ഭക്ഷ്യകിറ്റുമായി യൂസഫലി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വറുതിയില്‍ കൈത്താങ്ങ്
തൃശൂര്‍: ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് വലയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മത്സ്യങ്ങളുടെ പ്രജനന സമയമായതിനാല്‍ കേരളത്തില്‍ ഒരു മാസത്തേക്ക് ട്രോളിംഗ് നിരോധനം ആണ്. യന്ത്രങ്ങള്‍ ഘടിപ്പിക്കാത്ത ചെറുവള്ളങ്ങള്‍ക്ക് മാത്രമാണ് ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് അനുമതിയുള്ളത്. അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വറുതിയുടെ കാലമാണ്.
ഈ വറുതിക്കിടയില്‍ ആണ് ആശ്വാസമായി യൂസഫലി എത്തിയത്. സ്വന്തം നാടായ നാട്ടികയിലെ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ആണ് യൂസഫലി വിതരണം ചെയ്തത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടങ്ങിയതോടെ ദുരിതത്തിലായ നാട്ടികയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇത് സഹായമായി. അരിയും പലവ്യഞ്ജന സാധനങ്ങളും ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റാണ് മത്സ്യത്തൊഴിലാളികള്‍ക്കായി വിതരണം ചെയ്തത്.

നാട്ടിക ബീച്ചില്‍ നടന്ന ചടങ്ങില്‍ ഗീതാഗോപി എം എല്‍ എയാണ് ഭക്ഷ്യകിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചത്. വറുതി കാലഘട്ടത്തില്‍ മത്സ്യത്തൊഴിലാളികളെ ചേര്‍ത്ത് പിടിച്ച യൂസഫലിയുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും കാലങ്ങളായി അദ്ദേഹം സ്വന്തം നാട്ടുകാര്‍ക്കായി വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് സഹായ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് എന്നും ഗീത ഗോപി പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ ചേര്‍ത്ത് പിടിക്കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യകിറ്റ് കൈമാറുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ എ ഷൗക്കത്തലി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി എം സിദ്ദിഖ്, വാര്‍ഡ് അംഗം സിനി രാജീവ്, ലുലു ഗ്രൂപ്പ് സി എം ഡിയുടെ സെക്രട്ടറി ഇ എ ഹാരീസ്, ലുലു മീഡിയ ഹെഡ് എന്‍ ബി സ്വരാജ്, കൊടിയമ്പുഴ ദേവസ്വം സെക്രട്ടറി കെ പി നാരായണന്‍, മത്സ്യബന്ധന തൊഴിലാളി പ്രതിനിധി സുബൈര്‍ നാട്ടിക എന്നിവര്‍ സന്നിഹിതരായിരുന്നു.

കാലവര്‍ഷത്തിനൊപ്പം ട്രോളിംഗ് നിരോധനവും തുടങ്ങിയതോടെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം. 52 ദിവസത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സ്യങ്ങളുടെ പ്രജനനം സുഗമമാക്കുന്നതിനും കടല്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനുമായാണ് മണ്‍സൂണ്‍ കാലത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
അതേസമയം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നിരോധന കാലയളവില്‍ ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ പരിധി വരെ പോയി മത്സ്യബന്ധനം നടത്താനാണ് ഇവര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.















Click it and Unblock the Notifications