എംഎ യൂസഫലി സാറിനോടുള്ള നന്ദി പറഞ്ഞറിയിക്കാനാകില്ല: ഞങ്ങളുടെ മകനെയാണ് അദ്ദേഹം തിരിച്ച് തന്നത്
വ്യവസായ രംഗത്ത് അതുല്യമായ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ തന്നെ ജീവകാരുണ്യ പ്രവർത്തന മേഖലയിലും വളരെ സജീവമായ ഇടപെടല്‍ നടത്തുന്ന വ്യക്തിയാണ് ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എംഎ യൂസഫലി. അദ്ദേഹത്തിന്റെ കാരുണ്യ സ്പര്ശം അനുഭവിച്ച നിരവധിയാളുകള്‍ കേളത്തിന് അകത്തും പുറത്തുമുണ്ട്. അത്തരം ഒരു കുടുംബമാണ് കൊല്ലം കരിക്കോട്ടെ മുഹമ്മദ് സഫ്വാന്റേത്.
14 വയസ്സുള്ള മുഹമ്മദ് സഫ്വാന്‍ ഗുരുതരമായ അസുഖം ബാധിച്ച് വെന്റിലേറ്ററിലായിരുന്നു. വളരെ സാധാരണക്കാരായ ബാലന്റെ കുടുംബം വാടക വീട്ടിലായിരുന്നു താമസം. രക്ഷിതാക്കള്‍ക്ക് മകന്റെ ചികിത്സക്കായി എന്തുചെയ്യണം എന്ന് അറിയാത്ത അവസ്ഥ. ആ സമയത്താണ് ദൈവദൂതനെപ്പോലെ എം എ യൂസഫലി സഫ്വാന്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് വരുന്നത്.

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു യൂസഫലിയുടെ ആശുപത്രി സന്ദർശനം. അദ്ദേഹത്തിന്റെ ഒരു ജീവനക്കാരന്റെ അമ്മയെ കാണാനായിട്ടായിരുന്നു അദ്ദേഹം ആശുപത്രിയില്‍ വന്നത്. ഇതോടെ അദ്ദേഹത്തെ കാണാനായി നിരവധി തവണ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ലെന്നാണ് സഫ്വാന്റെ ഉമ്മ ജി സി എന്‍ ന്യൂസ് എന്ന യൂട്യൂബ് ചാനലിനോട് പറയുന്നത്.
എന്നാല്‍ എങ്ങനെയൊക്കെ അദ്ദേഹത്തിന്റെ മുന്നില്‍ എത്തി "സാറെ എന്റെ മകനെ ഒന്ന് സഹായിക്കാമോ" എന്ന് വിളിച്ച എന്റെ വിളി അദ്ദേഹം കേട്ടു. ഏകദേശം 18 ലക്ഷം രൂപയോളം വരുന്ന ചികിത്സാ ചിലവ് അദ്ദേഹം ഏറ്റെടുക്കുകയും ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനെ അദ്ദേഹം തിരികെ നല്‍കി. ഒരുനാട് മുഴുവന്‍ അവന്‍ തിരികെ വരാനായുള്ള കാത്തിരിപ്പിലായിരുന്നുവെന്നും ഉമ്മ പറയുന്നു.
ഞങ്ങളുടെ പൊന്നുമോനെ ഞങ്ങള്‍ക്ക് വേണം. അവന്‍ ഇല്ലാതെ ഞങ്ങള്‍ക്ക് പറ്റില്ല. സാർ ഹെലികോപ്റ്ററിലേക്ക് കേറാന്‍ പോകുമ്പോഴാണ് എന്റെ വിളി. ആ വിളി എല്ലാവരും ശ്രദ്ധിച്ചെങ്കിലും അദ്ദേഹം സഹായത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചില്ല. അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു കാര്യം അന്വേഷിച്ചു. ഖുർആന്‍ പഠിക്കുന്ന മകനാണെന്നും പെട്ടെന്ന് ശ്വാസം മുട്ട് വന്ന് വെന്റിലേറ്ററിലായെന്നും വിദഗ്ധ ചികിത്സ വേണമെന്നും പറഞ്ഞു.
സർ രോഗത്തെക്കുറിച്ചൊക്കെ അന്വേഷിക്കുകയും വിഷമിക്കേണ്ടെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞ് പോയ അദ്ദേഹം അന്ന് മുതലുള്ള എല്ലാ ചിലവും ഏറ്റെടുത്തു. എന്തെങ്കിലും ചെറിയ സഹായം ചെയ്യുമെന്ന് മാത്രമാണ് വിചാരിച്ചത്. സാറിനിനോട് പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്. ഞങ്ങളുടെ പ്രാർത്ഥനയില്‍ എപ്പോഴും അദ്ദേഹം ഉണ്ടാകും. എന്നെങ്കിലും നേരില്‍ കാണണമെന്ന ആഗ്രഹവും അദ്ദേഹം പൂർത്തീകരിക്കുമെന്നാണ് വിചാരിക്കുന്നതെന്നും ഉമ്മ കൂട്ടിച്ചേർത്തു.
'എന്റെ ചികിത്സക്ക് വേണ്ടി പൈസ തന്ന് സഹായിച്ച യൂസഫലി സാറിനോട് ഒരുപാട് നന്ദിയുണ്ട്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അദ്ദേഹത്തിന്റെ അള്ളാവും ആഫിയത്തോടെയുള്ള ദീർഘായുസ്സ് നല്‍കട്ടെ. എന്നെങ്കിലും എനിക്ക് അദ്ദേഹത്തെ കാണണമെന്ന ആഗ്രഹമുണ്ട്. പടച്ചവനായിട്ടാണ് അദ്ദേഹത്തെ എന്റെ അരികിലേക്ക് എത്തിച്ചത്' എന്ന് സഫ്വാനും പറയുന്നു.












Click it and Unblock the Notifications