'എംഎ യൂസഫലിയുടെ പടം, മാസം 30000 രൂപ ശമ്പളം': ലുലു ഗ്രൂപ്പിലേക്കെന്ന പേരില്‍ ജോലി തട്ടിപ്പ്, പണം നഷ്ടമായി
തിരുവനന്തപുരം: നാട്ടിലേയും വിദേശത്തേയും തങ്ങളുടെ നിരവധി സ്ഥാപനങ്ങളിലേക്ക് സ്വന്തമായി സ്ഥാപനം നടത്തുന്ന പ്രമുഖ വ്യവസായ ഗ്രൂപ്പാണ് ലുലു. തങ്ങള്‍ക്ക് വേണ്ട ഏതൊരു തൊഴിലാളിയേയും നേരിട്ട് അഭിമുഖം നടത്തിയാണ് ലുലു ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ലുലു ഗ്രൂപ്പിന്റെ പേരിലുള്ള തൊഴില്‍ തട്ടിപ്പ് വളരെ കുറവാണ്. എന്നാല്‍ ഇതേ സംബന്ധിച്ച് കൂടുതല്‍ അറിവില്ലാത്ത ചിലരെങ്കിലും ഇപ്പോഴും തൊഴില്‍ തട്ടിപ്പുകള്‍ക്ക് വിധേയമാകാറുണ്ട്. അത്തരം ഒരു തട്ടിപ്പിന്റെ വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
എംഎ യൂസഫലിയുടെ പേരിൽ ലുലു ഗ്രൂപ്പിലേക്ക് തൊഴില്‍ റിക്രൂട്ട്മെന്റ് എന്ന തരത്തിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. . മാരാമൺ സ്വദേശിയായ ഷാജി സൈമൺ എന്നയാളാണ് തട്ടിപ്പ് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. ഫെയിസ്ബുക്കില്‍ എംഎ യൂസഫലിയുടെ പടം ചേർത്തുകൊണ്ടുള്ള ജോലി സംബന്ധിച്ച അറിയിപ്പില്‍ പ്രതിമാസം 30000 രൂപയായിരുന്നു വാഗ്ധാനം.ഇതുകണ്ട ഷാജി സൈമണ്‍ പടത്തോടൊപ്പം ചേർത്ത ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് എത്തിയത്. ജോലി സംബന്ധിച്ച വിശദമായ വിവരങ്ങള്‍ അവിടെയുണ്ടായിരുന്നു.

ഗ്രൂപ്പില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഹിന്ദിയിലായിരുന്നു സംഭാഷണം. ലുലു ഗ്രൂപ്പിന് പകരം നടരാജ് പെൻസിൽ കമ്പനിയിലേക്കാണ് ജോലി ഒഴിവെന്നും താത്പര്യമുണ്ടോ എന്നായിരുന്നു ചോദ്യം. താത്പര്യമുണ്ടെങ്കിൽ രജിസ്ട്രേഷൻ ഫീസായി 750രൂപ അടയ്ക്കണമെന്നും നിർദേശം ഉണ്ടായിരുന്നു. ഇതോടൊപ്പം തന്നെ പണമടയ്ക്കേണ്ട അക്കൗണ്ട് നമ്പർ വാട്സ്ആപ്പിൽ സന്ദേശമായി അയക്കുകയും ചെയ്തു.
ഒരു ജോലി അതിയായി ആഗ്രഹിച്ച യുവാവ് ഗൂഗിൾ പേ വഴി പണം യുവാവ് നൽകുകയും ചെയ്തു. പിന്നീട് മറുപടിയൊന്നും ലഭിക്കാതായതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. ഇതോടെ ഷാജി സൈമർ പരാതിയുമായി പൊലീസിനെ സമീപിച്ചു. പരാതി നൽകിയ വിവരം അറിഞ്ഞതോടെ പോസ്റ്റ് പങ്കുവെച്ച ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. യുസഫലിയുടെ ചിത്രം കണ്ടതിനാലാണ് ജോലിക്കായി അപേക്ഷിക്കാൻ തയ്യാറായതെന്നാണ് ഷാജി പറയുന്നത്. അതേസമയം നിരവധി ആളുകള്‍ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications