വെള്ളിയാഴ്ച വോട്ടെടുപ്പ്; ജുമുഅ നഷ്ടപ്പെടില്ല, സമയത്തില്‍ ക്രമീകരണം വരുത്താന്‍ തീരുമാനം
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ തന്നെ ചര്‍ച്ചയായതാണ് വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്. ഏപ്രില്‍ 19ന് തമിഴ്‌നാട്ടിലും 26ന് കേരളത്തിലും വോട്ടെടുപ്പ് വെള്ളിയാഴ്ചയാണ്. മുസ്ലിങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുള്ള ദിനമാണിത്. എന്നാല്‍ വോട്ടെടുപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത് നമസ്‌കാര സമയത്തില്‍ ക്രമീകരണം വരുത്താനാണ് പണ്ഡിത സമൂഹത്തിന്റെ തീരുമാനം.
വോട്ടര്‍മാര്‍ക്ക് ജുമുഅ നമസ്‌കാരത്തിന് തടസമുണ്ടാകില്ല. ജുമുഅ നമസ്‌കാരത്തിന് മുമ്പും ശേഷവും അവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കും. എന്നാല്‍ വോട്ടെടുപ്പ് ദിവസം ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചുമതല ഏല്‍പ്പിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് പ്രയാസം നേരിടുക. ഇവരെ കൂടി പരിഗണിച്ച് നമസ്‌കാര സമയത്തില്‍ ചില ക്രമീകരണം വരുത്താനാണ് തീരുമാനം.

തൊട്ടടുത്തായി ഒന്നിലധികം മഹല്ല് കമ്മിറ്റികളുണ്ടെങ്കില്‍ സമയത്തില്‍ ക്രമീകരണം വരുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതൃത്വങ്ങള്‍ നിര്‍ദേശിച്ചു. ഒരു പള്ളിയില്‍ ബാങ്ക് വിളിച്ച ഉടനെയും തൊട്ടടുത്ത പള്ളിയില്‍ അല്‍പ്പം വൈകിയും നമസ്‌കാര സമയം ക്രമീകരിക്കണമെന്നാണ് നിര്‍ദേശം. മഹല്ലുകള്‍ കൂടിയാലോചിച്ചാണ് ക്രമീകരണം വരുത്തേണ്ടതെന്നും ജിഫ്രി തങ്ങള്‍ നിര്‍ദേശിച്ചു.
ജുമുഅ നമസ്‌കാരത്തിനുള്ള സമയം ചുരുക്കാവുന്നതാണെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗവും മുസ്ലിം ജമാഅത്ത് സെക്രട്ടറിയുമായ സൈഫുദ്ദീന്‍ ഹാജി വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം നേതൃത്വത്തില്‍ നിന്ന് ലഭിക്കേണ്ട ആവശ്യമില്ല. പ്രാദേശികമായി ക്രമീകരണം വരുത്താം. പോളിങ് ബൂത്തിന് തൊട്ടടുത്ത് പള്ളിയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് വേഗത്തില്‍ നമസ്‌കരിച്ച് തിരിച്ചെത്താമെന്നും സൈഫുദ്ദീന്‍ ഹാജി പറഞ്ഞു.
ബാങ്ക് വിളിച്ച ഉടനെ ഒരിടത്ത് ചുരുങ്ങിയ സമയം കൊണ്ട് ജുമുഅ നിസ്‌കാരം പൂര്‍ത്തിയാക്കാം. അതാത് മഹല്ലുകള്‍ക്ക് ഇക്കാര്യത്തില്‍ സമയം തീരുമാനിക്കാം. സമയം മുന്‍കൂട്ടി അറിയിച്ചാല്‍ മതിയാകും. മിനുട്ടുകള്‍ മാത്രമുള്ള ഖുതുബ നിര്‍വഹിക്കാം. എല്ലായിടത്തും ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും സൈഫുദ്ദീന്‍ ഹാജി പറഞ്ഞു.
വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റി മറ്റൊരു ദിവസത്തേക്ക് നിശ്ചയിക്കണം എന്ന് മുസ്ലിം സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കെപിസിസിയും ഈ ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. തുടര്‍ന്ന് സംസ്ഥാന സുന്നി നേതാവ് നജീബ് മൗലവി നടത്തിയ പ്രതികരണം ചര്‍ച്ചയായി. വോട്ടെടുപ്പുന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് നമസ്‌കാര സമയത്തില്‍ ക്രമീകരണം വരുത്തണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രണ്ട് പള്ളികള്‍ തൊട്ടടുത്തുള്ള സ്ഥലത്ത് ഒരു പള്ളിയില്‍ ബാങ്ക് വിളിച്ച ഉടനെയും മറ്റിടത്ത് അല്‍പ്പം വൈകിയും ജുമുഅ നടത്താവുന്നതാണെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അഷ്‌റഫ് ബാഖവി കാളികാവ് പ്രതികരിച്ചു. ഒരു പള്ളി മാത്രമുള്ളിടത്ത് രണ്ട് ജുമുഅ നടത്താവുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.












Click it and Unblock the Notifications