കോട്ടയത്തിന് പിന്നാലെ ലുലു കൊല്ലത്തും; പുതുവത്സര സമ്മാനം, ഉദ്ഘാടനം ഉടന്‍: നിരവധി തൊഴില്‍ സാധ്യതകള്‍
ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ മാള്‍ കോട്ടയത്ത് തുറക്കാന്‍ പോകുകയാണ്. എംസി റോഡിന് സമീപം മണിപ്പുഴയില്‍ നിർമ്മച്ച മാള്‍ ഈ മാസം 14 ന് ഉദ്ഘാടനം ചെയ്യും. ഇതോടെ കേരളത്തില്‍ ലുലു മാള്‍ പ്രവർത്തിക്കുന്ന അഞ്ചാമത്തെ നഗരമായി കോട്ടയം മാറും. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവില്‍ കേരളത്തില്‍ ലുലു മാള്‍ പ്രവത്തിക്കുന്നത്.
കോട്ടയം മാള്‍ തുറക്കുന്നതിന് പിന്നാലെ സംസ്ഥാനെ മറ്റൊരു സംരഭത്തിന്റെ ഉദ്ഘാടനത്തിനും ലുലു ഒരുങ്ങുകയാണ്. കൊല്ലം ജില്ലയിലേക്കാണ് ലുലു അടുത്തതായി കാല്‍വെക്കുന്നത്. കൊട്ടിയത്ത് ആരംഭിക്കുന്ന ലുലു ഡെയ്‌ലിയുടെ അപ്ഡേറ്റുകള്‍ ലുലു ഗ്രൂപ്പ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടു കഴിഞ്ഞു. ഉദ്ഘാടന തിയതി ഉടന്‍ അറിയിക്കും. പുതുവത്സര സമ്മാനമായി ലുലു ഡെയ്‌ലി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലുലു ഹൈപ്പർ മാർക്കറ്റിന്റെ ആധുനിക പതിപ്പായ ലുലു ഡെയ്‌ലി കൊല്ലത്തെ ഡ്രീംസ് മാളിലാണ് ആരംഭിക്കുന്നത്. സ്ഥാപനത്തിലേക്കുള്ള ജീവനക്കാരുടെ റിക്രൂട്ട്മെന്റ് ലുലു നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. എങ്കിലും നിരവധി അവസരങ്ങള്‍ ഇനിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരിട്ടും അല്ലാതെയും 500 പേർക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലെ പ്രസ്റ്റീജ് ഫോറം മാളിലായിരുന്നു കേരളത്തിലെ ആദ്യ ലുലു ഡെയ്‌ലി പ്രവർത്തനം ആരംഭിച്ചത്.
ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്‌ലിയില്‍ സജ്ജമാക്കുക. ദൈനംദിന ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിക്കൊപ്പം കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉല്‍പ്പന്നങ്ങള്‍ , ഇറച്ചി, മീന്‍ സ്റ്റാളുകള്‍ എന്നിവയും ലുലു ഒരുക്കും. ഗ്രോസറി, ബേക്കറി സെക്ഷനുകളും പ്രത്യേകം സജ്ജീകരിക്കും. എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 11വരെയായിരിക്കും ലുലു ഡെയ്‌ലി പ്രവര്‍ത്തിക്കുക.
അതേസമയം, പത്തനാപുരത്തേക്ക് ലുലു എത്തിക്കാനുള്ള ശ്രമം സ്ഥലം എം എല്‍ എയും മന്ത്രിയുമായ കെബി ഗണേഷ് കുമാർ ശക്തമാക്കിയിട്ടുണ്ട്. പത്തനാപുരത്ത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനുള്ള സാധ്യതകള്‍ തേടുകയാമെന്ന് മന്ത്രി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ലുലു ഗ്രൂപ്പുമായി ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു.
'ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. 98 ശതമാനവും ഇത് വിജയകരമാകാനാണ് സാധ്യത. ആദ്യം അവര്‍ വന്നു. ചില പരിമിതികളുണ്ട് എന്ന് പറഞ്ഞ് അവര്‍ പോയി. പക്ഷെ നമുക്ക് അതൊന്നും ചെയ്യാന്‍ പറ്റാത്ത പരിമിതിയാണ്. അതിന്റെ ഉയരം കൂട്ടാന്‍ പറ്റില്ല. ഉയരം കുറവാണ് എന്ന് പറഞ്ഞു. പക്ഷെ മറ്റൊരു വിധത്തില്‍ ചെയ്യാം എന്ന് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു.' എന്നായിരുന്നു ഗണേഷ് കുമാറിന്റെ വാക്കുകള്‍.
പത്തനാപുരം പഞ്ചായത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്ന സെന്‍ട്രല്‍ മാളിലേക്ക് ലുലു ഹൈപ്പർമാർക്കറ്റ് കൊണ്ടുവരാനാണ് ഗണേഷ് കുമാറിന്റെ ശ്രമം. വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് സെന്‍ട്രല്‍ മാളിനുള്ളില്‍ വന്നു കഴിഞ്ഞാല്‍ മറ്റ് കച്ചവടക്കാര്‍ക്കും ഗുണം ചെയ്യും. ഷോപ്പിംഗ് കോംപ്ലക്‌സ് വലിയ വിജയമായി മാറുകയും ചെയ്യും. മോഹന്‍ലാലിന്റെ ആശിര്‍വാദിന്റെ മൂന്ന് തിയേറ്ററുകള്‍ അതിനുള്ളില്‍ വരാനിരിക്കുകയാണ്. കെട്ടിടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്ന മുറയ്ക്ക് തിയേറ്ററും തുറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications