എംഎ യൂസഫലി നൽകുന്ന ജോലിയോ, മാസം 30,000 രൂപ ഉണ്ടാക്കാമെന്ന് വാഗ്ദാനം; സത്യം വെളിപ്പെടുത്തി രജിത് കുമാർ
കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ പേരിൽ വ്യാജ പരസ്യം പ്രചരിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി ബിഗ് ബോസ് താരം രജിത് കുമാർ. തന്റെ സുഹൃത്തായ ഒരു വീട്ടമ്മ ആ പരസ്യം കണ്ട് പറ്റിക്കപ്പെട്ടെന്നും പണം നഷ്ടമായെന്നും രജിത് കുമാർ പറഞ്ഞു. തന്റെ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് രജിത് കുമാർ തട്ടിപ്പിനെ കുറിച്ച് വിശദീകരിച്ചത്.
'മലയാളികളുടെ അടുത്തയാളായ ലുലു ചെയർമാൻ എംഎ യൂസഫലിയുടെ ഫോട്ടോ വെച്ച് കൊണ്ട് ഒരു വ്യാജ വാർത്ത പ്രചരിക്കുന്നുണ്ട്. തൃശൂരിലുള്ള മുനീറ എന്ന എന്റെ സുഹൃത്തായ വീട്ടമ്മ ഒരു തട്ടിപ്പിനിരയായി. വീട്ടിലിരുന്നുകൊണ്ട് മാസം 30,000 ഉണ്ടാക്കാം എന്നതായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം. മുനീറക്ക് ലഭിച്ചത് എംഎ യൂസഫലി സാറിന്റെ ഫോട്ടോ വെച്ചുള്ള പരസ്യമാണ്. അതുകൊണ്ട് അവർ വിശ്വസിച്ചു. ആ ഫോട്ടോക്ക് താഴെ ഒരു ഫോൺ നമ്പറും കൊടുത്തിട്ടുണ്ട്. വീട്ടിലിരുന്ന് പാക്ക് ചെയ്തും മറ്റും ദിവസേന ആയിരം രൂപ വെച്ച് മാസത്തിൽ 30,000 ഉണ്ടാക്കാം എന്നാണ് പരസ്യത്തിൽ പറയുന്നത്. തുടർ നടപടി എന്ന നിലയിൽ ഇവർ ആ നമ്പറിലേക്ക് മെസേജ് അയച്ചു. രജിസ്റ്റർ ചെയ്യാൻ 750 രൂപ ഗൂഗിൾ പേ ചെയ്യണമെന്ന് പറഞ്ഞു. പണം നൽകിയതോടെ മുനീറയുടെ ഫോട്ടോ വെച്ചുകൊണ്ടുള്ള ഒരു ഫോട്ടോ ഐഡിയുടെ ഫോട്ടോ വാട്സ് ആപ്പിലൂടെ വന്നു.

ഇതെല്ലാം ചാറ്റിലൂടെയാണ് നടക്കുന്നത്. ഇവർ മലയാളത്തിൽ സംസാരിക്കുമ്പോൾ തിരിച്ചുവരുന്ന മെസേജ് മലയാളത്തിലാണ്. അടുത്ത സ്റ്റപ്പായി 2999 രൂപ അയക്കാൻ പറഞ്ഞു. പണം അയച്ചാൽ കിറ്റുകളും മറ്റും അയച്ച് നൽകാമെന്ന് പറഞ്ഞു. അതുകഴിഞ്ഞ് പെട്ടെന്ന് തന്നെ 3500 നടുത്ത് തുക അയക്കാൻ പറഞ്ഞു. ഇതോടെ താൻ ഇല്ലെന്നും താൻ ആദ്യം നൽകിയ പണം തിരികെ തരാനും മുനീറ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് മറുപടിയൊന്നും ഉണ്ടായില്ല.
ചാറ്റിലൂടെയായതിനാൽ ഇതിന് പിന്നിൽ മലയാളിയാണോയെന്ന് അറിയില്ല.
യൂസഫലി സാറുമായി അടുത്ത ബന്ധമുള്ള ആളാണ് ഞാൻ . എല്ലാ നോമ്പ് സമയത്തും 50,000 രൂപ സക്കാത്ത് അദ്ദേഹം എനിക്ക് തരാറുണ്ട്. ഇതുവരെ നാലരലക്ഷം തന്നിട്ടുണ്ട്, ഈ തുകയൊക്കെ ഞാൻ അർഹരായവർക്ക് കൊടുക്കാറും ഉണ്ട്. ഞങ്ങളുടെ ബന്ധം അറിയുന്നത് കൊണ്ടാണ് മുനീറ എനിക്ക് ഇതിന്റെ സ്ക്രീൻഷോട്ട് അയച്ച് തന്നത്.
മുനീറയുടെ പൈസ പോയെന്ന് മനസിലായതിനാലും യൂസഫലി സാറിനെതിരെ വ്യാജ പ്രചരണം നടക്കുന്നതിനാലും ഉടനെ തന്നെ ഞാൻ യൂസഫലി സാറിനെ ഇക്കാര്യങ്ങൾ അറിയിച്ചു. വാട്സ് ആപ്പിൽ ഈ വിവരങ്ങൾ പങ്കുവെച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മറുപടി ലഭിച്ചില്ല. പിന്നെ ഞാനും ഇത് മറന്ന് പോയി. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും എന്നെ ബന്ധപ്പെട്ടു. ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ മുനീറയുടെ നമ്പർവാങ്ങി. അദ്ദേഹത്തിന്റെ ഓഫീസ് മുനീറയെ ബന്ധപ്പെട്ടിരുന്നു,
ഇന്നലെ ഉച്ചകഴിഞ്ഞ് യൂസഫലി സാർ എന്നെ വിളിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ ലണ്ടൻ പര്യടനത്തിലായിരുന്നു. അതാണ് മറുപടി വൈകിയത് എന്നറിയിച്ചു. വ്യാജ പ്രചരണത്തെ കുറിച്ച് അവബോധം നൽകാൻ സംഭവം വിശദീകരിച്ച് വീഡിയോ ഇട്ടോട്ടെയെന്ന് ഞാൻ അദ്ദേഹത്തിന്റെ അനുവാദം ചോദിച്ചു. അങ്ങനെ വൈകീട്ട് എനിക്ക് അനുവാദം തന്നു. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ വീഡിയോ ചെയ്യുന്നത്. ദയവ് ചെയ്ത് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ വിശ്വസിക്കരുത്. വ്യാജപ്രചരണങ്ങളിൽ വിശ്വസിക്കാതിരിക്കുക', രജിത് കുമാർ പറഞ്ഞു.












Click it and Unblock the Notifications