ലുലു ഗ്രൂപ്പ് മറ്റൊരു സംസ്ഥാനത്ത് കൂടി മാസ് എൻട്രിക്കൊരുങ്ങുന്നു; ഹൈപ്പർമാർക്കറ്റ് മാത്രമല്ല, വമ്പൻ പദ്ധതി
കേരളം കൂടാതെ കർണാടക, ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ലുലു ഗ്രൂപ്പിന് നിക്ഷേപങ്ങളുള്ളത്. ഇപ്പോഴിത മറ്റൊരു സംസ്ഥാനത്ത് കൂടി മാസ് എൻട്രി നടത്താനുള്ള തയ്യാറെടുപ്പിലാണ് ലുലു. മറ്റെവിടേയുമല്ല, ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ. ലുലുവിനെ മുഖ്യമന്ത്രി മോഹൻ യാദവ് തന്നെയാണ് സംസ്ഥാനത്തേക്ക് ക്ഷണിച്ചിരിക്കുന്നത്.
'ഗ്ലോബൽ ഡയലോഗ് 2025' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാങ്കേതിക വിദ്യ പങ്കിടുന്നത് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായി നടത്തുന്ന ദുബായ് സന്ദർശനത്തിനിടെയാണ് സംസ്ഥാനത്തേക്ക് ലുലുവിനെ എത്തിക്കാനുള്ള നീക്കങ്ങൾക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചത്. മോഹൻ യാദവ് ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ഡയറക്ടർ സലിം എംഎയുമായി പുതിയ സാധ്യതകൾ സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് നിക്ഷേപ സാധ്യതകൾ അദ്ദേഹം ആരാഞ്ഞു.

മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ കാലത്ത് സംസ്ഥാനത്തേക്ക് ലുലുവിനെ ക്ഷണിച്ചിരുന്നു. ഇൻഡോറിൽ ഒരു ഭക്ഷ്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും പുരോഗമിച്ചിരുന്നു. എന്നാൽ പിന്നീട് ചർച്ചകളിൽ പുരോഗതി ഉണ്ടായിരുന്നില്ല.എന്നാൽ പുതിയ ചർച്ചയിൽ ലുലു ഗ്രൂപ്പിന് മുൻപിൽ നിരവധി പദ്ധതികളാണ് സംസ്ഥാനം അവതരിപ്പിച്ചിരിക്കുന്നത്. അതിൽ പ്രധാനം നടക്കാതെ പോയ ആധുനിക ഭക്ഷ്യ കാർഷിക സംസ്കരണ കേന്ദ്രം തന്നെയാണ്. പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യജ്ഞനങ്ങൾ, ധാന്യങ്ങൾ എന്നിവയെ ആഗോള വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സംസ്ഥാനം മുന്നോട്ട് വെയ്ക്കുന്നത്.
മറ്റൊന്ന് ലോജിസ്റ്റിക് , കോൾഡ് ചെയിൻ ഇൻഫ്രാസ്ട്രക്ചർ മേഖലയിലുള്ള സഹകരമാണ് മധ്യപ്രദേശ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (MPIDC), മധ്യപ്രദേശ് അഗ്രോ സ്ഥാപനങ്ങൾ ലുലു ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കൂടാതെ ഭോപ്പാൽ, ഇൻഡോർ, ഗ്വാളിയോർ, ജബൽപൂർ തുടങ്ങി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ആധുനിക ഔട്ട് ലെറ്റുകളും ഹൈപ്പർമാർക്കറ്റുകളും സ്ഥാപിക്കാനുള്ള ക്ഷണവും ലുലു ഗ്രൂപ്പിന് മുൻപിൽ ബിജെപി സർക്കാർ വെച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലേക്ക്
ആന്ധ്രപ്രദേശിലെ നിക്ഷേപ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് നിലവിൽ ലുലു ഗ്രൂപ്പ്. നേരത്തേ ജഗൻമോഹൻ റെഡ്ഡി സർക്കാരിന്റെ കാലത്ത് ആന്ധ്രാ സർക്കാരും ലുലു ഗ്രൂപ്പും തമ്മിൽ വമ്പൻ പദ്ധതികൾക്കുള്ള ചർച്ചകൾ നടന്നിരുന്നു. എന്നാൽ പിന്നൂട് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം ചന്ദ്രബാബു നായിഡു സർക്കാർ അധികാരത്തിലേറിയതോടെ വീണ്ടും ലുലുവിനെ ക്ഷണിച്ച് രംഗത്തെത്തി.
4000 കോടിയുടെ നിക്ഷേപ പദ്ധതികളാണ് രണ്ടാം വരവിൽ സംസ്ഥാനത്തിന് വേണ്ടി ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചത്. വിശാഖപട്ടണത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വമ്പൻ ഷോപ്പിങ് മാളാണ് പദ്ധതികളിലൊന്ന്. ഇതിനായി നായിഡു സർക്കാർ 13.43 ഏക്കർ ഭൂമി ഗ്രൂപ്പിന് അനുവദിച്ചിട്ടുണ്ട്. ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിങ് മാളാണ് ലുലു ഇവിടെ ആരംഭിക്കുക. രാജ്യാന്തര ബ്രാന്‍ഡുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, 8-സ്‌ക്രീന്‍ ഐമാക്‌സ് സിനിമ, വിശാലമേറിയ ഫുഡ്‌കോര്‍ട്ട്, ബഹുനില പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങളോട് കൂടിയുള്ളതായിരിക്കും പാർക്ക്. ഇത് കൂടാതെ ആന്ധ്പയുടെ തലസ്ഥാനമായ അമരാവതിയിലും തിരുപ്പതിയിലും ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും ആരംഭിക്കും.
കേരളത്തിൽ ഇനി മലപ്പുറത്ത്
കോട്ടയം ,തൃശൂർ മാളുകൾക്ക് പിന്നാലെ മലപ്പുറത്താണ് ലുലു ഗ്രൂപ്പിന്റെ പുതിയ മാളുകൾ ഒരുങ്ങുന്നത്. പെരിന്തല്‍മണ്ണ, തിരൂർ എന്നിവിടങ്ങളിലായി രണ്ട് മാളുകളാണ് ലുലു ഗ്രൂപ്പ് നിർമ്മിക്കുന്നത്. മാളുകളുടെ നിർമ്മാണ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. ഈ വർഷം അവസാനത്തോടെ മാളുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications