പെരുവഴിയിലേക്ക് മേരിയമ്മ, കേട്ടയുടൻ ഇടപെട്ട് യൂസഫലി, കിടപ്പാടം പോകില്ല, മുഴുവൻ കടവും വീട്ടാൻ ലുലു ഗ്രൂപ്പ്
ആലപ്പുഴ: ചികിത്സയ്ക്കായി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് കിടപ്പാടം ജപ്തി ഭീഷണിയിലായി ആലപ്പുഴ ശ്രീമൂല നഗരം സ്വദേശി മേരിയുടെ ജീവിതം ദുരിതത്തിലായത്. 2 ലക്ഷത്തി 80000 രൂപ അടച്ചില്ലെങ്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസമാണ് ജപ്തി നോട്ടീസ് എത്തിയത്.
ഇത്രയും പണത്തിന് എവിടെപ്പോകും എന്നറിയാതെ മേരിയമ്മ കുഴങ്ങി. എന്നാല്‍ മേരിയുടെ കണ്ണീരൊപ്പിക്കൊണ്ട് ഒരു ഫോണ്‍വിളിയെത്തി. ഇനി പണത്തെക്കുറിച്ച് ഓര്‍ത്ത് മേരിക്ക് ഉറക്കമിളക്കേണ്ട. സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും വേണ്ട. മലയാളിക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമേ ഇല്ലാത്ത വ്യവസായി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയാണ് മേരിയെന്ന ഈ വൃദ്ധയുടെ കണ്ണീരൊപ്പാന്‍ സഹായുമായി രംഗത്ത് എത്തിയത്.

മേരിയുടെ ദുരവസ്ഥയെ കുറിച്ച് കഴിഞ്ഞ ദിവസം 24 ന്യൂസ് പുറത്ത് വിട്ട വാര്‍ത്തയെ തുടര്‍ന്നാണ് വിഷയത്തില്‍ എംഎ യൂസഫലി അടിയന്തരമായി ഇടപെട്ടത്. മേരി വായ്പയെടുത്ത 2 ലക്ഷത്തിന് മേലുളള തുക മുഴുവനായും ലുലു ഗ്രൂപ്പ് അടച്ച് തീര്‍ക്കുമെന്ന് കമ്പനി പിആര്‍ഒ സ്വരാജ് അറിയിച്ചു. ബാങ്ക് അധികൃതരുമായി സംസാരിക്കുകയും തുക വൈകാതെ തന്നെ കൈമാറുകയും ചെയ്യുമെന്നും സ്വരാജ് പറഞ്ഞു. 28ാം തിയ്യതിക്ക് മുന്‍പായി പണം ബാങ്കിലടയ്‌ക്കേണ്ടതുണ്ട്.
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് വീടിന് സമീപത്തുളള സഹകരണ ബാങ്കില്‍ നിന്ന് 1 ലക്ഷം രൂപ മേരി വായ്പയെടുത്തത്. 2012ല്‍ മേരി ഒരു വാഹനാപകടത്തില്‍പ്പെട്ടിരുന്നു. മേരിയെ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ മേരിക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. അങ്ങനെയാണ് മൂന്ന് സെന്റ് ഭൂമി പണയം വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. പിന്നീട് ഭര്‍ത്താവ് മരിക്കുകയും ചെയ്തതോടെ ലോണ്‍ തിരിച്ചടയ്ക്കാന്‍ മേരിക്ക് സാധിച്ചില്ല.
അപകടത്തിന് ശേഷം 9 വര്‍ഷത്തോളം കിടപ്പിലായിരുന്നു. പ്രതിയുടെ ഉന്നത സ്വാധീനം മൂലം അര്‍ഹിച്ച നഷ്ടപരിഹാരം പോലും മേരിക്ക് ലഭിച്ചിരുന്നില്ല. പോലീസും കാര്യമായി ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇപ്പോള്‍ മകന്റെ തുച്ഛമായ വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞ് പോരുന്നത്. മകന് ഭാര്യയും രണ്ട് മക്കളും ഉണ്ട്. കാലിന് സുഖമില്ലാത്തതിനാല്‍ സമീപപ്രദേശങ്ങളില്‍ മാത്രം ഇടയ്ക്ക് മേരി തൊഴിലുറപ്പ് ജോലിക്കും പോയാണ് കുടുംബം പുലര്‍ത്തുന്നത്. അതിനിടെയാണ് ജപ്തിയുടെ വാള്‍ മേരിയുടെ കുടുംബത്തിന്റെ തലയ്ക്ക് മുകളില്‍ തൂങ്ങിനില്‍ക്കുന്ന അവസ്ഥയിലേക്കും എത്തിയത്. എന്നാലിപ്പോള്‍ മേരിക്കും കുടുംബത്തിനും ആശ്വാസത്തണലേകിയിരിക്കുകയാണ് ലുലു ഗ്രൂപ്പ്.












Click it and Unblock the Notifications