വൃക്ക രോഗിയായ സന്ദീപിന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ സഹായം; 10 ലക്ഷം കൈമാറി
ആലപ്പുഴ : വൃക്കരോഗം മൂലം ദുരിതം അനുഭവിക്കുന്ന യുവാവിന് സഹായ ഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ആലപ്പുഴ ചന്ദീരൂർ കാട്ടിൽത്തറ വീട്ടിൽ സന്ദീപിനാണ് ചികിത്സയ്ക്ക് ആവശ്യമായ പത്ത് ലക്ഷം രൂപ കൈമാറിയത്.
സന്ദീപും ഭാര്യ അനുവും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സന്ദീപ്. ജ്വല്ലറിയിൽ സെയിൽസ് മാനായി ജോലി ചെയ്യുകയായിരുന്നു. സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് സന്ദീപിന് വൃക്ക രോഗം ബാധിച്ചത്. ഇതോടെ ജീവിതത്തിന്റെ പ്രതീക്ഷകൾ അറ്റു. അച്ഛനും അമ്മയും ഭാര്യയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകളുമടങ്ങുന്ന സന്ദീപിന്റെ കുടുംബം കഴിയുന്നത് ഒറ്റമുറി വീട്ടിലാണ്. ചികിത്സയ്ക്കായി പണം തികയാതെ വന്നതോടെ പണം സ്വരൂപിക്കാൻ സുഹൃത്തുക്കൾ രംഗത്തിറങ്ങുകയായിരുന്നു. ഇതിനിടിയിലാണ് സന്ദീപിന്റെ അവസ്ഥ ഈ ലുലു ഗ്രൂപ്പ് ചെയർമാന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സാമ്പത്തിക സഹായം നൽകാമെന്ന് ലുലു ഗ്രൂപ്പ് അറിയിക്കുകയായിരുന്നു.

സന്ദീപിന്റെ ഇരു വൃക്കകളും മാറ്റിവച്ചെങ്കിൽ മാത്രമേ ഇനി പഴയ ജീവിതത്തിലേക്ക് തിരികെയെത്താൻ സാധിക്കു. വൃക്കമാറ്റി വയ്ക്കുന്നതിന് ഭാര്യ അനു തയ്യാറായെങ്കിലും പാലാരിവട്ടത്തെ ലാബിൽ നടത്തിയ ഡി ടി പി എ ടെസ്റ്റിൽ അനുവിന്റെ വലത് വൃക്കയ്ക്ക് തകരാറുള്ളതായി കണ്ടെത്തുകയായിരുന്നു. അനുവിന്റെ വൃക്ക നൽകിയാലും സന്ദീപിന് ഗുണമുണ്ടാകില്ലെന്ന് ഡോക്ടർ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് വൃക്കദാതാവിനെ കണ്ടെത്തേണ്ട ആവശ്യകതയും എത്തിയത്. ചികിത്സ കഴിഞ്ഞാലും ഒരു വർഷത്തെ വിശ്രമവും ആവശ്യമാണ്. ചികിത്സയ്ക്കായി ഒരുപാട് വാതിലുകൾ മുട്ടിയെങ്കിലും പ്രതീക്ഷിച്ച സഹായം എത്തിയില്ല. ഈ അവസരത്തിലാണ് എം എ യൂസഫലിയുടെ ഇടപെടലും എത്തുന്നത്.
കഴിഞ്ഞ ഡിസംബർ മുതൽ, ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് തുടരുകയാണ്.
ഭാരിച്ച തുകയാണ് ആശുപത്രിയിൽ ചിലവാകുന്നതും. ശസ്ത്രക്രിയയ്ക്ക് വേണ്ട ചികിത്സാ ചിലവിൽ 10 ലക്ഷം രൂപ എം.എ യൂസഫലിക്ക് വേണ്ടി ലുലു ഐ.ടി ഇൻഫ്രാബിൽഡ് , സൈബർ പാർക്ക് ഡയറക്ടർ ആൻഡ് സി ഇ ഒ അഭിലാഷ് വലിയവളപ്പിലും ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ ബി സ്വരാജും ചേർന്ന് കൈമാറി. ജീവിതം തിരിച്ചു നൽകിയ യൂസഫലി സാറിനോടുള്ള നന്ദി വാക്കുകൾ കണ്ണീരോടെയാണ് അനുവും സന്ദീപും അറിയിച്ചത്.


Click it and Unblock the Notifications