എല്‍പിജി വിലയില്‍ വർധനവ്: കുറച്ചതിലേറെ കൂട്ടി, 160 രൂപ കുറച്ച് ഒരു മാസം കഴിയുമ്പോള്‍ 209 രൂപ കൂട്ടി
ഡല്‍ഹി: രാജ്യത്ത് എല്‍ പി ജി വില വർധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള 19 ഗ്രാം സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. സിലിണ്ടറിന് 209 രൂപ വർധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. വിലവർധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില.ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടർ വില, 1731.50 രൂപ ആയി ഉയർന്നു.
സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. ഇതിന് ശേഷം കൃത്യം ഒരു മാസം കഴിയുമ്പോഴാണ് ഇരുന്നൂറിലേറെ രൂപയുടെ വർധനവ് ഉണ്ടാകുന്നത്. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ വർധനവ് ഇല്ല. ആഗസ്ത് 29ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ 200 രൂപ കുറയ്‌ക്കാൻ തീരുമാനിച്ചിരുന്നു.

പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിന് പുറമേയാണ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഇളവും ലഭിക്കുന്നത്. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്‌ക്ക് സിലിണ്ടർ ലഭിക്കും. നേരത്തെ കൊവിഡ് കാലത്ത് പാചക വാതക സബ്‌സിഡി കേന്ദ്രസർക്കാർ എടുത്ത് കളഞ്ഞിരുന്നു. അറുന്നൂറ് രൂപയ്‌ക്ക് കിട്ടിയിരുന്ന സിലിണ്ടറിന്റെ വില ഇതോടെയാണ് ആയിരത്തിന് മുകളിലേക്ക് എത്തിയത്.
പാചകവാതക വിലയില്‍ രാജ്യത്ത് എങ്ങും പ്രതിഷേധവും ശക്തമായിരുന്നു. കർണാടക തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിയില്‍ വരെ വില വർധനവ് സ്വാധീനം ചെലുത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെയാണ് വിലയില്‍ അല്‍പ്പമെങ്കിലും ഇളവ് വരുത്താന്‍ കേന്ദ്ര സർക്കാർ തയ്യാറായത്. 33 കോടി ജനങ്ങൾക്ക് വില കുറച്ചതിന്റെ ഗുണം ലഭിക്കുമെന്നാണ് സർക്കാർ വാദം.
ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കുറച്ചത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങി മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായിരുന്നു. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. അതേസമയം ഉജ്ജ്വല സ്കീമിന് കീഴിൽ പുതിയ എൽപിജി കണക്ഷനുള്ള 1650 കോടി രൂപയുടെ സബ്‌സിഡി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.
75 ലക്ഷം പുതിയ കണക്ഷനുകൾ നൽകാനാണ് അനുമതി. ഇതോടെ മൊത്തം പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയായി ഉയരും. 2016 മെയ് മാസത്തിലായിരുന്നു പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം (എംഒപിഎൻജി) 'പ്രധാനമന്ത്രി ഉജ്ജ്വല യോജന' (പിഎംയുവൈ) ഒരു പ്രധാന പദ്ധതിയായി അവതരിപ്പിച്ചത്.












Click it and Unblock the Notifications