപയോഗിക്കാന്‍ അനുമതി
തിരുവനന്തപുരം: രാജ്യത്ത് പാചക വാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്തിലെ സ്‌കൂളുകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുംമായി പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍. പാചക വാതക ക്ഷാമം മൂലം സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങാന്‍ പാടില്ല എന്നും ഇതിനായി കേരളത്തിലുടനീളമുള്ള സ്‌കൂളുകള്‍ക്ക് പാചകത്തിന് വിറക് ഉപയോഗിക്കാം എന്നും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ നിര്‍ദേശിച്ചു.
ഇതിനായുള്ള താല്‍ക്കാലിക അനുമതി പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യ വ്യാപകമായി നിലനില്‍ക്കുന്ന പാചക വാതക ക്ഷാമം സംസ്ഥാനത്തും പ്രതിഫലിക്കാന്‍ തുടങ്ങിയതോടെയാണ് നടപടി. പാചക വാതക ക്ഷാമം വിതരണ ഏജന്‍സികളെ ബാധിക്കുകയും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ദൈനംദിന ഭക്ഷണ സേവനത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു.

മുമ്പ് സ്‌കൂളുകള്‍ വിറക് ഉപയോഗിക്കുന്നത് നിരോധിക്കുന്ന കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിലവിലെ ഇന്ധന വിതരണ നിയന്ത്രണങ്ങള്‍ കാരണം ഈ നിര്‍ദേശങ്ങള്‍ക്ക് അടിയന്തര ഇളവ് ആവശ്യമായി വന്നിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പോഷകാഹാരം തടസപ്പെടാതിരിക്കാനും അടിയന്തര പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുമായി പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറും ഉച്ചഭക്ഷണ സൂപ്പര്‍വൈസര്‍മാരും തമ്മില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു.
ഈ യോഗത്തിന് പിന്നാലെയാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ പാചക വാതകം ലഭ്യമല്ലാത്ത സ്‌കൂളുകളില്‍ മാത്രമേ വിറക് അനുവദനീയമായിട്ടുള്ളൂ. പ്രാദേശിക വിതരണം പുനഃസ്ഥാപിച്ചുകഴിഞ്ഞാല്‍ സ്‌കൂളുകള്‍ ഉടന്‍ തന്നെ ഗ്യാസ് ഉപയോഗിക്കുന്നതിലേക്ക് മടങ്ങണം എന്നും നിര്‍ദേശിച്ചിട്ടുണ്ട്. നടപടി ഉറപ്പാക്കാന്‍ ഉച്ചഭക്ഷണ ഓഫീസര്‍മാരെ ഈ നിര്‍ദ്ദേശങ്ങള്‍ സ്‌കൂള്‍ അധികാരികള്‍ക്ക് കാലതാമസമില്ലാതെ എത്തിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രാദേശിക ഇന്ധന വിതരണ വെല്ലുവിളികള്‍ക്കിടയിലും സുപ്രധാന പോഷകാഹാര പരിപാടി വിദ്യാര്‍ത്ഥികളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, സാഹചര്യം കൈകാര്യം ചെയ്യണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. അതേസമയം രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഹോട്ടലുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷനും രംഗത്തെത്തി.
ഹോട്ടലുകളില്‍ വിഭവങ്ങള്‍ കുറച്ച്, മെനു പരിഷ്‌കരിക്കണമെന്നും സാധ്യമായ ഇടങ്ങളില്‍ വിറകടുപ്പ് ഉപയോഗിക്കണമെന്നുമാണ് നിര്‍ദേശം. ഹോട്ടലുകള്‍ തമ്മില്‍ പരസ്പര സഹകരണത്തോടെ പൊതുസ്ഥലത്ത് പാചകം ചെയ്യാനുള്ള സംവിധാനങ്ങളൊരുക്കണമെന്ന നിര്‍ദേശവും അസോസിയേഷന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. സ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചിടാതെ സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണം
വിറക് അടുപ്പ് തുടങ്ങിയ സംവിധാനങ്ങള്‍ സാധ്യമായിടത്ത് ഉപയോഗപ്പെടുത്തുക, വൈദ്യുതി പാചക ഉപകരണങ്ങള്‍ ഉള്‍പ്പെടെ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുവാന്‍ ശ്രമിക്കുക, ഓരോ പ്രദേശത്തേയും ഹോട്ടലുകള്‍ തമ്മില്‍ സഹകരിച്ച് ഒരു പൊതുസ്ഥലത്ത് ഭക്ഷണം പാചകം ചെയ്ത് സമീപ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യുന്ന സംവിധാനം ഒരുക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുക എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.












Click it and Unblock the Notifications